
ആലത്തൂർ: സംസ്ഥാനത്ത് രാസവളം കിട്ടാതെ കർഷകർ വലയുന്നു. കഴിഞ്ഞ രണ്ടുമാസമായി രാസവളങ്ങൾക്ക് വിപണിയിൽ കടുത്ത ക്ഷാമമാണ് നേരിടുന്നത്. മിക്കയിനങ്ങൾക്കും 250 മുതൽ 300 രൂപവരെ വിലയും കൂടി. സംസ്ഥാനത്തേക്ക് കഴിഞ്ഞ രണ്ടുമാസത്തിൽ അനുവദിച്ച 7,270 ടൺ വളം ഉത്പാദക - വിതരണ കമ്പനികൾ എത്തിച്ചിട്ടില്ല. കേന്ദ്ര രാസവളം മന്ത്രാലയം കഴിഞ്ഞ മാസങ്ങളിൽ അനുവദിച്ച വളമാണ് നാളിതപവരെയായും എത്താത്തത്. കഴിഞ്ഞ ആഗസ്റ്റിൽ അനുവദിച്ച 3,650 ടണ്ണും ഒക്ടോബറിൽ അനുവദിച്ച 3,620 ടണ്ണും ഇതിൽ ഉൾപ്പെടുന്നു. ഉത്പാദനവുമായി ബന്ധപ്പെട്ട തടസംമൂലം വളം എത്തിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനി പ്രതിനിധികൾ സംസ്ഥാന കൃഷിവകുപ്പിന് കത്തുനൽകിയിട്ടുണ്ട്. നെല്ലും നാളികേരവുമടക്കമുള്ള വിളകൾക്ക് സംസ്ഥാനത്തെ കർഷകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വളമാണ് യൂറിയ. രണ്ടാംവിള നെൽക്കൃഷി ആരംഭിച്ച പാലക്കാട് അടക്കം ഏറെ വൈകാതെ കർഷകർക്ക് യൂറിയ വൻതോതിൽ ആവശ്യമായി വരും. വളംചെയ്യേണ്ട കാലമാകുന്നതോടെ കൂടിയവില നൽകി വളം വാങ്ങാൻ കർഷകർ നിർബന്ധിതരാകും. യൂറിയയ്ക്ക് പിന്നാലെ പൊട്ടാഷ്, അമോണിയ, ഡിഎപി (ഡൈ അമോണിയം ഫോസ്‌ഫേറ്റ്), കോംപ്ലക്സ് വളങ്ങളായ 16:16:16, 10:26:26, 15:15:15 തുടങ്ങിയവയ്ക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
ഈ സീസണിലെ ആവശ്യത്തിനായി മൊത്തവിതരണക്കാർ, ചില്ലറ വിതരണ ഏജൻസികൾ, സഹകരണബാങ്ക് സംഭരണശാലകൾ എന്നിവിടങ്ങളിൽ വളംവാങ്ങി സ്റ്റോക്ക് ചെയ്യേണ്ട സമയമാണിത്. കൂടാതെ വിവിധ ജില്ലകളിലായി പ്രവർത്തിച്ചുവരുന്ന 52 ചെറുകിട മിശ്രിതവളം നിർമ്മാണയൂണിറ്റുകൾക്കും റാബി നെൽക്കൃഷി സീസണിലേക്കുള്ള കൂട്ടുവളം നിർമ്മിക്കാൻ യൂറിയ അത്യാവശ്യമാണ്. യൂറിയ ലഭ്യത കുറഞ്ഞതോടെ മിശ്രിതവളം ഉത്പാദന കമ്പനികളേറെയും അടച്ചിടലിന്റെ വക്കിലാണെന്ന് ഉടമകൾ പറയുന്നു.
അലോട്‌മെന്റ് നൽകി വളമെത്തിക്കാതിരിക്കുന്ന കമ്പനികൾക്കും വിതരണക്കാർക്കുമെതിരേ നടപടിയെടുക്കാൻ സംസ്ഥാന കൃഷിവകുപ്പിന് കേന്ദ്രസർക്കാരിന് ശുപാർശ സമർപ്പിക്കാം. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാവുന്നില്ലെന്ന് പരാതിയുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കമ്പനികളാണ് കേരളത്തിലേക്ക് യൂറിയ എത്തിക്കുന്നതെന്നും ഈ സ്ഥാപനങ്ങൾക്കെതിരേ നേരിട്ട് നടപടി സ്വീകരിക്കുന്നതിന് പരിമിതികളുണ്ടെന്നുമാണ് വളംവിതരണ ചുമതലവഹിക്കുന്ന കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടറുടെ (സിപി) ഓഫീസ് അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |