
പാലക്കാട്: പറമ്പിക്കുളം, സൈലന്റ് വാലി വനമേഖലകളിൽ 169 വരയാടുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. വനംവകുപ്പ് സംസ്ഥാനത്തെ വനമേഖലകൾ വിവിധ ലാൻഡ് സ്‌കേപുകളാക്കി തിരിച്ച് കാമറ ട്രാപ് ഉപയോഗിച്ച് നടത്തിയ സർവേയിലാണ് വരയാടുകളുടെ പുതിയ കണക്ക് പുറത്തുവന്നത്. പറമ്പിക്കുളം കടുവാ സങ്കേതവും ഈ വനമേഖലയുമായി ചേർന്നു കിടക്കുന്ന നെല്ലിയാമ്പതി ഉൾപ്പെടുന്ന നെന്മാറ ഡിവിഷൻ, പീച്ചി വന്യജീവി സങ്കേതം, വാഴച്ചാൽ, മലയാറ്റൂർ എന്നിവിടങ്ങളിലായി 96 വരയാടുകൾ ഉണ്ടെന്ന് സർവേയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതിൽ നെല്ലിയാമ്പതി ഉൾപ്പെടുന്ന നെന്മാറ ഡിവിഷനിൽ 63 എണ്ണവും പറമ്പിക്കുളം കടുവാസങ്കേതത്തിൽ 21 വരയാടുകളെയും കണ്ടെത്തി. സൈലന്റ് വാലി മേഖലയുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുള്ള 73 വരയാടുകളിൽ ഒലവക്കോട്, മലമ്പുഴ വനമേഖലകൾ ഉൾപ്പെടുന്ന പാലക്കാട്ട് 44 എണ്ണമുണ്ട്. സൈലന്റ് വാലി ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് 20 എണ്ണമാണു സ്ഥിരീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ഇരവികുളം ദേശീയോദ്യാനവുമായി ബന്ധപ്പെട്ടു കിടക്കുന്ന വനമേഖലയാണ് ഏറ്റവും കൂടുതൽ വരയാടുകൾ കാണപ്പെടുന്ന സ്ഥലം. പുതിയ കണക്കനുസരിച്ച് 841 എണ്ണമുണ്ട്. ഇരവികുളം ഒഴികെയുള്ള മൂന്നാർ ലാൻഡ്സ്‌കേപിൽ 285 എണ്ണമുണ്ട്. പെരിയാർ വനമേഖലയുമായി ബന്ധപ്പെട്ടു 17 എണ്ണവും തിരുവനന്തപുരവുമായി ബന്ധപ്പെട്ട മേഖലയിൽ 53 എണ്ണത്തെയും കണ്ടെത്തി. സംസ്ഥാനത്തെ വനമേഖലകളെ 89 ബ്ലോക്കുകളാക്കി തിരിച്ചായിരുന്നു കണക്കെടുപ്പ്. വരയാടുകളുടെ ആവാസ വ്യവസ്ഥയുള്ള എല്ലാ പ്രദേശങ്ങളിലും ശാസ്ത്രീയ രീതികൾ ഉപയോഗിച്ച് കണക്കെടുപ്പ് നടത്തി. തിരുവനന്തപുരം മുതൽ വയനാട് വരെ വരയാടുകൾ കാണപ്പെടുന്ന 19 വനം ഡിവിഷനുകളെയാണ് 2025ലെ കണക്കെടുപ്പിൽ ഉൾപ്പെടുത്തിയിരുന്നത്. വരയാടുകളുടെ കണക്കെടുപ്പിനൊപ്പം അവയുടെ ഭൂമിശാസ്ത്രപരമായ വിന്യാസവും അവ നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |