
ന്യൂഡൽഹി: ചെങ്കോട്ടയിൽ നടന്നത് ചാവേർ ആക്രമണമെന്ന് ഡൽഹി പൊലീസ്. സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ച ഡോക്‌ടർ ഉമർ മുഹമ്മദിന്റെ കാശ്‌മീരിലെ വീട്ടിൽ അന്വേഷണ സംഘമെത്തി. ഉമറിന്റെ അമ്മയെയും സഹോദരനെയും കസ്‌റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് ഉമറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനാണ് പൊലീസ് ശ്രമിക്കുന്നത്.
ഉമറിന് ഏതെങ്കിലും ഭീകരസംഘങ്ങളുമായി ബന്ധമുള്ളതായി കുടുംബത്തിന് അറിയില്ലെന്നും വീട്ടിൽ ശാന്ത സ്വഭാവക്കാരൻ ആയിരുന്നെന്നുമാണ് സഹോദരന്റെ ഭാര്യ പ്രതികരിച്ചത്. 'കുടുംബം വളരെ കഷ്ടപ്പെട്ടാണ് പഠിപ്പിച്ച് ഡോക്‌ടർ ആക്കിയത്. കേൾക്കുന്ന വാർത്തകൾ അവിശ്വസനീയമാണ്. വീട്ടിൽ ശാന്ത സ്വഭാവക്കാരനായിരുന്നു. രണ്ടു മാസം മുൻപാണ് ഉമറിനെ അവസാനമായി കണ്ടത്. മൂന്നു ദിവസം മുൻപ് വെള്ളിയാഴ്ച വീട്ടിലേക്ക് വിളിച്ചിരുന്നു' - സഹോദരന്റെ ഭാര്യ പറഞ്ഞു.
ഫരീദാബാദ് ഭീകരസംഘം പിടിയിലായതോടെ അവരുടെ കൂട്ടാളിയായ ഡോ. ഉമർ മുഹമ്മദ് ഭീകരാക്രമണം ആസൂത്രണം ചെയ്യുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ അറസ്‌റ്റിലായ ഡോക്ടർമാരിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും കണ്ടെത്തിയിരുന്നു. അന്വേഷണം തന്നിലേക്ക് എത്തുമെന്ന് മനസിലാക്കിയതോടെ പ്രതി തനിക്ക് കഴിയും വിധത്തിലുള്ള നാശനഷ്ടങ്ങളുണ്ടാക്കുകയായിരുന്നെന്നാണ് പൊലീസിന്റെ സംശയം. സംഘത്തിലുള്ളവർ പിടിക്കപ്പെടുമ്പോൾ സാധാരണയായി ഭീകരർ പ്രവർത്തിക്കുന്നത് ഈ രീതിയിലാണെന്നും അന്വേഷണസംഘം പറയുന്നു.
നിലവിൽ കസ്‌റ്റഡിയിലുള്ള ഡോക്‌ടർമാർക്ക് പുറമെ മറ്റാരെങ്കിലും സംഘത്തിലുണ്ടോ എന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 'വൈറ്റ് കോളർ ടെറർ മൊഡ്യൂൾ' എന്ന തരത്തിൽ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ് ഉയർന്ന ജോലികൾ ചെയ്യുന്ന ചെറുപ്പക്കാരെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിച്ച് വലിയൊരു ശൃംഖല ഉണ്ടാക്കാനുള്ള ശ്രമം തീവ്രവാദസംഘങ്ങൾ നടത്തുന്നുണ്ട്. ഇവർക്ക് ഐഇഡി (റോഡ് സൈഡ് ബോംബ്) ഉൾപ്പെടെയുള്ളവ നിർമ്മിക്കാൻ പരിശീലനം നൽകുന്നുണ്ടെന്നും അന്വേഷണ ഏജൻസികൾ പറയുന്നു. നിലവിൽ, രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് സുരക്ഷാ സേന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |