
ഈ കാലഘട്ടത്തിൽ ഇയർഫോണുകൾ ഉപയോഗിക്കാത്തവർ വളരെ കുറവാണ്. പാട്ട് കേൾക്കാനും വീഡിയോ കാണാനും ഫോൺ ചെയ്യാനുമെല്ലാം ഇയർഫോണിന്റെ സഹായം തേടുന്നു. എന്നാൽ ഇത്തരത്തിൽ ഇയർഫോൺ ഉപയോഗിച്ച യുവതിക്ക് ഉണ്ടായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
രണ്ട് - മൂന്ന് വർഷം തുടർച്ചയായി ഇയർഫോൺ ഉപയോഗിച്ചതിനാൽ തനിക്ക് ചെവിയിൽ അണുബാധയുണ്ടായതായി യുവതി പറയുന്നു. ചെവിയിൽ എന്തോ ശബ്ദം കേൾക്കാൻ തുടങ്ങിയതോടെയാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. കൂടുതൽ പരിശോധനയിലാണ് ചെവിയിൽ പഴുപ്പ് അടിഞ്ഞുകൂടിയതായും ഇത് അണുബാധയ്ക്ക് കാരണമായതായും കണ്ടെത്തിയത്.
'രണ്ട് - മൂന്ന് വർഷത്തെ തുടർച്ചയായ ഇയർഫോൺ ഉപയോഗം ഒടുവിൽ എനിക്ക് ഇത്രയും വലിയ നഷ്ടം വരുത്തിവച്ചു. ഉറങ്ങുമ്പോൾ പോലും ഞാൻ ഇയർഫോൺ ഉപയോഗിക്കാറുണ്ട്. ഒരു ദിവസം ഏകദേശം 10-12 മണിക്കൂർ അത് ഞാൻ ഉപയോഗിക്കും. കഴിഞ്ഞ രണ്ട് ദിവസമായി എന്റെ ചെവിയിൽ ഒരു ശബ്ദം കേട്ടിരുന്നു. ഒരു ചെവിയിൽ കേൾവി കുറവ് പോലെ തോന്നി. തുടർന്ന് ഇന്ന് ഞാൻ ഡോക്ടറെ കാണിച്ചപ്പോൾ ചെവിയിൽ പഴുപ്പ് അടിഞ്ഞുകൂടിയതായി കണ്ടെത്തി. ദയവായി സൂക്ഷിക്കുക. വളരെ വെെകുന്നതിന് മുൻപ് നിങ്ങളുടെ ചെവികൾ സംരക്ഷിക്കുക'- യുവതി എക്സ് പോസ്റ്റിൽ കുറിച്ചു.

അതേസമയം, നൂറു കോടിയോളം കൗമാരക്കാരെയും യുവാക്കളെയും കേൾവിപ്രശ്നം ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. അമിത ഇയർഫോൺ ഉപയോഗമാണ് അതിന് പ്രധാന കാരണം. ഇടവേളയില്ലാത്ത ഉപയോഗം ചെവിക്കുള്ളിലെ നാഡികൾക്ക് തകരാറുണ്ടാക്കും. കൂടാതെ ചെവിക്കുള്ളിലെ ഈർപ്പവും അണുബാധയുമുണ്ടാകുമെന്നും ഡോക്ടർമാർ പറയുന്നു. യുവാക്കളായ ഐടി ഉദ്യോഗസ്ഥരുൾപ്പെടെ ജോലിയുടെ ഭാഗമായും കുട്ടികൾ പഠനത്തിന്റെയും വിനോദത്തിന്റെയും ഭാഗമായും ദീർഘനേരം ഇയർഫോൺ ഉപയോഗിക്കാറുണ്ട്. കുട്ടികൾക്ക് മുതിർന്നവരേക്കാൾ കൂടുതൽ പ്രശ്നമുണ്ടാക്കും. പ്രധാനമായും ഇത് പഠനത്തെയാണ് ബാധിക്കുന്നതെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |