
തൃശൂർ: കുതിരാൻ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ഇന്നലെ പുലർച്ചെ ഒന്നിനാണ് കുതിരാൻ ക്ഷേത്രത്തിന് സമീപം ഒറ്റയാൻ ഇറങ്ങിയത്. പുലർച്ചെ മൂന്നോടെ ആന കാട്ടിലേയ്ക്ക് കയറിപ്പോയി. കുങ്കിയാനകൾ എത്തിയതിനുശേഷം ആദ്യമായാണ് കാട്ടാന ഇറങ്ങിയത്. കാട്ടാനയിറങ്ങുന്നുണ്ടോയെന്ന് ഡ്രോൺ വഴിയും എ.ഐ ക്യാമറ വഴിയും നിരീക്ഷിച്ച് വരികയാണ്. കുങ്കിയാനകൾ നിൽക്കുന്ന ഭാഗത്തേക്ക് കാട്ടാനയെത്തിയില്ല. സാധാരണ കാട്ടാനയെത്തിയാൽ ജനവാസ മേഖലയിലെത്തി വീടുകളുടെ മുമ്പിലൂടെ നടന്ന് കാട്ടിലേക്ക് കയറാൻ മടിച്ച് നിന്നിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം കാട്ടാന ജനവാസ മേഖലയിലേക്ക് എത്തിയില്ല. ഇടയ്ക്കിടെ കാട്ടാന ഇറങ്ങി വരുന്നതിനാൽ കുങ്കിയാനകളെ ഉപയോഗിച്ച് വീണ്ടും കാട്ടിലേക്ക് കയറ്റിവിട്ടിട്ട് എന്ത് പ്രയോജനമാണുള്ളതെന്നും ആനയിറങ്ങാതിരിക്കാനുള്ള നടപടികളാണ് എടുക്കേണ്ടതെന്നും നാട്ടുകാർ പറയുന്നു.
മയക്കുവെടി പ്രായോഗികമല്ല: ഡോ. അരുൺ സഖറിയ
കുതിരാൻ ജനവാസ മേഖലയിലെത്തിയ ഒറ്റയാനെ മയക്കുവെടിവച്ച് പിടികൂടുന്നത് പ്രായോഗികമല്ലന്ന് ഡോ. അരുൺ സഖറിയ. കാട്ടാനയെ നിരീക്ഷിച്ച് അതിന്റെ സഞ്ചാരപഥം മനസിലാക്കണം. അതിനശേഷം മാത്രമെ കാട്ടിൽ കയറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കഴിയൂ. കുതിരാനിലെ ഒറ്റയാൻ ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടത്തെ പീച്ചി വനമേഖലയിലേയ്ക്ക് കയറ്റിവിടാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് ആക്ഷൻപ്ലാൻ ഉണ്ടാക്കി നടപടികൾ സ്വീകരിക്കും.
മയക്കുവെടിവച്ച് പിടികൂടണം: കെ.പി.എൽദോസ്
കുതിരാൻ മേഖലയിൽ ഇറങ്ങിയ ഒറ്റയാനെ മയക്കുവെടിവച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി.എൽദോസ് വനം മന്ത്രിക്ക് പരാതി നൽകി. ഫോറസ്റ്റ് വാച്ചറെ ആക്രമിക്കുകയും വനംവകുപ്പിന്റെ ജീപ്പ് തകർക്കുകയും ചെയ്ത ഒറ്റയാൻ ഏറെ അപകടകാരിയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഒറ്റയാൻ പ്രദേശത്ത് തുടർന്നാൽ അത് ജനങ്ങളുടെ ജീവന് ഭീഷണിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |