
24കാരൻ അത്ഭുകരമായി രക്ഷപ്പെട്ടു
റിയാദ്: സൗദി അറേബ്യയിൽ മദീനയ്ക്കു സമീപം ഉംറ തീർത്ഥാടകരുമായി സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 45 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം.
മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടുന്നു. ബസ് പൊട്ടിത്തെറിച്ചതിനാൽ മരിച്ചവരിൽ പലരുടെയും മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്തവിധം കത്തിയമർന്നു.
തെലങ്കാനയിലെ ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ സീറ്റിന് സമീപം ഇരുന്ന മുഹമ്മദ് അബ്ദുൾ ഷുഐബ് (24) അത്ഭുകരമായി രക്ഷപ്പെട്ടു. ഗുരുതര പരിക്കോടെ സൗദിയിലെ ജർമ്മൻ ആശുപത്രിയിൽ ചികിത്സയിലാണ്. വിൻഡ്‌സ്ക്രീൻ തകർത്ത് പുറത്തേക്ക് ചാടുകയായിരുന്നു ഷുഐബ് .
സ്ഥലത്തുണ്ടായിരുന്നവരുടെ സഹായത്തോടെ അപകട വിവരം നാട്ടിലേക്കറിയിക്കാൻ ഷുഐബിനായി. ഇതിനു ശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയത്. അന്ത്യകർമ്മങ്ങൾ സൗദിയിൽ നടത്താൻ ബന്ധുക്കൾ തീരുമാനിച്ചതായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഓഫീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിലെ രണ്ടു പേരെ വീതം സർക്കാർ സൗദിയിലേക്ക് കൊണ്ടുപോകും. മരിച്ചവരുടെ കുടുംബത്തിന് തെലങ്കാന സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
മരിച്ചവരിൽ റാംനഗറിലെ ഒരു കുടുംബത്തിലെ ഒമ്പത് കുട്ടികൾ അടക്കം 18 പേരും ബസാർ ഘട്ടിലെ ഒരു കുടുംബത്തിലെ 16 പേരും ഉൾപ്പെടുന്നു. ഈ മാസം 9നാണ് 54 പേരുടെ സംഘം ഹൈദരാബാദിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടത്. നാലു പേർ മക്കയിൽ തുടരുകയാണ്. നാല് പേർ കാറിൽ മദീനയിലെത്തി. സൗദി അധികൃതർ അന്വേഷണം ആരംഭിച്ചു.
# ഉറക്കത്തിൽ ദുരന്തം
അപകടം ഇന്ത്യൻ സമയം, ഇന്നലെ പുലർച്ചെ 1.30ന്
മക്കയിൽ നിന്ന് വരികയായിരുന്ന ബസ്, മദീനയ്ക്ക് 25 കിലോമീറ്റർ മുമ്പുള്ള മുഫ്രിഹത്ത് നഗരത്തിന് സമീപത്തുവച്ച് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു
അപകടകാരണം വ്യക്തമല്ല. ബസ് ഡ്രൈവർ ഉറങ്ങിയതോ അമിതവേഗതയോ ആകാം
യാത്രക്കാർ ഉറക്കത്തിലായിരുന്നതും പെട്ടെന്ന് തീ വ്യാപിച്ചതും അപകടത്തിന്റെ തീവ്രത കൂട്ടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |