SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.08 PM IST

കൊല്ലത്ത് ട്രെയിൻ അപകടം: യാത്രക്കാരെയും ഞെട്ടിച്ച് റെയിൽവേ മോക്‌ഡ്രിൽ

Increase Font Size Decrease Font Size Print Page

കൊല്ലം: പാളം തെറ്റിയ ട്രെയിൻ ബോഗികൾ. യാത്രക്കാരെ പുറത്തിറക്കാനും അടിയന്തര വൈദ്യസഹായം നൽകാനും ഓടിയെത്തി രക്ഷാപ്രവർത്തകർ. ആംബുലൻസുകളിൽ താത്കാലിക വൈദ്യസഹായ കേന്ദ്രത്തിലേക്ക് പരിക്കേറ്റവരെ എത്തിച്ച്‌ ആരോഗ്യപ്രവർത്തകർ. ബോഗികൾ ഉയർത്തി അനുബന്ധസംവിധാനം പുനഃസ്ഥാപിച്ചും വിദഗ്‌ദ്ധരും ജീവനക്കാരും. 'ബിഗ്‌ ബഡ്ജറ്റ്‌ സിനിമ സെറ്റിനെ വെല്ലുന്ന സംവിധാനങ്ങളുമായി റെയിൽവേ സംഘടിപ്പിച്ച മോക്‌ഡ്രിൽ യാത്രക്കാരെയും ഞെട്ടിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കാനുള്ള തയ്യാറെടുപ്പുകൾ ശക്തമാക്കാനും ദുരന്തനിവാരണ ഏജൻസികൾക്കിടയിലെ ഏകോപനം വർദ്ധിപ്പിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമായി ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനാണ് കഴിഞ്ഞ ദിവസം കൊല്ലം റെയിൽവേ സ്റ്റേഷനിൽ ദേശീയ ദുരന്തനിവാരണ സേനയുമായി (എൻ.ഡി.ആർ.എഫ്) ചേർന്ന് സമഗ്ര സുരക്ഷാ പരിശീലനം നടത്തിയത്.
കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ യാർഡിൽ ട്രെയിൻ അപകട സാഹചര്യം സൃഷ്ടിച്ചായിരുന്നു പരിശീലനം. ഓപ്പറേറ്റിംഗ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ, മെഡിക്കൽ, സുരക്ഷ (ആർ.പി.എഫ് ), കൊമേഴ്സ്യൽ വിഭാഗങ്ങൾ എന്നിവയുൾപ്പെടെ ഡിവിഷനിലെ വിവിധ വകുപ്പുകളും എൻ.ഡി.ആർ.എഫ്, ഫയർ ആൻ‌ഡ് റെസ്ക്യൂ സർവീസസ്, പൊലീസ്, ആരോഗ്യ വകുപ്പ്, റവന്യു വകുപ്പ് തുടങ്ങിയ ഏജൻസികളും പങ്കെടുത്തു.

ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകർ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. ഡിവിഷണൽ കൺട്രോൾ ഓഫീസിൽ അഡിഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ എം.ആർ.വിജി നേതൃത്വം നൽകി. ദക്ഷിണ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് സേഫ്ടി ഓഫീസർ ലളിത് കുമാർ മൻസുഖാനിയുടെ നേതൃത്വത്തിൽ പ്രകടനം വിലയിരുത്തി, നിർദ്ദേശങ്ങൾ നൽകി.

പരീക്ഷിച്ചത് ഒന്നിലധികം അടിയന്തര സേവനങ്ങൾ

പാസഞ്ചർ കോച്ചുകൾ പാളം തെറ്റുക, തീപിടിക്കുക, യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുക തുടങ്ങിയ ഒന്നിലധികം അടിയന്തര സാഹചര്യങ്ങൾ സൃഷ്ടിച്ചായിരുന്നു മോക്ഡ്രിൽ. കോച്ചുകൾ വീണ്ടും പാളത്തിൽ കയറ്റുന്നതിനുള്ള ക്രെയിൻ പ്രവർത്തനങ്ങൾ, പരിക്കേറ്റവരെ ഒഴിപ്പിക്കുക, ജീവഹാനി സംഭവിച്ചവർക്ക് അടിയന്തര നടപടിക്രമങ്ങൾ നടപ്പാക്കുക, ബാക്കി യാത്രക്കാരെ സുരക്ഷിതമായി മാറ്റുക, സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കുക, ടോൾ-ഫ്രീ നമ്പറുകൾ, ഫാക്സ്, അടിയന്തര വിവര വിനിമയ ശൃംഖലകളുടെ വിന്യാസം എന്നിവയും പരിശീലനത്തിൽ ഉൾപ്പെട്ടു.

ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും തയ്യാറെടുപ്പും ഉറപ്പാക്കാൻ ദക്ഷിണ റെയിൽവേ പ്രതിജ്ഞാബദ്ധമാണ്. സമഗ്ര പരിശീലനം എല്ലാ വിഭാഗങ്ങളെയും അടിയന്തര സാഹചര്യങ്ങളിൽ കൃത്യതയോടെ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവരാക്കും.

സെന്തമിൽ സെൽവൻ,

ദക്ഷിണ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY