കോഴിക്കോട്: കലയും സാഹിത്യവും രാഷ്ട്രീയവും സമന്വയിച്ച നഗരത്തിൽ പോർവിളികളുമായി ഇരുപക്ഷവും ഇറങ്ങി. 76 ഡിവിഷനുകളിൽ നടക്കുന്ന കോർപ്പറേഷൻ വാറിൽ ഇടതുപക്ഷ കോട്ട തകർക്കുമെന്ന് യു.ഡി.എഫും ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയും പ്രഖ്യാപിക്കുമ്പോൾ ആ അരി അടുപ്പത്തിടേണ്ടെന്നാണ് ഇടതുപക്ഷ മുന്നറിയിപ്പ്. മേയർ പട്ടം പിടിക്കാൻ സംവിധായകൻ വി.എം.വിനുവിനെയും ഒപ്പം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം.നിയാസിനെയും ഇറക്കിയാണ് കോൺഗ്രസിന്റെ കളി. ഇടതുപട്ടിക ഇന്ന് വരുന്നതോടെ പോര് മുറുകും.
വർഷങ്ങളായി ഇടതുപക്ഷം കോട്ടകെട്ടി കാക്കുന്ന കോഴിക്കോട് കോർപ്പറേഷനിലെ മുഴുവൻ വാർഡുകളിലേക്കുമുള്ള സ്ഥാനാർത്ഥി പട്ടികയാണ് ഇന്ന് വൈകിട്ട് നാല് മണിയോടെ പ്രഖ്യാപിക്കുക. സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. നിലവിൽ ലീഗടക്കം 66 പേരുടെ പട്ടികയാണ് യു.ഡിഎഫ് പുറത്ത് വിട്ടത്. ബി.ജെ.പി 45. യു.ഡി.എഫ് സ്ഥാനാർത്ഥി ലിസ്റ്റിൽ ഇനിയും സർപ്രൈസ് ഉണ്ടാവുമെന്ന് തിരഞ്ഞെടുപ്പ് ചുമതലയുള്ള രമേശ് ചെന്നിത്തല അവകാശപ്പെടുമ്പോൾ വോട്ടെടുപ്പുവരേയുള്ള 26 ദിവസങ്ങൾ കോഴിക്കോട്ടുകാരുടെ ചങ്കിടിപ്പ് കൂടും.
@ മുസാഫിർ മേയറാകുമോ..?
മേയർ സ്ഥാനത്തേക്ക് എൽ.ഡി.എഫ് പരിഗണിക്കുന്ന നിലവിലെ ഡപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് മീഞ്ചന്തയിലാണ് പോരാട്ടത്തിനിറങ്ങുന്നത്. തടമ്പാട്ട് താഴം ഒ.സദാശിവൻ, കോട്ടൂളിയിൽ ഡോ.എസ് ജയശ്രീ, വെള്ളിമാട് കുന്നിൽ പ്രമീളാ ബാലഗോപാൽ, കരുവിശ്ശേരിയിൽ എം.എം ലത, ഇരഞ്ഞിക്കൽ വി.പി മനോജ് തുടങ്ങിയവർ ജനവിധി തേടുമെന്നാണ് പാർട്ടി നൽകുന്ന സൂചന. അതേ സമയം ചിലയിടങ്ങളിൽ സ്ഥാനാർത്ഥി തർക്കം നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. സി.പി.എം വേണ്ടത്ര പരിഗണന നൽകിയില്ലെന്ന് ഐ.എൻ.എല്ലിനും ജനതാദൾ എസിനും പരാതിയുണ്ട്. തോൽക്കാൻ സാദ്ധ്യതയുള്ള വാർഡുകളാണ് വാഗ്ദാനം ചെയ്യുന്നതെന്നാണ് ഇരുവരുടെയും ആരോപണം. ലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ മുഖദാർ, കുറ്റിച്ചിറ, അരക്കിണർ, നല്ലളം, പയ്യാനക്കൽ, നദീനഗർ, മൂന്നാലിങ്കൽ, പന്നിയങ്കര, കോവൂർ ഡിവിഷനുകളിൽ തർക്കം നിലനിൽക്കുന്നുണ്ട്.
ഇടതു തരംഗമുണ്ടായ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെയുള്ള 75 ഡിവിഷനിൽ 51 സ്വന്തമാക്കിയാണ് എൽ.ഡി.എഫ് വിജയരഥമേറിയത്. 17 ഡിവിഷനിൽ യു.ഡി.എഫ് ഒതുങ്ങിയപ്പോൾ ഏഴ് സീറ്റിൽ ബി.ജെ.പിയ്ക്ക് സംതൃപ്തിപ്പെടേണ്ടി വന്നു. എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ടി.കെ ചന്ദ്രൻ കോൺഗ്രസിലേക്ക് കളം മാറിയതോടെ എൽ.ഡി.എഫ് 50, യു.ഡി.എഫ് 18 എന്നിങ്ങനെയായി സീറ്റ് നില. എൽ.ഡി.എഫിൽ 57 സീറ്റിൽ മത്സരിച്ച സി.പി.എം 46 സീറ്റ് നേടിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടിയത്. ഓരോ സീറ്റ് വീതം എൻ.സി.പിയും സി.പി.ഐയും കോൺഗ്രസ് എസും ആർ.ജെ.ഡിയും സ്വന്തമാക്കി. കോൺഗ്രസ് പത്തും ലീഗ് എട്ട് സീറ്റുമാണ് നേടിയത്. സി.പി.ഐ, എൽ.ജെ.ഡി അഞ്ച് സീറ്റിലും എൻ.സി.പി 3 സീറ്റിലും ഐ.എൻ.എൽ 2 സീറ്റിലും കോൺഗ്രസ് എസ് സ്വതന്ത്രൻ ഒരു സീറ്റിലുമായിരുന്നു മത്സരിച്ചിരുന്നത്. ഇക്കുറി 76 ഡിവിഷനുകളിലേക്കാണ് മത്സരം നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |