
പത്തനംതിട്ട : നഗരസഭയിൽ യു.ഡി.എഫിൽ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥികളെ ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പ്രഖ്യാപിച്ചു. വാർഡ് 18 ൽ ഡി.സി.സി വൈസ് പ്രസിഡന്റും മുൻ നഗരസഭ ചെയർമാനുമായ അഡ്വ.എ.സുരേഷ്കുമാർ, വാർഡ് 27 ൽ ഡി.സി.സി ജനറൽ സെക്രട്ടറിയും നിലവിലെ കൗൺസിലറുമായ സിന്ധു അനിൽ, 23 ൽ കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന നിർവാഹക സമിതി അംഗം ഏബൽ മാത്യു, ഒന്നിൽ ദേശീയ ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് സജി കെ.സൈമൺ, 33ൽ മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോയമ്മ സൈമൺ, 29ൽ മഹിള കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് പ്രസിഡന്റ് സജിനി മോഹൻ, 9ൽ കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് ജനറൽ സെക്രട്ടറിയും നിലവിലെ വാർഡ് കൗൺസിലറുമായ അംബിക വേണു, 25ൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് ജനറൽ സെക്രട്ടറി മിനി ജോസഫ്, 30 ൽ ഷൈനി ജോർജ്, പട്ടികജാതി വനിത സംവരണ വാർഡ് 20ൽ കെ.കെ.നാഗമ്മ, വാർഡ് 14ൽ മിസ്ന ആരിഫ്, 32 ൽ പി.കെ.തോമസ്കുട്ടി, രണ്ടിൽ സന്തോഷ് വർഗീസ് എന്നിവർ മത്സരിക്കും.
16ന് മുമ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം
പത്തനംതിട്ട : ശബരിമലയിലെ സ്വർണക്കൊള്ളയും അനാദരവും തിരഞ്ഞെടുപ്പിൽ മുഖ്യ വിഷയമാക്കുമെന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി.
ജില്ലയിൽ 53 പഞ്ചായത്തുകളിലായി 960 ഓളം വാർഡുകളുള്ളതിൽ 620 വാർഡുകളിലും തർക്കങ്ങളില്ലാതെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുസ്ലിം ലീഗ്, കേരളാ കോൺഗ്രസ് തുടങ്ങിയ ഘടകകക്ഷികളുമായുള്ള ചർച്ചയിൽ നിലവിൽ കൈവശമുള്ള വാർഡുകളിൽ തന്നെ മത്സരിക്കാൻ തീരുമാനിച്ചതായും ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഘടകകക്ഷികൾ ഒറ്റക്കെട്ടായി നിൽക്കുന്നു. പന്തളം, അടൂർ, പത്തനംതിട്ട, തിരുവല്ല എന്നീ നഗരസഭകളിലെക്ക് 46 ഓളം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.
ശബരിമലയിൽ നടന്ന സ്വർണ കൊള്ളയും ശബരിമലയോട് കാണിച്ച അനാദരവും തിരഞ്ഞെടുപ്പിൽ മുഖ്യ വിഷയമാകുമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. കെ.പി.സി.സി.ജനറൽ സെക്രട്ടറിമാരായ പി.മോഹൻരാജ്, അഡ്വ.പഴകുളം മധു, അഡ്വ.എൻ.ഷൈലാജ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അടൂരിൽ വരുമോ ജെൻസി ?
അടൂർ : ജെൻസി തലമുറയിൽപെട്ടവർ അടൂർ നഗരസഭയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുമോ? അടൂരിലെ ചർച്ച ഇതാണ്. 10 വർഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്ന യു.ഡി.എഫ് യുവവനിത നേതാവിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കാം.
രണ്ടിലധികം തവണ മത്സരിച്ച കോൺഗ്രസ് വനിതാനേതാക്കൾ യു.ഡി.എഫ് പട്ടികയിൽ ഉണ്ടെങ്കിലും പുതുതലമുറയെ പരീക്ഷിക്കാൻ സാദ്ധ്യതയുണ്ട്. തുടർഭരണത്തിനൊരുങ്ങുന്ന എൽ.ഡി.എഫ് ക്യാമ്പിൽ യുവവനിത സ്ഥാനാർത്ഥികൾ നിലവിലെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. ജനറൽ കാറ്റഗറിയിൽ നിന്നാണെങ്കിൽ നിരവധി പുതുതലമുറ നേതാക്കൾ എൽ.ഡി.എഫിനുണ്ട്. എൻ.ഡി.എ നിരയിൽ യുവ വനിതകളെ ഉൾപ്പെടുത്തുമോയെന്ന് ഇനിയും വ്യക്തമായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |