ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ ലഹരി വസ്തുക്കളുടെ വ്യാപക ഉപയോഗവും ഒഴുക്കും തടയാൻ പരിശോധന ശക്തമാക്കി എക്സൈസ്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധന. ഇതിനായി ജില്ലയിലെ
9റേഞ്ച് ഓഫീസുകളുടെയും 6 സർക്കിൾ ഓഫീസുകളുടെയും നേതൃത്വത്തിൽ താലൂക്കുകൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പരിശോധനയുണ്ടാകും.
ഇവിടെ ഒരു ഓഫീസറും അഞ്ച് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ടാകും. ഹെഡ്ക്വാർട്ടേഴ്സിൽ കൺട്രോൾ റൂം പ്രവർത്തിക്കും.
കഞ്ചാവ്,വിദേശ മദ്യം എന്നിവ ട്രെയിൻ വഴിയാണ് ജില്ലയിലെത്തുന്നത്.
മാഹി,ഗോവ എന്നിവിടങ്ങളിൽ നിന്ന് മദ്യവും ഒറീസ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവും ധാരാളമായി ഒഴുകിയെത്തുന്നുണ്ട്.
ഇതിന് തടയിടാൻ ആർ.പി.എഫുമായി സഹകരിച്ച് പരിശോധന നടത്തും.
കെ.എസ്.ആർ.ടി.സി, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകൾ എന്നിവ വഴി
രാസലഹരിക്കടത്ത് വ്യാപകമാണ്. ഇതിനെതിരെ ആർ.ടി.ഒയുമായി ചേർന്ന് പരിശോധന നടത്തും.
ഓരോ താലൂക്കിലും 3 ദിവസം പരിശോധന
1. ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്രാൻഡ് കേന്ദ്രീകരിച്ച് ഒന്നരക്കോടി രൂപയുടെ ലഹരി പിടികൂടിയത് കഴിഞ്ഞ ദിവസമായിരുന്നു. ജിമ്മുകൾ,കൊറിയർ സർവീസുകൾ, ഹോം സ്റ്റേകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന വ്യാപകമാക്കും.വിനോദ സഞ്ചാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത രീതിയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പരിശോധന നടത്തും
2. എക്സൈസ്, പൊലീസ്, ആർ.ടി.ഒ എന്നിവരുടെ നേതൃത്വത്തിൽ ഓരോ താലൂക്കിലും ആഴ്ചയിൽ മൂന്നുദിവസം പരിശോധന നടത്തും. ഡ്രഗ്സ് കൺട്രോൾ വിഭാഗവുമായി ചേർന്ന് മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ചും പരിശോധനയുണ്ടാകും. മരുന്നുകൾ വിൽക്കുന്നത് സംബന്ധിച്ച രജിസ്റ്റർ പരിശോധിക്കും
3. കുട്ടനാട്, കാർത്തികപ്പള്ളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ചാരായം വില്പന വ്യാപകമാണ്. കുട്ടനാട്ടിൽ ബേക്കറി ഉടമയിൽ നിന്നാണ് 20 ലിറ്റർ ചാരായം പിടികൂടിയത് ഇത്തരം സ്ഥലങ്ങളിലും പരിശോധനയുണ്ടാകും ലഹരി വില്പന സംബന്ധിച്ച് ജനങ്ങൾക്ക് പരാതി നൽകാം
ലഹരിവിവരം
അറിയിക്കാം
ഫോൺ: ആലപ്പുഴ: 9400069494, 9400069485, ചേർത്തല: 9400069483, കുട്ടനാട്:9400069487, ഹരിപ്പാട്:9400069492, മാവേലിക്കര: 9400069490, ചെങ്ങന്നൂർ:9400069488. കൺട്രോൾ റൂം: 04772252049. ടോൾഫ്രീ നമ്പർ: 155358
ജില്ലയിൽ വ്യാപക പരിശോധന നടന്നുവരികയാണ്. പൊതുജനങ്ങൾക്ക് വിവരം എക്സൈസിനെ അറിയിക്കാം. അവരുടെ വിവരങ്ങൾ പുറത്തുവിടില്ല. വിളിക്കുന്നവർ അവരുടെ വ്യക്തിവിവരങ്ങൾ പറയണമെന്നും നിർബന്ധമില്ല. സ്ഥലവും മറ്റ് വിവരങ്ങൾ നൽകിയാൽ മതിയാകും
-അശോക് കുമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷ്ണർ, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |