
കുട്ടികൾ മുതൽ മുതിർന്നവർ വരെ ദിവസേന ഉപയോഗിക്കുന്ന വസ്‌തുവാണ് വാട്ടർ ബോട്ടിൽ. പലരും ഇതിനായി പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക്, സ്റ്റീൽ കുപ്പികളാണ് ഉപയോഗിക്കുന്നത്. ഇവ പല രൂപത്തിലും നിറങ്ങളിലും ലഭ്യമാണ്. കാണാനേറെ ഭംഗിയുള്ള വാട്ടർ ബോട്ടിലുകളാണ് കുട്ടികൾ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നത്. പ്ലാസ്‌റ്റിക്ക് കുപ്പികളിൽ വെള്ളം കുടിക്കുന്നത് ദോഷമാണെന്നതിനാൽ ഇപ്പോൾ എല്ലാവരും ഉയർന്ന ഗ്രേഡിലുള്ള പ്ലാസ്റ്റിക്കുകൊണ്ട് നിർമിച്ച കുപ്പികൾ നോക്കി വാങ്ങാറുണ്ട്. എന്നാൽ, ഇതുകൊണ്ട് മാത്രം നിങ്ങളുടെ ആരോഗ്യം സുരക്ഷിതമാണെന്ന് കരുതുന്നുണ്ടോ?
പുതിയ പഠനങ്ങളിൽ പറയുന്നതനുസരിച്ച്, നിങ്ങൾ വെള്ളം കുടിക്കുന്ന കുപ്പിയിൽ നിന്നാണ് ഭൂരിഭാദം രോഗങ്ങളും വരുന്നതെന്നാണ്. എത്ര തിളപ്പിച്ചാറ്റിയ വെള്ളമാണ് കുപ്പികളിൽ നിറയ്‌ക്കുന്നതെന്ന് പറഞ്ഞാലും അതിൽ രോഗാണുക്കൾ നിറഞ്ഞിരിക്കുന്നു എന്നാണ് വിദഗ്ദ്ധർ പറയുന്നത്. അൽപ്പം വെള്ളം കുടിക്കുമ്പോൾ തന്നെ നമ്മുടെ വായിൽ നിന്നും കയ്യിൽ നിന്നുമെല്ലാമുള്ള അണുക്കൾ കുപ്പിയിൽ പ്രവേശിക്കുന്നു.

വരാൻ പോകുന്നത് ഗുരുതര രോഗങ്ങൾ
നമ്മുടെ കണ്ണിൽ കാണാൻ കഴിയാത്ത സൂക്ഷ്‌മാണുക്കൾ ഈ കുപ്പികളിൽ പറ്റിപ്പിടിച്ചിരിക്കും. ഇവ കുപ്പിയുടെ ഏതെങ്കിലുമൊരു കോണിൽ പൂപ്പൽ, ബാക്‌ടീരിയ എന്നിവ വളർത്തുന്നതിന് കാരണമാകുന്നു. പിന്നീട് നമ്മൾ ഇതേ കുപ്പി തന്നെ കഴുകാതെ ഉപയോഗിക്കുമ്പോൾ അതിലെ സൂക്ഷ്‌മാണുക്കൾ നമ്മുടെ ശരീരത്തിനുള്ളിൽ എത്തും. ദിവസേന ഇങ്ങനെ വെള്ളം കുടിച്ചിട്ടും പ്രശ്‌നമൊന്നും ഉണ്ടായില്ലല്ലോ എന്ന് ചിലർ ചിന്തിക്കുന്നുണ്ടാകും. എന്നാൽ, ഉടൻ തന്നെ ലക്ഷണങ്ങൾ കണ്ടില്ലെങ്കിലും ഭാവിയിൽ ആസ്‌ത്‌മ, അലർജി പോലുള്ള ഗുരുതര പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു.
അകാരണമായി വരുന്ന വയറുവേദന, തൊണ്ടയിലെ ചൊറിച്ചിൽ, അലർജി പോലുള്ള പ്രശ്‌നങ്ങൾ വരുന്നുണ്ടെങ്കിൽ ഉപയോഗിക്കുന്ന ബോട്ടിൽ വൃത്തിയാക്കാൻ ശ്രദ്ധിക്കുക. വാട്ടർ ബോട്ടിൽ എത്രദിവസത്തിൽ കഴുകണം, എങ്ങനെ കഴുകണം എന്നെല്ലാം എന്ന കാര്യത്തിലെല്ലാം പല തരത്തിലുള്ള അഭിപ്രായങ്ങൾ വന്നിട്ടുണ്ട്.
എങ്ങനെ വൃത്തിയാക്കാം
വാട്ടർ ബോട്ടിൽ കഴുകുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അതിനാൽ എല്ലാ ദിവസവും വാട്ടർ ബോട്ടിൽ കഴുകണം. കട്ടിയുള്ള സ്റ്റീൽ സ്‌ക്രബർ ഉപയോഗിക്കുന്നതിന് പകരം സോപ്പ് ഉപയോഗിച്ച് പുറം ഭാഗം കൈ കൊണ്ടോ അല്ലെങ്കിൽ സ്‌പോഞ്ച് സ്‌ക്രബർ ഉപയോഗിച്ചോ കഴുകുക. ശേഷം ഉൾഭാഗം സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകുക.
ബോട്ടിലുകൾ പോറുകയോ ചളുങ്ങുകയോ ചെയ്‌താൽ അതിന്റെ വിടവുകളിലാണ് ഈ സൂക്ഷ്‌മാണുക്കൾ വളരുന്നത്. ഇത്തരം ബോട്ടിലുകൾ വൃത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ അവ ഉപേക്ഷിച്ച് പുതിയത് വാങ്ങുന്നതാണ് ഉത്തമം. സ്‌റ്റീൽ പാത്രങ്ങളിൽ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകാം. അകവും പുറവും ഒരുപോലെ വൃത്തിയാക്കാൻ മറക്കരുത്. ശേഷം ഉണക്കിയെടുക്കണം. ഡിഷ്‌വാഷറിൽ കുപ്പി കഴുകുന്നതും നല്ലതാണ്.

സോപ്പിന് പകരം വിനാഗിരി അല്ലെങ്കിൽ ബേക്കിംഗ് സോഡ ചെറുചൂടുവെള്ളത്തിൽ യോജിപ്പിച്ച് കഴുകിയാൽ മതി. എല്ലാ ദിവസവും സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം ആഴ്‌ചയിൽ ഒരു ദിവസം ചൂടുവെള്ളം ഉപയോഗിച്ച് ഡീപ് ക്ലീൻ ചെയ്യുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധർ പറയുന്നു. അത് ബുദ്ധിമുട്ടാണെങ്കിൽ കുറഞ്ഞത് രണ്ടാഴ്‌ചയിൽ ഒരിക്കലെങ്കിലും ഡീപ് ക്ലീൻ ചെയ്യുക. എന്നാൽ, പ്രോട്ടീൻ ഷേക്കുകൾ, ജ്യസ് പോലുള്ള പാനീയങ്ങൾ എടുക്കുന്ന കുപ്പികൾ ദിവസേന നല്ല രീതിയിൽ വൃത്തിയാക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുപ്പിയിൽ പൂപ്പൽ കാണുന്നുണ്ടെങ്കിലോ ഉള്ളിലെ വെള്ളത്തിന് വിചിത്രമായ മണം ഉണ്ടെങ്കിലോ അത് കുടിക്കാൻ പാടില്ല. ഉപയോഗിക്കാത്ത സമയത്ത് വാട്ടർ ബോട്ടിലിൽ വെള്ളം നിറച്ച് വയ്‌ക്കരുത്. ഇത് രാസവസ്‌തുക്കൾ വെള്ളത്തിലേക്ക് ഇറങ്ങുന്നതിന് കാരണമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |