ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്ത് ഉൾപ്പടെയുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് രാഷ്ട്രീയ പാർട്ടികൾ. സ്ഥാനാർത്ഥികൾ അനൗദ്യോഗിക ധാരണയായ വാർഡുകളിൽ ബി.ജെ.പിയാണ് ചുവരെഴുത്തിന് തുടക്കമിട്ടിരിക്കുന്നത്. മത്സരാർത്ഥിയുടെ പേരൊഴികെ, ചിഹ്നം ഉൾപ്പടെ വരച്ചാണ് ചുവരെഴുത്ത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏത് നിമിഷവും വരാമെന്നിരിക്കെ ഇടത്, വലത് മുന്നണികളിൽ സീറ്റ് ധാരണ പൂർത്തിയായി വരുന്നു.
യു.ഡി.എഫ്
യു.ഡി.എഫിൽ ഘടകകക്ഷികളുമായുള്ള മാരത്തോൺ ചർച്ചകൾ പുരോഗമിക്കുകയാണ്. ധാരണയായ സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിച്ച് അനൗപചാരിക പ്രചരണം നടത്തുന്നുണ്ട്. വാർഡ് തലത്തിൽ നിന്ന് ഏകകണ്ഠേന തീരുമാനിച്ച സീറ്റുകളിലാണ് സ്ഥാനാർത്ഥികൾ ജനങ്ങളിലേക്ക് എത്തിത്തുടങ്ങിയത്. വാർഡ് കമ്മിറ്റികളിൽ തർക്കമുണ്ടായതും,ഒന്നിലേറെ പേരുകൾ ഉയർന്ന സീറ്റുകളിലെയും സ്ഥാനാർത്ഥിയെ നിയോജകമണ്ഡലം കോർ കമ്മിറ്റി ചേർന്നാവും നിശ്ചയിക്കുക. പരമാവധി സമവായത്തിൽ മുന്നോട്ട് പോയി വിമത നീക്കം തടയുകയാണ് ലക്ഷ്യം.യൂത്ത് കോൺഗ്രസും കെ.എസ്.യുവും കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി.പ്രവീൺ ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എൽ.ഡി.എഫ്
സി.പി.എമ്മിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ ഏറെക്കുറെ ധാരണയായിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് കൈമാറുന്ന പേരുകൾ കീഴ്ഘടകങ്ങൾ അംഗീകരിക്കേണ്ടതുണ്ട്. നഗരസഭകളിലടക്കം രണ്ട് തവണ മത്സരിച്ചവരെ വീണ്ടും രംഗത്തിറക്കുന്നത് പരിഗണിക്കുന്നുണ്ട്. ആലപ്പുഴ നഗരസഭയിലടക്കം അദ്ധ്യക്ഷ സ്ഥാനം വനിതാ സംവരണമായതോടെയാണ് നീക്കം. ജില്ലാ കമ്മിറ്റിയാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. മൂന്ന് തവണ തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്നാണ് സി.പി.ഐ തീരുമാനം.
എൻ.ഡി.എ
ജില്ലയിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിലും, പ്രചരണത്തിലേക്ക് കടക്കുന്നതിലും എൻ.ഡി.എ ഒരുപടി മുന്നിലാണ്. കാര്യമായ പ്രശ്നങ്ങളില്ലാതെയാണ് സ്ഥാനാർത്ഥി നിർണയം നടന്നത്. പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായി നിലവിലെ ചില ജനപ്രതിനിധികൾക്ക് അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. എങ്കിലും കാര്യമായ വിമർശനങ്ങൾ ഉയരാതെ രമ്യമായാണ് സീറ്റ് ധാരണ പുരോഗമിക്കുന്നത്. മൂന്ന് പേരുകൾ വീതമുള്ള പാനലുകൾ തയാറാക്കി, അതിൽ നിന്നാണ് സ്ഥാനാർത്ഥി നിർണയ പ്രക്രിയ നടക്കുന്നത്. ജില്ലാതലത്തിലാണ് അന്തിമതീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |