തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലകളുടെ ചുമതലയിൽ നിന്ന് ഒഴിവാക്കി നിയോജക മണ്ഡലത്തിലേക്ക് നിയോഗിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറിമാരെ അനുനയിപ്പിച്ച് എ.ഐ.സി.സി നേതൃത്വം.
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ വിഷയത്തിലാണ് ജാഗ്രത ആവശ്യമെന്നും ജില്ലാടിസ്ഥാനത്തിൽ അതിനായി പ്രവർത്തിക്കാനും അവർക്ക് നിർദ്ദേശം നൽകി.
അസംബ്ലി മണ്ഡലങ്ങളുടെ ചുമതല ഡി.സി.സി ഭാരവാഹികൾക്ക് വീതിച്ചു നൽകാനും അനുവാദം നൽകി. കെ.പി.സി.സി വൈസ് പ്രസിഡന്റുമാർക്കാണ് ജില്ലാ ചുമതല നൽകിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം കെ.പി.സി.സി യോഗത്തിൽ ജനറൽ സെക്രട്ടറിമാർ അതൃപ്തി പ്രകടിപ്പിച്ചരുന്നു. ഇതേത്തുടർന്ന് ഇന്നലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അവരുമായി കൂടിക്കാഴ്ച നടത്തിയാണ് ചുമതലകളിൽ വ്യക്തത വരുത്തിയത്.
പ്രധാനപ്പെട്ട 75 അസംബ്ലി മണ്ഡലങ്ങളുടെ ചുമതല ജനറൽ സെക്രട്ടറിമാർ വഹിക്കാനാണ് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നത്. മൂന്നു പേരെ കൂടി ഉൾപ്പെടുത്തിയതോടെ 62 ജനറൽ സെക്രട്ടറിമാരാണ് ഇപ്പോഴുള്ളത്.
മര്യാപുരം ശ്രീകുമാർ, അബ്ദുറഹ്മാൻ കുട്ടി, സൂരജ് രവി എന്നിവരാണ് പുതുതായി ഉൾപ്പെട്ട ജനറൽ സെക്രട്ടറിമാർ. പത്രികാസമർപ്പണം ആരംഭിക്കുന്ന ഇന്നുമുതൽ മണ്ഡലങ്ങളിൽ നേരിട്ടെത്തി സജീവമാകാനാണ് നേതാക്കൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |