
സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത ദുല്‍ഖര്‍ സര്‍മാന്‍ ചിത്രം കാന്ത വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നായികയുടെ വേഷത്തിലെത്തിയ ഭാഗ്യശ്രീ ബോര്‍സെയും വളരെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. ഇപ്പോഴിതായ ചിത്രത്തിലെ ഒരു രംഗത്തേക്കുറിച്ചും അതിന് പിന്നിലെ സംഭവത്തെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് നായിക. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനെ തല്ലുന്ന ഒരു സീനുണ്ടായിരുന്നു. ഇത് ചിത്രീകരിക്കുന്നതിനായി അദ്ദേഹത്തെ ശരിക്കും തല്ലേണ്ടി വന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.
ആ രംഗം ചിത്രീകരിക്കുന്നതിന് തനിക്ക് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നാണ് ഭാഗ്യശ്രീ പറയുന്നത്. ഭാഗ്യശ്രീ ബോര്‍സെയുടെ കുമാരി എന്ന കഥാപാത്രം ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തെ തല്ലുന്ന ഒരു രംഗം സിനിമയിലുണ്ട്. ഈ രംഗത്തില്‍ തനിക്ക് ദുല്‍ഖറിനെ ഒന്നല്ല, പലതവണ ശക്തിയായി അടിക്കേണ്ടി വന്നുവെന്ന് അവര്‍ പറഞ്ഞു. മടിച്ചുനിന്ന തനിക്ക് പ്രോത്സാഹനം നല്‍കി ആ രംഗം മികച്ചതാക്കാന്‍ ഒപ്പംനിന്നത് ദുല്‍ഖര്‍തന്നെയായിരുന്നെന്നും നടി വിശദീകരിച്ചു. വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുമ്പോഴായിരുന്നു ഭാഗ്യശ്രീയുടെ പ്രതികരണം.
ജീവിതത്തില്‍ ആരേയും തല്ലേണ്ടി വന്നിട്ടില്ലെന്നും അതുകൊണ്ട് തന്നെ അങ്ങനെയൊരു സീന്‍ ചിത്രീകരിക്കാന്‍ തനിക്ക് ഒരുപാട് സമയം ആവശ്യമായി വന്നുവെന്നും നടി പറയുന്നു. തല്ലുന്നതായി അഭിനയിച്ചാല്‍ മതിയോ എന്നും ചോദിച്ചുവെന്നും എന്നാല്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി തല്ലേണ്ടി വന്നപ്പോള്‍ ദുല്‍ഖര്‍ തന്നെയാണ് പിന്തുണച്ചതെന്നും ഭാഗ്യശ്രീ പറയുന്നു. കഥാപാത്രത്തിന്റെ യഥാര്‍ത്ഥ ഭാവം പുറത്തുവരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിനാല്‍ ദുല്‍ഖര്‍ എന്നോട് ചെയ്യാന്‍ ആവശ്യപ്പെട്ടത് എനിക്ക് ചെയ്യേണ്ടി വന്നു.' ഭാഗ്യശ്രീ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |