
ആലപ്പുഴ: അരൂർ - തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ ഗർഡർ വീണ് പിക്കപ്പ് വാനിന്റെ ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഹൈവേ കരാർ കമ്പനി. അപകടം മനഃപൂർവം സംഭവിച്ചതല്ലെന്നും കുടുംബത്തിനുണ്ടായ നഷ്‌ടം വലുതാണെന്നും കരാർ കമ്പനി ജീവനക്കാരൻ സിബിൻ പറഞ്ഞു. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമമെന്നും മരിച്ച രാജേഷിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ നൽകുമെന്നും കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ ലഭിച്ചാലുടൻ തന്നെ പണം കൈമാറും. ഇന്നലെ രാത്രിയിൽ എന്താണ് സംഭവിച്ചതെന്നറിയില്ല. സാധാരണ റോഡ് അടച്ചിട്ടാണ് പണി നടക്കുന്നതെന്നും സിബിൻ പറഞ്ഞു.
പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ വീണാണ് ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചത്. ചന്തിരൂരിൽ പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. രണ്ട് ഗർഡറുകളാണ് വീണത്. പിക്കപ്പ് വാൻ ഇതിനടിയിൽപ്പെട്ടു. തമിഴ്‌നാട്ടിൽ നിന്നും മുട്ട കയറ്റി എറണാകുളത്ത് എത്തിച്ച ശേഷം ആലപ്പുഴയിലേക്ക് മടങ്ങിവരികയായിരുന്നു രാജേഷ്. ഒരു ഗർഡർ പൂർണമായും മറ്റേത് ഭാഗികമായുമാണ് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.
സംഭവത്തിൽ നിർമാണ കമ്പനി ജീവനക്കാരെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കരാർ കമ്പനിക്ക് ഗുരുതരമായ വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്നാണ് എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടുള്ളത്. ഭാരതീയ ന്യായസംഹിതയിലെ 105-ാം വകുപ്പ് പ്രകാരം കുറ്റകരമായ നരഹത്യയാണ് ചുമത്തിയിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പായതിനാൽ അറസ്റ്റിലായാൽ പ്രതികൾ റിമാൻഡിലാകും. ചോദ്യംചെയ്യലിനായി പൊലീസിന് ഇവരെ കസ്റ്റഡിയിൽ വാങ്ങുകയും ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |