
തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിക്കാതെയും യു.ജി.സി ചട്ടങ്ങൾ ലംഘിച്ചും നടത്തിയ ആർട്ട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽമാരുടെ സർക്കാർ നിയമനങ്ങൾ കോടതി മരവിപ്പിച്ചു. ജസ്റ്റീസ് പി.വി.ആശ, കെ.പ്രദീപ് കുമാർ എന്നിവരുൾപ്പെട്ട കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണൽ ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്.
2022ൽ സെർച്ച് കമ്മറ്റി യു.ജി.സി ചട്ടങ്ങളനുസരിച്ച് തിരഞ്ഞെടുത്ത 110 അപേക്ഷകരിൽ 36 പേർക്ക് മാത്രമാണ് നിയമനം നൽകിയത്. പിന്നീട് ബാക്കിയുളളവർ ട്രൈബൂണലിനെ സമീപിച്ചപ്പോൾ ട്രൈബൂണൽ ഉത്തരവ് പ്രകാരം കുറച്ച് പേരെ കൂടി നിയമിച്ചു. ഇതിനിടെ ഇഷ്ടക്കാരെ തിരികി കയറ്റാൻ യു.ജി.സി ചട്ടങ്ങൾ ലഘൂകരിച്ച് സെർച്ച് കമ്മറ്റിയെ കൊണ്ട് ചിലരെ തെരഞ്ഞെടുത്തു. ഇതിനെതിരെ 2022ൽ സെലക്ഷൻ ലഭിച്ചവർ വീണ്ടും കോടതിയെ സമീപിച്ചപ്പോൾ കോടതി സർക്കാരിന്റെ നിലവിലെ ലിസ്റ്റ് റദ്ദാക്കി. യു.ജി.സി ചട്ടങ്ങൾ പാലിച്ച് സെലക്ഷൻ കമ്മറ്റി ഉണ്ടാക്കാനും 2022ൽ യു.ജി.സി ചട്ടം പാലിച്ച് സെലക്ഷൻ നടത്തിയ 110 പേരിൽ നിയമനം ലഭിക്കാത്തവരിൽ നിന്ന് പുതിയ നിയമനം നടത്താനും ട്രൈബൂണൽ നേരത്തെ സർക്കാരിന് നിർദ്ദേശം നൽകി.
യു.ജി.സി ചട്ടപ്രകാരം യു.ജി.സി കെയർ ലിസ്റ്റിലോ സമാന റിവ്യൂവിലോ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുളളവരെയാണ് പ്രിൻസിപ്പൽ തസ്തികയിലേക്ക് പരിഗണിക്കുക. ഇതിന് വിരുദ്ധമായി കോളേജ് മാഗസിനുകളിലടക്കം പ്രബന്ധം എഴുതിയവരെപ്പോലും പരിഗണിക്കാൻ ചട്ടങ്ങൾ സർക്കാർ ലഘൂകരിച്ചു. മാത്രമല്ല ഡെപ്യൂട്ടേഷൻ പരിഗണിച്ചിരുന്നത് യു.ജി. സി ചട്ട പ്രകാരം അധ്യാപനത്തിന് മാത്രമായിരുന്നത് മറ്റ് മേഖലകളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തവരെയും ഉൾപ്പെടുത്തി. ഇവയുടെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ നിയമന പട്ടികയാണ് കോടതി മരവിപ്പിച്ചത്. ഹർജിക്കാർക്കുവേണ്ടി എം.ഫത്തഹുദ്ദീൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |