
തഴവ: വാഹനം കുറുകെ വെച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്താൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കായംകുളം കാപ്പിൽ കൊച്ചുതറ തെക്കതിൽ മുഹമ്മദ് ഫസൽ (25), കൃഷ്ണപുരം തോട്ട്കണ്ടത്തിൽ മനുമോഹൻ (27) എന്നിവരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ തഴവ അമ്പലമുക്കിന് സമീപം പ്രദേശവാസിയായ നിധിൻ സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ പ്രതികൾ സഞ്ചരിച്ച സ്കൂട്ടർ ബൈക്കിന് കുറുകെ വെച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ പ്രതികൾ കൈവശം സൂക്ഷിച്ചിരുന്ന ആയുധം ഉപയോഗിച്ച് നിധിന്റെ തലയ്ക്ക് വെട്ടുകയും ചവിട്ടി നിലത്തിടാൻ ശ്രമിക്കുകയും ആയിരുന്നു.
പരിക്കേറ്റ നിധിൻ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നിധിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കരുനാഗപ്പള്ളി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. ആലപ്പുഴ ജില്ലയിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്.
കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനൂപ്, എസ്.ഐ മാരായ ഷമീർ, ആഷിക്, എ.എസ്.ഐ മാരായ രഞ്ജിത്ത്, ശ്രീജിത്ത്, എസ്.സി.പി.ഒ മാരായ ഹാഷിം, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |