
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികാ സമർപ്പണം അവസാനിക്കാൻ മൂന്നു നാൾ മാത്രം ശേഷിക്കേ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണയത്തിൽ കുഴങ്ങുകയാണ് മൂന്നു മുന്നണികളും. എല്ലാ ഡിവിഷനുകളിലും സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായ ഒറ്റ ജില്ലയുമില്ല. ചില ജില്ലകളിൽ ഇന്ന് പൂർത്തിയാകും. മറ്റിടങ്ങളിൽ ഒത്തുതീർപ്പ് ശ്രമം തുടരുന്നു. ഒരു ഡിവിഷനിൽ ഒന്നിലധികം സ്ഥാനാർത്ഥികൾ രംഗത്തുള്ളതും സീറ്റ് ധാരണയാവാത്തതുമാണ് പ്രതിസന്ധി.
കോൺഗ്രസിനുള്ളിലെ ചേരിപ്പോരാണ് ചില ജില്ലകളിൽ യു.ഡി.എഫിനെ വട്ടംചുറ്റിക്കുന്നത്. യുവജന വിഭാഗം നേതാക്കൾ സ്ഥാനാർത്ഥി മോഹവുമായി കളത്തിലിറങ്ങിയതും വെല്ലുവിളിയായി. എൻ.ഡി.എയിൽ ബി.ഡി.ജെ.എസും ബി.ജെ.പിയും സമരസപ്പെടാത്തതാണ് തടസം. സി.പി.എം-സി.പി.ഐ തർക്കമാണ് ചിലയിടങ്ങളിൽ എൽ.ഡി.എഫിലെ പ്രശ്നം.
പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് ഒറ്റ ഡിവിഷനിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കോഴഞ്ചേരി ഡിവിഷനിൽ ബി.ഡി.ജെ.എസുമായുള്ള തർക്കമാണ് എൻ.ഡി.എയിലെ പ്രശ്നം. തർക്കത്തിന് പരിഹാരമായെന്നാണ് അറിയുന്നത്. എറണാകുളത്ത്
കീഴ്മാട് ഡിവിഷനിൽ യു.ഡി.എഫിൽ തർക്കം തുടരുകയാണ്. നാലു ഡിവിഷനുകളിൽ എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥികളെ നിശ്ചയിക്കണം.
ചർച്ചകൾ തുടർന്ന്
കോട്ടയം, ആലപ്പുഴ
കോട്ടയം ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഒന്നുമായില്ല. ചാണ്ടി ഉമ്മൻ ചില ഡിവിഷനുകളിൽ ചിലരുടെ പേര് പ്രഖ്യാപിച്ചത് കോൺഗ്രസിൽ പടയ്ക്ക് കാരണമായിട്ടുണ്ട്. മുസ്ലിംലീഗും കേരള കോൺഗ്രസും ചില ഡിമാന്റുകൾ മുന്നോട്ടു വച്ചിട്ടുണ്ട്. ആലപ്പുഴയിൽ യു.ഡി.എഫ് ഒമ്പത് ഡിവിഷനുകളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയെങ്കിലും ബാക്കി സീറ്റുകളിൽ ചർച്ച നടക്കുന്നേയുള്ളു. എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. തെക്കൻ മേഖലയിലെ ചില ഡിവിഷനുകളിൽ ബി.ജെ.പിയും ബി.ഡി.ജെ.എസും ധാരണയിലെത്താത്തതാണ് എൻ.ഡി.എയുടെ തടസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |