
പൂവാർ: മഴപെയ്താൽ കാഞ്ഞിരംകുളം വലിയൊരു കുളമാകുമെന്ന് നാട്ടുകാർ. ജംഗ്ഷനിൽ നിന്നും തുടങ്ങുന്ന പുല്ലുവിള റോഡിലാണ് ഈ ദുർഗതി. വെള്ളക്കെട്ട് രൂക്ഷമാകുന്നതോടെ ഗതാഗതം തടസ്സപ്പെടും. കാൽനടയാത്രയും ദുസഹമാകും. യാത്രക്കാരും വൃദ്ധരും അപകടത്തിൽപ്പെടുന്നതും പതിവാണ്. യൂണിഫോമിൽ വരുന്ന വിദ്യാർത്ഥികൾ പലപ്പോഴും ഷൂ അഴിച്ച് കൈയിപ്പിടിച്ച് നടന്നു പോകാറാണ് പതിവ്. ശക്തമായ മഴയിൽ സമീപത്തെ കടകളിലും വെള്ളം കയറും. മഴ തുടങ്ങിയാൽ പ്രദേശത്തെ കടകൾ അടച്ചിടുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്നും വ്യാപാരികൾ പറയുന്നു. കാഞ്ഞിരംകുളത്തെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ പുല്ലുവിള റോഡിന് ഈ ദുർഗതി പതിറ്റാണ്ടുകളായുണ്ടെങ്കിലും അധികൃതർ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രധാനപ്പെട്ട റോഡുകളിലൊന്ന്
കാഞ്ഞിരംകുളം എഡ്യൂക്കേഷണൽ ഹബ്ബായി മാറിയിട്ട് വർഷങ്ങൾ പലതായി. നിരവധി സ്വകാര്യ വിദ്യാലയങ്ങളും സർക്കാർ വിദ്യാലയങ്ങളും ജംഗ്ഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.അതിൽ പ്രധാനപ്പെട്ട കാഞ്ഞിരംകുളം കുഞ്ഞുകൃഷ്ണൻനാടാർ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ്,കെ.എൻ.എം ബി.എഡ് കോളേജ്, ജവഹർ സെൻട്രൽ സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് പുല്ലുവിള റോഡ് കേന്ദ്രീകരിച്ചാണ്. കൂടാതെ പഞ്ചായത്ത് ഓഫീസ്, ആയുർവേദ മർമ്മ ആശുപത്രി, പൊലീസ് സ്റ്റേഷൻ,ഉപാസന ഹോസ്പിറ്റൽ, എം.ആർ രാജഗുരുബാൽ യുവജനസംഘം ലൈബ്രറി എന്നിവയും ഈ റോഡിന് അഭിമുഖമായി പ്രവർത്തിക്കുന്നുണ്ട്.
പ്രമുഖ വ്യാപാരസ്ഥാപനങ്ങളും കാഞ്ഞിരംകുളത്തെ ഫ്ലവർ ബിസിനസും നടക്കുന്നത് പുല്ലുവിള റോഡിലാണ്.
വെള്ളക്കെട്ട് രൂക്ഷം
മഴയുള്ളപ്പോൾ പൂവാർ റോഡ്, തിരുപുരം റോഡ് എന്നിവിടങ്ങളിൽ നിന്നും വരുന്ന മഴവെള്ളം ജംഗ്ഷനിൽ നിന്നും പുല്ലുവിള റോഡിലേക്കാണ് കൂടുതലും ഒഴുകിയെത്തുന്നത്. മഴ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ റോഡ് നിറയും. ഓടകളെല്ലാം മണ്ണ് മൂടിയിരിക്കുകയാണ്. റോഡ് നിറഞ്ഞൊഴുകുന്ന വെള്ളം യുവജനസംഘം ലൈബ്രറിക്ക് സമീപമുള്ള ഓടയിലൂടെ ഒഴുകി മലിനംകുളത്തിൽ എത്തുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഇടുങ്ങിയ ഓടയിലൂടെ മഴവെള്ളം ഒഴുകിപ്പോകാൻ ധാരാളം സമയമെടുക്കും. ഇതാണ് ജംഗ്ഷനിൽ വെള്ളക്കെട്ടിന് കാരണമാകുന്നത്.
ഓട നിർമ്മിക്കണം
മഴവെള്ളത്തോടൊപ്പം പലതരം മാലിന്യങ്ങൾ പ്രദേശത്ത് അടിഞ്ഞുകൂടുന്നതും കടകളിൽ വെള്ളം കയറുന്നതും വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കാഞ്ഞിരംകുളം ജംഗ്ഷന്റെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ശാസ്ത്രീയമായി ഓട നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.കാഞ്ഞിരംകുളം ജംഗ്ഷൻ മുതൽ പുല്ലുവിള വരെ ഓട നിർമ്മിച്ചാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |