
തിരുവനന്തപുരം: മ്യൂസിയത്ത് പ്രഭാത സവാരിക്കിറങ്ങിയവർക്കു നേരെ തെരുവുനായയുടെ ആക്രമണം. മ്യൂസിയത്ത് നടക്കുന്നതിനിടെ അഞ്ചുപേരെയാണ് തെരുവുനായ കടിച്ചത്.രാവിലെ ഏഴോടെയായിരുന്നു സംഭവം. നടക്കുന്നതിനിടെ പിന്നിലൂടെ എത്തിയായിരുന്നു നായയുടെ കടന്നാക്രമണം. പരിക്കേറ്റവർ ഉടൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പിന്നാലെ കോർപറേഷൻ ജീവനക്കാർ വാഹനവുമായെത്തി മ്യൂസിയം വളപ്പിൽ നിന്ന് രണ്ട് നായ്ക്കളെ പിടികൂടി. കോർപറേഷന്റെ വിളിപ്പാടകലെയുള്ള മ്യൂസിയം പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമായിട്ടും അധികൃതർ കണ്ടഭാവം നടിക്കാത്തതാണ് ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചതെന്ന് സ്ഥിരമായി നടക്കാനെത്തുന്നവർ പറയുന്നു.
രാവിലെയും വൈകിട്ടും പ്രായമായവർ ഉൾപ്പെടെ നിരവധിപ്പേരാണ് ഇവിടെ നടക്കാനും മറ്റു വ്യായാമങ്ങൾക്കുമെത്തുന്നത്. നഗരത്തിലെ തിരക്കുള്ള സ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമുൾപ്പെടെ തെരുവുനായശല്യം രൂക്ഷമാണിപ്പോൾ.
കോവളത്ത് കഴിഞ്ഞദിവസം ഹോട്ടൽ ഉടമയായ കണ്ണൂർ സ്വദേശി റോബിനുനേരെയും തെരുവുനായ ആക്രമണമുണ്ടായി. രാവിലെ ഹൗവ്വാ ബീച്ചിൽ പ്രഭാതസവാരിക്കിടെ നായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. ഇതേ സ്ഥലത്തുവച്ച് വിദേശിയായ യുവതിക്കും ദിവസങ്ങൾക്കു മുമ്പ് തെരുവുനായയുടെ കടിയേറ്റിരുന്നു.
ഉത്തരവ് വന്നിട്ടും നടപടിയില്ല
തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് ഷെൽട്ടറിലടയ്ക്കാനും വാക്സിൻ നൽകാനും കഴിഞ്ഞദിവസമാണ് സുപ്രീംകോടതി തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. മൂന്നാഴ്ചയ്ക്കകം നടപടി വേണമെന്നും കോടതി പറഞ്ഞിരുന്നു.എന്നാൽ അധികൃതർ നടപടിയിലേക്ക് കടന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |