
കൊല്ലം: വിപണിയിൽ രണ്ടേകാൽ ലക്ഷം രൂപ വിലവരുന്ന 1400 ടൈഡോൾ ഗുളികകളും രണ്ട് ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായി. മയ്യനാട് വലിയവിള കാരിക്കുഴി സുനാമി ഫ്ലാറ്റ് 118/8 ൽ ഫ്രാൻസിസ് (27), മയ്യനാട് സുനാമി ഫ്ലാറ്റ് 11/8 ൽ അലക്സാണ്ടർ (29) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
ഇരവിപുരം സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ ഏറെ ദിവസങ്ങളായി ഫ്രാൻസിസിനെയും അലക്സാണ്ടറിനെയും പൊലീസ് തിരയുകയായിരുന്നു. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ മയ്യനാട് വലിയവിളയിലുള്ള പോത്ത് വളർത്തൽ കേന്ദ്രത്തിലുണ്ടെന്ന് സ്ഥികരീച്ചു. പൊലീസിനെ കണ്ടപാടെ ഫാമിൽ നിന്ന് രക്ഷപ്പെട്ട പ്രതികളെ പിന്തുടർന്ന് പിടികൂടി. ദേഹപരിശോധനയിൽ പ്രതികളുടെ പക്കൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു. തുടർന്ന് ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ടൈഡോൾ ഗുളികകൾ കണ്ടെടുത്തത്.
കൊല്ലം എ.സി.പി എസ്.ഷെറീഫിന്റെ നേതൃത്വത്തിൽ ഇരവിപുരം ഇൻസ്പെക്ടർ രാജീവ്, എസ്.ഐ രഞ്ജിത്ത്, നൗഷാദ്, സി.പി.ഒമാരായ സജിൻ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |