
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുലികളി സംഘങ്ങൾക്ക് സുരേഷ് ഗോപി പ്രഖ്യാപിച്ച ഫണ്ട് ലഭിക്കാത്തത്
സംബന്ധിച്ചുള്ള വിവാദം കൊഴുക്കുന്നു. സ്ഥലം എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി സെപ്തംബർ ഏഴിന് ഓരോ പുലികളി സംഘങ്ങൾക്കും മൂന്നുലക്ഷം രൂപ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചെങ്കിലും ഒരു രൂപ പോലും കിട്ടിയില്ലെന്നാണ് ആക്ഷേപം. ഇതോടൊപ്പം തഞ്ചാവൂരിലെ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചതിൽ 90,000 രൂപ മാത്രമാണ് കിട്ടിയതത്രെ. അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ ദേശം, ചക്കാമുക്ക്, നായ്ക്കനാൽ, വിയ്യൂർ യുവജന സംഘം, ശങ്കരംകുളങ്ങര ദേശം, വെളിയന്നൂർ ദേശം, പാട്ടുരായ്ക്കൽ ദേശം എന്നിങ്ങനെ ഒമ്പത് ദേശങ്ങളാണ് ഇക്കുറി പുലികളിക്ക് ഉണ്ടായിരുന്നത്.
ആഭ്യന്തര പ്രോത്സാഹനവും പ്രചാരണവും ആതിഥേയത്വം ഉൾപ്പെടെയുള്ള പദ്ധതിയിൽ (ഡി.പി.പി.എച്ച്) ഉൾപ്പെടുത്തി മൂന്നുലക്ഷം രൂപ വീതം ഓരോ സംഘങ്ങൾക്കും അനുവദിച്ച കേന്ദ്ര ടൂറിസം - സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന് നന്ദി അറിയിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഈ തുക ലഭിക്കുന്നതിനായി ആരെ സമീപിക്കണമെന്ന് പോലും അറിയാത്ത സ്ഥിതിയാണ് സംഘങ്ങൾക്ക്.
കോർപറേഷനിലും തഞ്ചാവൂരിലെ സൗത്ത് സോൺ കൾച്ചറൽ സെന്ററിലും അപേക്ഷ നൽകിയ ശേഷമാണ് തുക അനുവദിച്ച് കിട്ടിയത്. കേന്ദ്ര ഫണ്ടിനായി അപേക്ഷയൊന്നും നൽകിയിട്ടില്ല, കേന്ദ്രമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അറിയില്ലെന്നായിരുന്നു മറുപടിയത്രെ.
ഗുണത്തേക്കാളേറെ ദോഷം..!
15 മുതൽ 20 ലക്ഷം വരെയാണ് ഓരോ സംഘങ്ങൾക്കും പുലികളിക്ക് ചെലവ്. 3.13 ലക്ഷം രൂപ കോർപറേഷനും 90,000 രൂപ സൗത്ത് സോൺ കൾച്ചറൽ സെന്ററും നൽകിയെങ്കിലും ബാക്കി തുക സ്പോൺസർമാരെ കണ്ടെത്തിയും മറ്റുമാണ് സംഘടിപ്പിക്കാറ്. കേന്ദ്ര ടൂറിസം വകുപ്പിന്റെ മൂന്നുലക്ഷം രൂപ കൂടി പ്രഖ്യാപിച്ചതോടെ സ്പോൺസർഷിപ്പ് നൽകാനും മറ്റും പലരും മടി കാണിച്ചെന്ന് സംഘങ്ങൾ വിശദീകരിക്കുന്നു. കേന്ദ്രഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇക്കുറി പുലികളി കൂടുതൽ വർണാഭമാക്കിയിരുന്നു. ഇതോടെ ചില സംഘങ്ങൾ മൂന്നു - നാല് ലക്ഷം രൂപ കടക്കെണിയിലുമായി. കേന്ദ്ര ടൂറിസം ഫണ്ട് വൈകിയാലും കിട്ടുമെന്ന പ്രതീക്ഷയിലാണ് പുലികളി സംഘങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |