
ചായയോടൊപ്പം അൽപ്പം പലഹാരം കൂടി ആയാൽ വൈകുന്നേരം കുശാലായി. അങ്ങനെയെങ്കിൽ മിനിട്ടുകൾക്കുള്ളിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു ബ്രഡ് ഹൽവ പരീക്ഷിച്ചാലോ? പറയേണ്ടതില്ലല്ലോ, പേര് പോലെ തന്നെ ഈ പലഹാരം ഉണ്ടാക്കാൻ പ്രധാനമായി വേണ്ടത് ബ്രഡ് തന്നെയാണ്. ഇതിനൊപ്പം കുറച്ച് നെയ്യ്, റവ, ശർക്കര, ഏലയ്‌ക്ക എന്നിവ കൂടിയുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ബ്രഡ് ഹൽവ തയ്യാറാക്കിയെടുക്കാൻ കഴിയും.
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ നാലോ അഞ്ചോ ബ്രഡ് എടുത്ത് ഒരു കപ്പ് പച്ചവെള്ളം ഒഴിച്ച് കുതിർക്കാൻ വയ്‌ക്കുക. ഒന്നോ രണ്ടോ മിനിട്ടുകൾക്ക് ശേഷം ബ്രഡ് നന്നായി കുതിർന്ന് കിട്ടുമ്പോൾ അത് നന്നായി ഉടച്ച് ചേർക്കുക. ശേഷം പാൻ അടുപ്പിൽ വച്ച് ഫ്ളെയിം ഓൺ ചെയ്യാം. ഉടച്ചുചേർത്ത ബ്രഡ് ചെറുതായി ഒന്ന് ചൂടായി വരുമ്പോൾ അതിലേക്ക് കാൽ കപ്പ് ശർക്കര ഉരുക്കി ചേർത്തുകൊടുക്കാം. ശേഷം ലോ ഫ്ളെയിമിൽ ശർക്കര നന്നായി അതിൽ യോജിപ്പിച്ചെടുക്കണം. ഇതിലേക്ക് ഒരു ടേബിൾസ്‌പൂൺ നെയ്യ് ചേർത്ത് വീണ്ടും നന്നായി ഇളക്കിയെടുക്കുക. ശേഷം അഞ്ച് ടേബിൾസ‌്‌പൂൺ റവ ചേർത്ത് വീണ്ടും യോജിപ്പിച്ചെടുക്കുക.
വെള്ളം നന്നായി വറ്റി വരുമ്പോൾ അതിലേക്ക് കുറച്ച് ഏലയ്‌ക്കാപ്പൊടിയും ഒരു ടേബിൾസ്‌പൂൺ നെയ്യും ചേർത്ത് ഇളക്കിയെടുക്കുക. ആവശ്യമെങ്കിൽ അൽപം നട്‌സും ഇതിലേക്ക് ചേർക്കാം. ഇത് പാനിൽ നിന്ന് ഇളകി വരുന്ന രൂപത്തിലെത്തുമ്പോൾ തീ അണയ്‌ക്കാം.
പിന്നീട് നെയ്യ് പുരട്ടി അൽപം വെളുത്ത എള്ള് വിതറിയ ഒരു പാത്രത്തിലേക്ക് ഇത് മാറ്റാം. കുഴമ്പ് രൂപത്തിലുള്ള മിശ്രിതം സ്‌പൂൺ ഉപയോഗിച്ച് പാത്രത്തിൽ നിരത്തി ചൂടാറാനായി വയ്‌ക്കാം. ചൂടാറുമ്പോൾ ഇഷ്‌ടമുള്ള രൂപത്തിൽ മുറിച്ചെടുക്കാം. വളരെ എളുപ്പത്തിൽ സ്വാദിഷ്‌ടമായി പാകം ചെയ്‌തെടുക്കാൻ കഴിയുന്ന ഒരു നാലുമണി പലഹാരമാണ് ബ്രഡ് ഹൽവ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |