
കോലഞ്ചേരി: പത്ത് വർഷം മുമ്പ് അച്ഛന്മാർ ഏറ്റുമുട്ടിയ വാർഡിൽ ഇന്ന് മക്കളുടെ പോരാട്ടം. പുത്തൻകുരിശ് പഞ്ചായത്തിലെ രാമല്ലൂർ വാർഡാണ് അപൂർവ മത്സരത്തിന് വേദിയാകുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഖിൽ ഉണ്ണികൃഷ്ണന്റെ പിതാവ് എം.ബി. ഉണ്ണികൃഷ്ണനും യു.ഡി.എഫിലെ ജയ്സൽ ജബ്ബാറിന്റെ പിതാവ് സി.വി. അബ്ദുൾ ജബ്ബാറും 2015ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരാണ്. ഉണ്ണികൃഷ്ണൻ സ്വതന്ത്രനും അബ്ദുൾ ജബ്ബാർ യു.ഡിഎഫിലുമായിരുന്നു. അന്ന് 100 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജബ്ബാർ വിജയം കൈപ്പിടിയിലൊതുക്കി.
തൊട്ടടുത്ത വർഷം വാർഡ് വനിതാ സംവരണമായി. ഇക്കുറി വീണ്ടും ജനറൽ സീറ്റായതോടെ ഇരുവരുടെയും മക്കൾ രംഗത്തിറങ്ങി. ബിരുദധാരിയായ അഖിൽ ബിസിനസ് സംരംഭകനാണ്. ചേലാട് പോളിടെക്നിക്കിലെ ഡിപ്ളോമ വിഭ്യാഭ്യാസത്തിനിടെ കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ജയ്സൽ യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്റാണ്.
സൗഹൃദമത്സരം
അഖിലും ജയ്സലും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുടെയും പിതാക്കന്മാർ തമ്മിലും സൗഹൃദമുണ്ട്. രാഷ്ട്രീയ പോരാട്ടം മാത്രമാണിത്. ജയപരാജയങ്ങൾ സ്നേഹബന്ധത്തെ ബാധിക്കില്ലെന്നും ഇരുവരും പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |