
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും വലിയ മുന്നേറ്റം നടത്തുമെന്നും മുന്നണികൾ വമ്പുപറയുമ്പോഴും പല ജില്ലകളിലും ഐക്യപ്പെടൽ പൂർണ്ണമായില്ല. സ്ഥാനാർത്ഥി പ്രഖ്യാപനവും അക്കാരണത്താൽ പലയിടത്തും വൈകുന്നു.
യു.ഡി.എഫിൽ ലീഡിംഗ് പാർട്ടിയായ കോൺഗ്രസും പ്രധാന ഘടകകക്ഷിയായ ലീഗുമാണ് ചില ജില്ലകളിൽ കൊമ്പുകോർക്കുന്നത്. മറ്റിടങ്ങളിൽ വിമതരൂപത്തിൽ സ്വന്തം പാർട്ടിക്കാർ തന്നെ പാരയാകുന്നു. എൽ.ഡി.എഫിൽ മുന്നണി നയിക്കുന്ന സി.പി.എമ്മും സി.പി.ഐയുമാണ് ഇടഞ്ഞുനിൽക്കുന്നത്. ചുരുക്കം ജില്ലകളിൽ കേരള കോൺഗ്രസും മുഖം വീർപ്പിച്ച് നില്പുണ്ട്. പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസുമായുള്ള ഭിന്നതയാണ് എൻ.ഡി.എയുടെ വേവലാതി.
ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകളിലെ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും ഒരുവിധം പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും മുനിസിപ്പാലിറ്റികളിലും ജില്ല പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലുമാണ് തർക്കം തുടരുന്നത്. എറണാകുളം, തൃശൂർ കോർപ്പറേഷനുകളിലാണ് തർക്കം കുറവുള്ളത്. തിരുവനന്തപുരം കോർപ്പറേഷനിൽ സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പ്രഖ്യാപനം നടത്തി കോൺഗ്രസ് മറ്റുള്ളവരെ ഞെട്ടിച്ചെങ്കിലും ആ ടെമ്പോ നിലനിറുത്താനായില്ല.രണ്ടു ഘട്ടമായി 67 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഒരു വാർഡിലെ സ്ഥാനാർത്ഥിയുടെ പേരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി രാജിവയ്ക്കുന്ന സ്ഥിതിയുമുണ്ടായി. ഇത്തിരി വൈകിയെങ്കിലും കോർപ്പറേഷനിലെ 93 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി എൽ.ഡി.എഫ് അല്പം മേൽക്കൈ കാട്ടി.
കൊല്ലം
കൊല്ലം കോർപ്പറേഷനിലെ 22 സ്ഥാനാർത്ഥികളെ യു.ഡി.എഫ് പ്രഖ്യാപിച്ചെങ്കിലും ആർ.എസ്.പിയുമായും ലീഗുമായും സൗന്ദര്യപ്പിണക്കമുണ്ട്. മൂന്നു തവണ മത്സരിച്ചു തോറ്റ തേവള്ളി വാർഡ് മാറിക്കിട്ടണമെന്നതാണ് ആർ.എസ്.പിയുടെ ആവശ്യം. കോൺഗ്രസ് അനങ്ങുന്നില്ല. ചില സീറ്റുകൾ ലീഗുമായി വച്ചുമാറാനുള്ള നിർദ്ദേശവും തീരുമാനമായില്ല. പുതുതായി വന്ന വാർഡിൽ കേരള കോൺഗ്രസും സി.പി.ഐയും നോട്ടമിട്ടെങ്കിലും സി.പി.എം ഏറ്റെടുക്കാനുള്ള ശ്രമം നടത്തുന്നതും പ്രശ്നമായി. എൻ.ഡി.എ 21 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ രണ്ടിടത്ത് ബി.ജെ.പിയിൽത്തന്നെ തർക്കമുണ്ട്.
കണ്ണൂർ
കോർപ്പറേഷനിലെ സീറ്റുവിഭജനത്തിൽ കോൺഗ്രസും ലീഗും തമ്മിൽ ചില വാർഡുകളുടെ കാര്യത്തിൽ അതിശക്തമായ തർക്കം തുടരുകയാണ്. മൂന്നു തവണ ഉഭയകക്ഷി ചർച്ച നടന്നെങ്കിലും ഫലം കണ്ടില്ല. കോൺഗ്രസ് മത്സരിച്ച ചില വാർഡുകൾ വിട്ടുകിട്ടണമെന്ന ലീഗിന്റെ കടുംപിടിത്തമാണ് തർക്കത്തിന് കാരണം. വാരം വാർഡ് മുസ്ലിം ലീഗിന് വിട്ടുകൊടുക്കാനും പകരം ലീഗിന്റെ ഒരു സീറ്റ് കോൺഗ്രസിന് നൽകാനും 2020 ൽ ധാരണയായതിന്റെ രേഖ പുറത്തുവന്നത് ചർച്ചയ്ക്ക് തിരിച്ചടിയായി.
എൽ.ഡി.എഫിലാവട്ടെ ഐ.എൻ.എല്ലിന് സീറ്റ് നൽകാൻ സി.പി.എം തയ്യാറാവാത്തതാണ് പ്രധാന തർക്കം. ഇതിൽ പ്രതിഷേധിച്ച് ഐ.എൻ.എൽ ജില്ല പ്രസിഡന്റ് സിറാജ് തയ്യിൽ രാജിവയ്ക്കുകയും ചെയ്തു.
ആലപ്പുഴ
ആലപ്പുഴ നഗരസഭയിലെയും ജില്ല പഞ്ചായത്തിലെയും സ്ഥാനാർത്ഥി പ്രഖ്യാപനം ഇടത് വലത് മുന്നണികൾക്ക് സാദ്ധ്യമാവാതെ വന്നതിന് കാരണം ആഭ്യന്തര തർക്കമാണ്. കോൺഗ്രസ് വിമതന്മാർ രംഗത്തുവന്നതാണ് യു.ഡി.എഫിനെ ധർമ്മസങ്കടത്തിലാക്കിയത്. സി.പി.ഐ കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നതാണ് എൽ.ഡി.എഫിനെ വലയ്ക്കുന്നത്.
കോട്ടയം, പത്തനംതിട്ട ജില്ലകളിലും നഗരസഭ വാർഡുകളുടെ കാര്യത്തിലാണ് രണ്ട് മുന്നണിയിലും ഭിന്നതയുള്ളത്.
കൂടുതൽ സീറ്റിനായി
മാണി ഗ്രൂപ്പ് സമ്മർദ്ദം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റിനായി എൽ.ഡി.എഫിൽ സമ്മർദ്ദം ചെലുത്തി കേരള കോൺഗ്രസ് എം. കഴിഞ്ഞ തവണത്തേക്കാൾ 25 ശതമാനം അധികം വേണമെന്നാണ് ആവശ്യം. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകളിലടക്കം പാർട്ടിയുടെ സ്വാധീനം ചൂണ്ടിക്കാട്ടിയാണിത്. 1200ലധികം സീറ്റുകളാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 900ത്തിലധികം സീറ്റുകളിൽ മത്സരിച്ചു. 356പേർ വിജയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സീറ്റ് വിഭജന ചർച്ചകളിൽ സമ്മർദ്ദ ശക്തിയാകണമെന്നാണ് ജില്ലാ നേതാക്കൾക്ക് പാർട്ടി ചെയർമാൻ ജോസ് കെ.മാണി നൽകിയിട്ടുള്ള നിർദ്ദേശം.
മദ്ധ്യ തിരുവിതാംകൂറിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നതോടൊപ്പം മറ്റു ജില്ലകളിലും അധിക സീറ്റുകൾക്കായി സമ്മർദ്ദം ചെലുത്തും. അതേസമയം, കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യങ്ങൾക്കു മുന്നിൽ കടുംപിടിത്തം വേണ്ടെന്ന നിർദ്ദേശമാണ് സി.പി.എം ജില്ലാ കമ്മിറ്റികൾക്കു നൽകിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |