കൊല്ലം: കൊട്ടാരക്കര ലക്ഷ്മി ബേക്കറിയിലെത്തി ഓരോ ഷാർജ ജൂസ് ഓർഡർ ചെയ്തിട്ടാണ് രേഖയും ജലജയും ലക്ഷ്മിയും ശ്രീലക്ഷ്മിയും തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്നത്. പതിവ് കൊച്ചുവർത്തമാനം ഒഴിവാക്കി തിരഞ്ഞെടുപ്പിലെ വിജയം മാത്രമാക്കിയായിരുന്നു സംസാരം.
എഴുകോൺ ഗ്രാമപഞ്ചായത്തിലെ വാളായിക്കോട് ഏഴാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് രേഖ ഉല്ലാസ്. കഴിഞ്ഞ ടേമിൽ ഭർത്താവ് കെ.ആർ.ഉല്ലാസും അതിന് മുമ്പ് രേഖയും പഞ്ചായത്ത് മെമ്പർമാരായിരുന്നു. ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ വാളകം സൗത്ത് എട്ടാം വാർഡിൽ നിന്നാണ് ജലജ ശ്രീകുമാർ ജനവിധി തേടുന്നത്.
കൊട്ടാരക്കര നഗരസഭയിലെ റെയിൽവേ സ്റ്റേഷൻ 27ാം ഡിവിഷനിൽ നിന്നാണ് കൊട്ടാരക്കര ബാറിലെ അഭിഭാഷകയായ ലക്ഷ്മി ലതിക മത്സരിക്കുന്നത്. നഗരസഭയിലെ കിഴക്കേക്കര പത്താം ഡിവിഷനിൽ നിന്ന് എച്ച്.ശ്രീലക്ഷ്മിയും ജനവിധി തേടുന്നു. പത്ത് വർഷമായി ആത്മാർത്ഥ സൗഹൃദബന്ധത്തിലായ നാൽവർ സംഘം ഒന്നിച്ചാണ് യാത്രകൾ പോകാറുള്ളത്. മാസത്തിൽ ഒരിക്കലെങ്കിലും കൂട്ടത്തിലൊരാളുടെ വീടുകളിൽ ഒത്തുകൂടും.
ഭക്ഷണമൊരുക്കുന്ന കാര്യത്തിൽ രേഖ ഉല്ലാസിനാണ് മികവ്. മറ്റുള്ളവർ സഹായികളാകും. ആ സൗഹൃദക്കണ്ണി ഊട്ടിയുറപ്പിച്ചാണ് മഹിളാ കോൺഗ്രസിൽ നാലുപേരും നേതൃനിരയിൽ നിൽക്കുന്നത്. മഹിളാ കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റാണ് ജലജ ശ്രീകുമാർ. രേഖ ഉല്ലാസ് ജില്ലാ ജനറൽ സെക്രട്ടറിയും ലക്ഷ്മി ലതികയും ശ്രീലക്ഷ്മിയും ജില്ലാ സെക്രട്ടറിമാരുമാണ്. നാല് കൂട്ടുകാരും തിരഞ്ഞെടുപ്പ് ഗോദയിൽ സജീവമാകുമ്പോഴും പതിവ് ഫോൺവിളികൾക്കും കൂടിക്കാഴ്ചകൾക്കും സമയം കണ്ടെത്താറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |