
തിരുവനന്തപുരം : സംസ്ഥാനത്ത് 7.9 ശതമാനം സ്ത്രീകളിൽ ഗർഭാശയഗളാർബുദമെന്ന് (സെർവിക്കൽ ക്യാൻസർ) ആരോഗ്യകുപ്പിന്റെ കണക്ക്. ക്യാമ്പൈയിന്റെ ഭാഗമായി 2024 ഫെബ്രുവരി നാലുമുതൽ മുപ്പതിനായിരം സ്ത്രീകളെ പരിശോധിച്ചു. 84 പേർക്ക് രോഗം സ്ഥിരീകരിച്ചു. 243 പേർക്ക് പ്രീ ക്യാൻസർ ലക്ഷണങ്ങളും കണ്ടെത്തി. ഇവർക്കുള്ള ചികിത്സ ആരംഭിച്ചു.
സ്ത്രീകളെ ബാധിക്കുന്ന പ്രധാനപ്പെട്ട ക്യാൻസറുകളിൽ ഒന്നാണിത്. ഹ്യൂമൻ പാപ്പിലോമാ വൈറസാണ് പ്രധാന കാരണം. സ്തനാർബുദവും തൈറോയ്ഡ് ക്യാൻസറും കഴിഞ്ഞാൽ ഗർഭാശയഗളാർബുദമാണ് വ്യാപകമായി കാണുന്നത്. എന്നാൽ, മരണനിരക്കിൽ ഇതാണ് മുന്നിൽ. നേരത്തെ കണ്ടത്തിയാൽ സങ്കീർണതകളില്ലാതെ ചികിത്സിക്കാം. തടയുന്നതിന് ഉചിതമായ മാർഗം വാക്സിനേഷനാണ്. കൗമാരക്കാരായ പെൺകുട്ടികൾക്കാണ് വാക്സിൻ നൽകേണ്ടത്. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സെർവിക്കൽ ക്യാൻസറിനെതിരെയുള്ള വാക്സിൻ നൽകുന്നതിനുള്ള പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചിട്ടുണ്ട്. പരിശോധന നടത്തുന്നതിനുള്ള കാലതാമസവും രോഗം കണ്ടെത്തുന്നതിനുള്ള സ്ക്രീനിംഗ് ക്യാമ്പുകളിൽ എത്തുന്നതിനുള്ള വൈമുഖ്യവുമാണ് ഗർഭാശയഗളാർബുദം പലപ്പോഴും ഗുരുതരമായി മാറാൻ കാരണം.
ജനകീയ ആരോഗ്യ കേന്ദ്രം മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിശ്ചിത ദിവസങ്ങളിൽ ക്യാൻസർ സ്ക്രീനിംഗിന് സൗകര്യമുണ്ട്. എല്ലാവരും തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ക്യാൻസർ സ്ക്രീനിംഗ് നടത്തണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |