
കൊച്ചി: ഭരണഘടന നൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന് അതിർവരമ്പുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. പൊതുജീവിതത്തെയും ധാർമ്മികതയെയും പൊതുജനാരോഗ്യത്തെയും ബാധിക്കാത്തവിധമാകണം ആ സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടതെന്നും ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് വ്യക്തമാക്കി.
ശബരിമല നട തുറക്കുന്നതിനുമുമ്പേ, എരുമേലിയിൽ നിന്നുള്ള കാനനപാത തുറന്നുനൽകാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ താമസിക്കുന്ന വി.ശ്യാംമോഹൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
ഹർജിയിലെ ആവശ്യം തന്റെ ആരാധനാസ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്ന ഹർജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല. തത്വമസിയാണ് (അത് നീയാകുന്നു) ശബരിമലയുടെ സന്ദേശം. മനുഷ്യനും പ്രകൃതിയും ആത്മീയതയും തമ്മിലുള്ള സഹവർത്തിത്വത്തിനാണ് ഇതെല്ലാം ഊന്നൽ നൽകുന്നത്. അതിനാൽ പെരിയാർ കടുവ സങ്കേതത്തിന്റെയും കാനനപാതയുടെയും പവിത്രതസംരക്ഷിക്കേണ്ടതും സന്നിധാനത്ത് കുറിച്ചിരിക്കുന്ന തത്വമസിയുടെ സന്ദേശത്തോട് ചേർന്നു നിൽക്കുന്നതാണെന്ന് കോടതി പറഞ്ഞു.
നടതുറക്കുന്ന 17ന് ദർശനത്തിന് ചീട്ടെടുത്തതിനാൽ 15 മുതൽ കാനനപാത തുറക്കാൻ നിർദ്ദേശിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. 17നേ തുറക്കൂവെന്ന് ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. അതേസമയം, കാനനപാതയിലൂടെയുള്ള തീർത്ഥാടനത്തിൽ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിർദ്ദേശങ്ങളും കോടതി നൽകി.
കണക്ക് പ്രസിദ്ധീകരിക്കണം
കാനനപാതയിലൂടെ കടത്തിവിടുന്ന പരമാവധി ആളുകളുടെ എണ്ണവും മണിക്കൂർ കണക്കും മണ്ഡല സീസണ് മുമ്പ് പ്രസിദ്ധീകരിക്കണം. മോശം കാലാവസ്ഥയും അടിയന്തര സാഹചര്യങ്ങളും കണക്കിലെടുത്തുള്ള നിയന്ത്രണങ്ങളും അറിയിക്കണം
തിരക്ക് കൂടുമ്പോൾ സ്വീകരിക്കുന്ന താത്കാലിക വിലക്കുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകണം
ബന്ധപ്പെട്ട വകുപ്പുകളെ ബന്ധപ്പെടുത്തി തത്സമയ കൺട്രോൾ റൂം ഒരുക്കണം
തീരുമാനങ്ങളും മുന്നറിയിപ്പുകളും വെർച്വൽ ക്യൂ പ്ലാറ്റ്ഫോമും അയ്യൻ ആപ്പുമടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ യഥാസമയം നൽകണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |