
തൃശൂർ: നാമനിർദ്ദേശ പത്രികാസമർപ്പണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പുറത്തുവന്ന പട്ടികയെച്ചൊല്ലി മുന്നണികളിൽ കൂടുമാറ്റവും പാളയത്തിൽ പടയും. അതിനിടെ എതിർപക്ഷത്തെ അസ്വാരസ്യങ്ങൾ മുതലെടുക്കാനുള്ള നീക്കവും മുന്നണികളിലുണ്ട്. ചുവടുമാറ്റം പത്രികാ സമർപ്പണം വരെ നീണ്ടേക്കും.
അതേസമയം അഞ്ച് വർഷമായി ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോൺഗ്രസ് അംഗം സുജിഷ കള്ളിയത്ത് ബി.ജെ.പിയിലേക്ക് മാറി. സി.പി.ഐ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് ഗുരുവായൂർ നഗരസഭ മുൻ വൈസ് ചെയർമാൻ അഭിലാഷ് വി.ചന്ദ്രൻ പാർട്ടി വിട്ടു. പത്മജ വേണുഗോപാലിന്റെ സമ്മർദ്ദത്തിൽ ഡിവിഷനിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ നിറുത്തിയതിൽ പ്രതിഷേധിച്ച് വടൂക്കരയിൽ ബി.ജെ.പിക്കെതിരെ വിമത സ്ഥാനാർത്ഥി മത്സരിച്ചേക്കും. ബി.ജെ.പിയുടെ പ്രാദേശിക നേതാവ് സി.എസ്.സുജിത്താണ് വിമതനാകുമെന്ന് പ്രഖ്യാപിച്ചത്. വടൂക്കര ഡിവിഷനിൽ സുജിത്തിന്റെ നേതൃത്വത്തിൽ 20ഓളം പേർ പാർട്ടി വിടുകയും ചെയ്തു. ഇവിടെ ബി.ജെ.പി തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. കുട്ടൻകുളങ്ങരയിൽ വി.ആതിരയെ സ്ഥാനാർത്ഥിയാക്കിയതിലും എതിർപ്പുണ്ട്. കഴിഞ്ഞ ദിവസം ഡിവിഷൻ യോഗത്തിനെത്തിയ സ്ഥാനാർത്ഥിയെ ബി.ജെ.പി പ്രവർത്തകർ തടയുകയും ചെയ്തു.
പ്രമുഖ പാർട്ടികൾക്കും തലവേദന
സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തിയുണ്ടെങ്കിലും പരസ്യമായ പൊട്ടിത്തെറിയില്ലാത്ത സി.പി.എമ്മിലും ഇത്തവണ സീറ്റ് ലഭിക്കാത്തവർ രംഗത്തെത്തി. കോട്ടപ്പുറത്തെ സ്ഥാനാർത്ഥിക്കെതിരെ ബ്രാഞ്ച് കമ്മിറ്റി അംഗം ജിതിൻ വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രാദേശികമായി പിന്തുണയില്ലാത്ത ആളെ സ്ഥാനാർത്ഥിയായി മേൽഘടകം കെട്ടി ഏൽപ്പിച്ചുവെന്നും കത്ത് നൽകിയിട്ടും പരിഗണിച്ചില്ലെന്നുമാണ് ആക്ഷേപം. കോട്ടപ്പുറത്തെ സി.പി.എം സ്ഥാനാർത്ഥി പി.ഹരി സ്വീകാര്യനല്ലെന്നും കുറ്റപ്പെടുത്തലുണ്ട്. കോൺഗ്രസിൽ ഡി.സി.സി സെക്രട്ടറി രവി ജോസ് താണിക്കൽ സ്ഥാനങ്ങൾ രാജിവച്ചാണ് പ്രതിഷേധിച്ചത്. കോൺഗ്രസ് കൗൺസിലറായ നിമ്മി റപ്പായി സീറ്റ് നിഷേധിച്ചതോടെ സി.പി.ഐ സ്ഥാനാർത്ഥിയാകുകയും ചെയ്തു.
കൂടുമാറി, രാജിവച്ച്...
1. എൽ.ഡി.എഫ് ഭരണസമിതി അംഗം (ജനതാദൾ (എസ്)) ഷീബ ബാബു എൻ.ഡി.എയിലേക്ക്.
2. ഡി.സി.സി. സെക്രട്ടറി രവി ജോസ് താണിക്കൽ പാർട്ടി സ്ഥാനങ്ങൾ രാജിവച്ചു.
3. കോൺഗ്രസിന്റെ മുൻ കൗൺസിലർമാരായ ജോർജ് ചാണ്ടി, ഷോമി ഫ്രാൻസിസ് എന്നിവർ പാർട്ടി വിട്ടു.
4. ഗുരുവായൂരിൽ മുൻ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി.ചന്ദ്രൻ സി.പി.ഐ വിട്ടു.
5. ബി.ജെ.പി കോർപറേഷൻ മുൻ മേഖലാ ഭാരവാഹി സി.എസ്.സുജിത്ത് വടൂക്കരയിൽ വിമത സ്ഥാനാർത്ഥി..?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |