കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള വന്ദേഭാരത് സർവീസ് റെയിൽവെ ആരംഭിച്ചത്. ഇതോടെ യാത്രക്കാരുടെ വലിയ ബുദ്ധിമുട്ടിനാണ് പരിഹാരം ഉണ്ടായിരിക്കുന്നത്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ളവർക്ക് ഈ സർവീസ് അനുഗ്രഹമാണ്. പുതിയ വന്ദേഭാരത് വന്നതിൽ ബംഗളൂരു മലയാളികൾ സന്തോഷിക്കുമ്പോൾ ചെന്നൈയിൽ നിന്ന് കേരള റൂട്ടിലേക്കുള്ള വന്ദേഭാരതിന്റെ കാത്തിരിപ്പ് നീളുകയാണ്.
വന്ദേഭാരത് പോലുള്ള സർവീസുകളിൽ നിന്ന് ചെന്നൈയെ തഴയുന്നതിൽ യാത്രക്കാർക്കിടയിലും അമർഷമുണ്ട്. ചെന്നൈ-കോട്ടയം റൂട്ടിൽ വന്ദേഭാരത് സ്‌പെഷ്യൽ വിജയകരമായാണ് സർവീസ് നടത്തിയത്. അങ്ങനെയിരിക്കെ പുതിയ സർവീസ് ആരംഭിക്കാത്തത് എന്താണെന്ന് ചോദിക്കുകയാണ് യാത്രക്കാർ. കേരളത്തിൽ നിന്ന് ബംഗളൂരു പോലെ തിരക്കുള്ള റൂട്ടുകളിൽ ഒന്നാണ് ചെന്നൈ. ചെന്നൈയിലേക്കുള്ള ഒരു സർവീസ് കൂടെ ആരംഭിച്ചാൽ മലയാളികൾക്ക് അനുഗ്രഹമാണ്.
ചെന്നൈയിൽ നിന്ന് ബംഗളൂരു വഴി എറണാകുളത്തേക്ക് സർവീസ് നടത്തിനായിരുന്നു റെയിൽവെ ആദ്യം പദ്ധതിയിട്ടത്. എന്നാൽ എന്തൊക്കെയോ കാരണത്താൽ ഈ പദ്ധതി ഉപേക്ഷിക്കുകയും ബംഗളൂരു-എറണാകുളം ട്രെയിൻ പ്രഖ്യാപിക്കുകയായിരുന്നു. 2023ലെ ശബരിമല സീസണിൽ ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കും തിരിച്ചുമായി എട്ട് വന്ദേഭാരത് സ്‌പെഷ്യൽ സർവീസുകളായി നടത്തിയിരുന്നു. ചെന്നൈയിൽ നിന്ന് പുലർച്ചെ 4.30ന് പുറപ്പെട്ട് വൈകിട്ട് 4.15ന് കോട്ടയത്ത് എത്തുന്ന ട്രെയിനും മടക്ക സർവീസിനായി പുലർച്ചെ 4.40ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് വൈകിട്ട് 5.15ന് ചെന്നൈയിലെത്തുന്ന ട്രെയിനുകളാണ് ഉണ്ടായിരുന്നത്.
കേരളത്തിൽ എറണാകുളം, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുണ്ടായിരുന്നത്. അതുകൊണ്ട് ശബരിമല തീർത്ഥാടകർക്ക് പുറമെ മറ്റ് യാത്രക്കാർക്കും ഏറെ പ്രയോജനപ്പെട്ടിരുന്നു. കൂടാതെ 2023ലെ ക്രിസ്മസ് സമയത്ത് തിരക്ക് കണക്കിലെടുത്ത് ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്കും സ്‌പെഷ്യൽ സർവീസ് നടത്തിയിരുന്നു. ഈ രണ്ട് സർവീസുകളും വിജയിച്ചതോടെ സ്ഥിരം സർവീസ് നടത്തിയേക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇതേക്കുറിച്ചുള്ള ചർച്ചകൾ പിന്നീട് നടന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |