
കൊച്ചി: ഭൂട്ടാൻ വാഹന കള്ളക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായിട്ടാണ് ഇഡി അന്വേഷണം. വ്യാജ രേഖകൾ ഉപയോഗിച്ച് കാർ ഇറക്കുമതി ചെയ്‌തെന്ന് കണ്ടെത്തിയ നടൻ അമിത് ചക്കാലയ്‌ക്കൾ ഉൾപ്പെടെയുള്ളവർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. നടൻ ദുൽഖറിനെയും നോട്ടീസ് നൽകി വിളിപ്പിക്കും.
വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാർ, കച്ചവടക്കാർ, വാഹനം വാങ്ങിയവർ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭൂട്ടാൻ കാർ കള്ളക്കടത്തിലെ കള്ളപ്പണം ഇടപാടാണ് ഇഡി പരിശോധിക്കുന്നത്.
കസ്റ്റംസ് നടത്തിയ 'ഓപ്പറേഷൻ നുംഖോർ' പരിശോധനയിലാണ് സമീപകാലത്ത് ഭൂട്ടാനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് മറനീക്കിയത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ പല കൈമറിഞ്ഞ് കേരളത്തിൽ എത്തിച്ച് ഉപയോഗിക്കുന്നതായി കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.
നാൽപ്പതോളം വാഹനങ്ങളാണ് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഇതുവരെ പിടിച്ചെടുത്തത്. 200ഓളം വാഹനങ്ങൾ കേരളത്തിൽ എത്തിച്ചിട്ടുണ്ടാകാം എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ബാക്കിയുള്ളവ കണ്ടെത്താൻ മോട്ടോർവാഹന വകുപ്പടക്കമുള്ളവരുടെ സഹായം കസ്റ്റംസ് തേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |