
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്‌പ്പെടുത്തിയ വ്യക്തിയെ കണ്ടെത്തി. കേസിലെ പ്രധാനസാക്ഷിയും രക്ഷകനുമായ ബീഹാർ സ്വദേശി ശങ്കർ പാസ്വാനെയാണ് പൊലീസ് കണ്ടെത്തിയത്. ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയെ പ്രതിയിൽ നിന്ന് രക്ഷിച്ചതും ശങ്കർ ആണ്. ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ഈ മാസം രണ്ടിന് കേരള എക്സ്പ്രസിൽ സഞ്ചരിക്കുന്നതിനിടെ പുകവലിക്കുന്നത് ചോദ്യം ചെയ്തതിനാണ് ജനറൽ കമ്പാർട്ട്‌മെന്റിന്റെ വാതിലിന് സമീപത്തുനിന്ന ശ്രീക്കുട്ടിയെ പ്രതി പുറത്തേക്ക് ചവിട്ടി വീഴ്ത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അർച്ചനയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചിരുന്നു. അർച്ചനയുടെ ബഹളം കേട്ട് ചുവന്ന ഷർട്ട് ധരിച്ചയാളാണ് ആദ്യം ഓടിയെത്തിയത്. അർച്ചനയെ രക്ഷിച്ചശേഷം പ്രതിയെയും കീഴടക്കി. ഈ രക്ഷകനെ പിന്നീട് ട്രെയിനിൽ ഉണ്ടായിരുന്ന ആരും കണ്ടിട്ടില്ല. തുടർന്ന് പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെ തെരഞ്ഞുകൊണ്ട് പൊലീസ് പരസ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഇയാളെ കണ്ടെത്തിയത്.
സുരേഷ് കുമാറിനെ ഇന്നലെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവമുണ്ടായ ദിവസം സുരേഷ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കേരള എക്‌സ്‌പ്രസിൽ കയറിയത്. സംഭവങ്ങൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്രതി പൊലീസിനോട് വിവരിച്ചു. ട്രെയിനിൽ കയറുന്നതിന് മുൻപ് മദ്യപിക്കാനെത്തിയ ബാറിലും ഇന്ന് തെളിവെടുപ്പ് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |