
ലണ്ടൻ: ഉറക്കമുണർന്ന് കണ്ണാടി നോക്കിയപ്പോൾ കണ്ടത് ശരീരം മുഴുവനും നീലനിറത്തിൽ. ബ്രിട്ടനിലാണ് സിനിമാക്കഥയെ വെല്ലുന്ന വിചിത്ര സംഭവം. ടോമി ലിഞ്ച് എന്ന 40-കാരനാണ് വിചിത്ര അനുഭവം ഉണ്ടായത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ടോമിയെ കണ്ട സുഹൃത്ത് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
അത്യാഹിത വിഭാഗത്തിലെത്തിയ ടോമിയെ ഡോക്ടർമാരും നഴ്സുമാരും കണ്ട് അമ്പരന്നു. ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതി അദ്ദേഹത്തിന് ഓക്സിജൻ നൽകി പരിശോധനകൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ പരിശോധനയ്ക്കിടെ ഒരു ഡോക്ടർ ടോമിയുടെ കൈ ആൽക്കഹോൾ സ്വാബ് ഉപയോഗിച്ച് തുടച്ചതോടെയാണ് വൻ വെളിപ്പെടുത്തലുണ്ടായത്.
കൈ തുടച്ച പഞ്ഞിയിൽ നീലനിറം പടരുന്നത് കണ്ടപ്പോഴാണ് അത് രക്തത്തിലെ തകരാറല്ലെന്നും പുറമെ നിന്നുള്ള ചായമാണെന്നും ഡോക്ടർമാർക്ക് മനസിലായത്. അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്—ടോമി അടുത്തിടെ വാങ്ങിയ പുതിയ നേവി ബ്ലൂ കിടക്കവിരിയിലുള്ള ചായമാണ് ശരീരത്തിൽ പറ്റിപ്പിടിച്ചതായിരുന്നു.
പുതിയ വിരിപ്പ് കഴുകാതെ രണ്ട് ദിവസം ഉപയോഗിച്ചതാണ് വിനയായത്. വിയർപ്പിലൂടെ ചായം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയായിരുന്നു. ഇതോടെ ആശുപത്രിയിൽ കൂട്ട ചിരിപടർന്നു. ജീവനോടെയിരിക്കുന്ന ഒരാൾ ഇങ്ങനെയൊരു നിറത്തിൽ വരുന്നത് ആദ്യമായിട്ടാണ് കാണുന്നതെന്നായിരുന്നു ഡോക്ടർമാരുടെ തമാശ കലർന്ന പ്രതികരണം.
താൻ 'അവതാർ' സിനിമയിലെ കഥാപാത്രത്തെപ്പോലെയായി എന്ന് ടോമി തന്നെ പിന്നീട് തമാശരൂപേണ പറഞ്ഞു. എന്നാൽ ഇയാളുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന നീലനിറം അത്ര പെട്ടെന്നൊന്നും മാഞ്ഞില്ല. നിറം പൂർണമായും മാറാൻ ഒരാഴ്ചയോളം എടുത്തു. പലതവണ കുളിച്ചിട്ടും വെള്ളം നീലനിറത്തിലാവുകയായിരുന്നു. പുതിയ വസ്ത്രങ്ങളും വിരികളും ഉപയോഗിക്കുന്നതിന് മുൻപ് കഴുകണമെന്ന പാഠമാണ് ഈയൊരു അനുഭവം നൽകിയതെന്ന് ടോമി പറയുന്നു. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ഉടൻ താൻ ചെയ്ത ആദ്യ കാര്യം കിടക്കവിരി കഴുകുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |