
തൃശൂർ: സ്വന്തം ആരാധകരുടെ ആരവങ്ങൾക്ക് മുന്നിൽ തൃശൂരിന്റെ ഫുട്ബാൾമാജിക്. പിന്നാലെ, മാജിക് എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളിന് മലപ്പുറം എഫ്.സിയെ പരാജയപ്പെടുത്തി സൂപ്പർ ലീഗ് ഫുട്ബാളിന്റെ തലപ്പത്തേക്ക്. മഴ ഫുട്ബാൾ ആവേശത്തിന് മുന്നിൽ സുല്ലിട്ട ദിനത്തിൽ പരാജയമറിയാത്ത മലപ്പുറം എഫ്.സിക്ക് തോൽവിയുടെ കയ്പ്പുനീർ. തൃശൂരിനായി ഇവാൻ മാർക്കോവിച്ച്, ഫയാസ് എന്നിവർ ഗോൾ നേടി. ജോൺ കെന്നഡിയുടേതായിരുന്നു മലപ്പുറത്തിന്റെ ആശ്വാസ ഗോൾ. ലീഗിൽ 13 പോയിന്റുമായി മാജിക് എഫ്.സിയാണ് ഒന്നാമത്. 11 പോയിന്റോടെ കാലിക്കറ്റ് എഫ്.സി രണ്ടാമതാണ്. ഒമ്പത് പോയിന്റുമായി മലപ്പുറം എഫ്.സി മൂന്നാമതായി തുടരുന്നു.
നാലാം മിനിറ്റിൽ തൃശൂർ മാജിക് എഫ്.സിയുടെ ബിബിൻ അജയൻ വലതു വിംഗിൽ നിന്ന് ബോക്‌സിലേക്ക് നൽകിയ പാസ് ലക്ഷ്യംതെറ്റാതെ ഇവാൻ മാർകോവിച്ച് മലപ്പുറത്തിന്റെ വലയിലേക്ക് തൊടുത്തുവിട്ടു. സ്‌കോർ 1 - 0. ലീഡിന്റെ ആഹ്ലാദം രണ്ട് മിനിറ്റേ നീണ്ടുള്ളൂ. മൈതാനമദ്ധ്യത്തിൽ നിന്ന് നീട്ടിക്കിട്ടിയ പന്ത് പിടിച്ചെടുത്ത് കുതിച്ച മലപ്പുറത്തിന്റെ ജോൺ കെന്നഡി തൊടുത്ത കിടിലൻ ഷോട്ട് തൃശൂരിന്റെ വലയിലേക്ക് തുളച്ചു കയറി. സ്‌കോർ 1 - 1. പിന്നീട് ഇരു ടീമുകളും ലീഡ് ഉയർത്താൻ ശ്രമിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല. 27ാം മിനിറ്റിൽ ഫയാസിന്റെ കിടിലൻ ഹെഡറിലൂടെ മാജിക് എഫ്.സിയുടെ വിജയഗോൾ നേടി. ആദ്യ ഗോളിന് വഴിയൊരുക്കിയ ബിബിൻ അജയനായിരുന്നു രണ്ടാമത്തെ ഗോളിന്റെയും വഴികാട്ടി. സമനില ഗോളിനായി മലപ്പുറം കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോളി കട്ടിമണിയെ കീഴടക്കാനായില്ല.
പെയ്ത് തോരാതെ ആരവം...
തൃശൂരിന് ഇന്നലെ ഫുട്ബാൾ പൂരമായിരുന്നു. മലപ്പുറത്ത് നിന്ന് എത്തിയ കാണികൾ വാദ്യമേളങ്ങളോടെ ഗ്യാലറിയിൽ ആവേശം തീർത്തപ്പോൾ മഴയിലും മാജിക് എഫ്.സിയുടെ ഓറഞ്ച് പട സ്റ്റേഡിയത്തിന്റെ മുക്കാൽ ഭാഗവും കൈയടക്കി. ഇതോടെ കോർപറേഷൻ സ്റ്റേഡിയം മാജിക് എഫ്.സിയുടെ ആരവങ്ങളിൽ മുഴങ്ങി. കാണികൾക്ക് ആവേശം പകർന്ന് കുഞ്ചാക്കോ ബോബൻ, മകൻ, നടി മഞ്ജുവാര്യർ, അദിതി എന്നിവരുമെത്തി. മന്ത്രി കെ.രാജൻ, മേയർ എം.കെ.വർഗീസ്, ഐ.എം.വിജയൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |