
നെയ്യാറ്റിൻകര: ഒരിക്കൽ സമൃദ്ധജലസ്രോതസ്സായി ഗ്രാമജീവിതത്തിന് തണലായിരുന്ന അതിയന്നൂർ പഞ്ചായത്തിലെ വെള്ളോട്ട് കുളം നാശത്തിന്റെ വക്കിൽ. പരിപാലനമില്ലാതെ പായലും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ കുളത്തിലെ ജലം കൈകൊണ്ട് തൊടാൻ കഴിയാത്തത്രയും മലിനമാണ്.
വേനൽക്കാലങ്ങളിൽ കമുകിൻകോട്, കുശവൂർ കോട്ടുകോണം, കാണവിള, കൊച്ചുപള്ളി പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കും കാർഷിക ആവശ്യങ്ങൾക്കും വലിയ തോതിൽ ഉപയോഗിച്ചിരുന്ന ഈ കുളത്തിൽ ബണ്ട് കെട്ടി ജലക്ഷാമം പരിഹരിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു. എന്നാൽ നിലവിലുള്ള മൂന്ന് കുളിക്കടവുകളും തകർന്ന നിലയിലാണ്. രാത്രിയാകുമ്പോൾ ഇവിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുന്നത് സമീപവാസികൾക്ക് ഭീതിയുണ്ടാക്കുന്നു.
ജലം മലിനമായി
പുറത്തു നിന്നുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുളത്തിലേക്ക് തള്ളുന്നതിനാൽ ജലത്തിന്റെ ഗുണനിലവാരം പൂർണമായും തകരാറിലായി. കൊതുകുകളുടെ കേന്ദ്രമായി ഇവിടം മാറിയതോടെ, ആരോഗ്യപ്രശ്നങ്ങൾക്കും സാദ്ധ്യത കൂടിയിട്ടുണ്ട്. മഴക്കാലത്ത് സംരക്ഷണഭിത്തി തകർന്നതോടെ കരഭാഗങ്ങൾ ഇടിഞ്ഞ് കുളത്തിലേക്ക് പതിക്കുന്ന അവസ്ഥയുണ്ടായത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. ഇടയ്ക്ക് ചിലർ മത്സ്യക്കൃഷിക്ക് ശ്രമിച്ചെങ്കിലും അഴുക്കും മാലിന്യവും കാരണം വലിയ നേട്ടമുണ്ടായില്ല.
ഇഴജന്തുക്കളും
ഏറെ പഴക്കമുള്ള വെള്ളോട്ട് കുളം ഇപ്പോൾ നെൽപ്പാടമാണോ എന്നു തോന്നുമാറാണ് കാട് പിടിച്ച് കിടക്കുന്നത്. വെള്ളോട്ട്കുളം ഇപ്പോൾ ഇഴജന്തുക്കളുടെ ആവാസമേഖലയായി മാറിയത് നാട്ടുകാരുടെ സ്വൈരം കെടുത്തുന്നു. കുളം പുതുക്കിപ്പണിതാൽ നീന്തൽ പരിശീലനം ഉൾപ്പെടെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പ്രവർത്തനങ്ങൾ നടത്താമെന്നും അതിനായി അതിയന്നൂർ ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |