പാളയം മാർക്കറ്റിൽ നിന്നും ന്യൂ പാളയത്തേക്ക് മാറേണ്ടത് 153 കച്ചവടക്കാർ
മാറിയത് 40 ഓളം പേർ മാത്രം
കോഴിക്കോട്: അന്താരാഷ്ട്രനിലവാരമുള്ള പുതിയ മാർക്കറ്റിനോട് നോ പറയുകയാണ് കോഴിക്കോട്ടെ വ്യാപാരികൾ.
നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ ന്യൂ പാളയം കല്ലുത്താൻകടവ് മാർക്കറ്റിൽ പ്രവേശിക്കാൻ വ്യാപാരികൾ മടിക്കുകയാണ്. വാടകവർദ്ധനവും സൗകര്യങ്ങളുടെ അപര്യാപ്തതയും മറ്റുമാണ് അവർ ചൂണ്ടികാട്ടുന്നത്. കച്ചവടക്കാർ വന്നാലും പ്രവർത്തന സജ്ജമാകാൻ ഡിസംബർ അവസാനം വരെ കാത്തിരിക്കേണ്ടി വരും. എന്നാൽ പാളയത്ത് സ്ക്വയർഫീറ്റിന് വാങ്ങുന്ന ശരാശരി വാടകയേക്കാൾ കുറവാണ് പുതിയ മാർക്കറ്റിൽ വാങ്ങുന്നതെന്നാണ് അധികൃതരുടെ വാദം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലവിലുള്ള ഭരണസമിതിക്ക് ഇനി ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിയാണ്. നിലവിൽ കെട്ടിടത്തിൽ 10 ശതമാനം പണികൾ മാത്രമാണ് പൂർത്തിയാക്കാനുള്ളത്. താഴ്ന്ന നിലയിലെ പണികൾ മാത്രമാണ് നിലവിൽ പൂർണമായും പൂർത്തീകരിച്ചത്. 35 വർഷത്തേക്ക് കാപ്കോൺ ബിൽഡേഴ്സിനാണ് മാർക്കറ്റിൻറെ നടത്തിപ്പ് ചുമതല. കല്ലുത്താൻകടവ് മാർക്കറ്റ് 21 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.
മാറാതിരിക്കാനുള്ള കാരണം
പാളയത്തു തന്നെ തുടരുമെന്നാണ് ഭൂരിഭാഗം കച്ചവടക്കാരും തൊഴിലാളികളും പറയുന്നത്. പാളയത്ത് തുറന്ന വ്യാപാര സംവിധാനമാണ്. ഇരട്ടിയലധികം വാടകയും റോഡിന്റെ സൗകര്യക്കുറവുമെല്ലാം കച്ചവടത്തെ ബാധിക്കും. ഹോൾസെയിൽ മാർക്കറ്റിംഗിനായി ഏർപ്പെടുത്തിയ മെഷീൻ സംവിധാനങ്ങളിൽ നിലച്ചാൽ പച്ചക്കറി വിൽപനയെ ബാധിക്കും. റീട്ടെയിൽ കച്ചവടക്കാർക്ക് നറുക്കെടുപ്പിൽ മുകളിലെ മുകളിലെ മുറിയാണ് കിട്ടിയത്. അതുകൊണ്ടുതന്നെ പ്രതീക്ഷിക്കുന്ന കച്ചവടം കിട്ടില്ലെന്നാണ് അവരുടെ പരാതി.
പൂർത്തീകരിക്കാനുള്ള പ്രവൃത്തി
ശുചിത്വം കണക്കിലെടുത്ത് പഴം പഴുപ്പിക്കുന്ന റീട്ടേയിൽ കടകൾക്കായി പ്രത്യേകം മുറികൾ സജ്ജമാക്കണം. സാധനങ്ങൾ എത്തിക്കുന്ന ചരക്കും വാഹനങ്ങൾക്കും മാർക്കറ്റിൽ എത്തുന്ന മറ്റുവാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യമൊരുക്കുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്. ഇവ കൂടി സജ്ജമായാൽ പുതിയ മാർക്കറ്റ് പൂർണമായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കൂ. അതേസമയം റാംപുകളുടെയും ലിഫ്റ്റുകളുടേയും സ്റ്റെയറുകളുടെയും നിർമാണം പൂർത്തികരിച്ചിട്ടുണ്ട്.
''തൊഴിലാളികളുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് സ്‌ക്വയർഫീറ്റിനു 80 രൂപ തോതിലാണ് കച്ചവടക്കാരിൽ നിന്നും വാടക ഈടാക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. രണ്ട് വർഷത്തേക്ക് വാടക വർദ്ധനവുമില്ല"
അലി, മാനേജിംഗ് ഡയറക്ടർ കാപ്കോൺ
''കാര്യങ്ങൾ കോർപറേഷനെ അറിയിച്ചിട്ടുണ്ട്. അവർ മറുപടി നൽകിയിട്ടില്ല. അനുകൂല നിലപാട് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായാൽ മാത്രമെ മാറുന്ന കാര്യം ആലോചിക്കുകയുള്ളു. ഈ വിഷയത്തിൽ പ്രതിഷേധമായി മുന്നോട്ടു പോകും" പി.കെ കൃഷ്ണദാസ്, വെജിറ്റബിൾ മാർക്കറ്റ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |