
എൻ.സി.ഇ.ആർ.ടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്‌തക വിവാദത്തിൽ
ന്യൂഡൽഹി: ജുഡിഷ്യറിയിലെ അഴിമതി പരാമർശിക്കുന്ന എൻ.സി.ഇ.ആർ.ടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്‌തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. അദ്ധ്യായം തയ്യാറാക്കിയ മൂന്ന് വിദ്യാഭ്യാസ വിദഗ്ദ്ധരെയും ബ്ലാക്‌ലിസ്റ്റ് ചെയ്‌തു. മൈക്കിൾ ഡാനിനോ, സുപർണ ദിവാകർ, അലോക് പ്രസന്നകുമാർ എന്നിവർക്ക് ജുഡിഷ്യറിയെ കുറിച്ച് അടിസ്ഥാന അറിവു പോലുമില്ലെന്ന് നിരീക്ഷിച്ചു. തെറ്രിദ്ധരിപ്പിക്കുന്ന വിവരങ്ങൾ അദ്ധ്യായത്തിൽ ഉൾപ്പെടുത്തി. പൊതുഫണ്ട് ഉൾപ്പെട്ട ഒരു ജോലിയും മൂവരെയും ഇനി ഏൽപ്പിക്കരുതെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിച്ചു. അദ്ധ്യായം മാറ്റിയെഴുതിയെന്ന് എൻ.സി.ഇ.ആർ.ടി ഡയറക്‌ടർ അറിയിച്ചതിലും കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. ആരാണ് മാറ്റിയെഴുതിയെന്നും, പുതിയ അദ്ധ്യായത്തിന് ആരാണ് അംഗീകാരം നൽകിയതെന്നും ഡയറക്‌ടർ വെളിപ്പെടുത്തിയിട്ടില്ല.
നാഷണൽ സിലബസ് ആൻഡ് ടീച്ചിംഗ് കമ്മിറ്റിക്ക് പാഠപുസ്‌തകത്തിലെ ഉള്ളടക്കം പരിശോധനയ്‌ക്ക് കൈമാറണമായിരുന്നു. ആ നടപടിയുണ്ടായില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജുഡിഷ്യറിയെ കുറിച്ചു പഠിപ്പിക്കാനാണെന്ന് എൻ.സി.ഇ.ആർ.ടി പറയുന്നുണ്ടെങ്കിലും ഒരു നിയമവിദഗ്ദ്ധനെ പോലും സമിതിയിൽ അംഗമാക്കിയിട്ടില്ല. ഈസാഹചര്യത്തിൽ റിട്ടയേർഡ് ജഡ്ജി അടങ്ങിയ വിദഗ്ദ്ധസമിതി കേന്ദ്രസർക്കാർ രൂപീകരിക്കണം. സമിതി അംഗീകരിക്കാതെ പുതിയ അദ്ധ്യായം പ്രസിദ്ധീകരിക്കരുതെന്നും നിർദ്ദേശിച്ചു. വിഷയത്തിൽ എൻ.സി.ഇ.ആർ.ടി ഡയറക്‌ടറും, സ്‌കൂൾ വിദ്യാഭ്യാസ സെക്രട്ടറിയും നിരുപാധികം മാപ്പുപറഞ്ഞ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
വെറുതെവിടില്ല
സുപ്രീംകോടതി ഇടപെടലിനെതിരെ സാമൂഹികമാദ്ധ്യമ പോസ്റ്റുകളിട്ടവരെ വെറുതെവിടില്ലെന്നും മൂന്നംഗബെഞ്ച് വ്യക്തമാക്കി. അത്തരം അക്കൗണ്ടുകളെ കണ്ടെത്താൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി. ഉത്തരവാദിത്തമില്ലാത്ത നിലയിലാണ് ചിലർ പോസ്റ്റുകളിട്ടത്. അവരുടെ പൂർണവിവരങ്ങൾ കൈമാറണം. കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. സ്വമേധയാ എടുത്ത കേസാണ് പരിഗണിച്ചത്. കഴിഞ്ഞ ഫെബ്രുവരി 26ന് വിവാദ പാഠപുസ്‌തകം കടുത്ത വിമർശനത്തോടെ സുപ്രീംകോടതി നിരോധിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |