
ബംഗളൂരു: എടിഎമ്മിൽ നിറയ്‌ക്കാനായി കൊണ്ടുപോയ ഏഴ് കോടി രൂപ പട്ടാപ്പകൽ കവർച്ചാ സംഘം തട്ടിയെടുത്തു. ബംഗളൂരുവിലാണ് സംഭവം. സെൻട്രൽ ടാസ്‌ക് ഓഫീസർമാരെന്ന വ്യാജേന എത്തിയ സംഘമാണ് പണം തട്ടിയത്.
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ജെപി നഗർ ബ്രാഞ്ചിൽ നിന്ന് പണം കൊണ്ടുപോവുകയായിരുന്ന ക്യാഷ് വാനിനെ സംഘം വഴിയിൽ തടഞ്ഞ് നിർത്തുകയായിരുന്നു. ഇന്നോവയിലെത്തിയ സംഘം ജീവനക്കാരോട് തങ്ങൾ നികുതി വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുകയും രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്ന് പറയുകയും ചെയ്‌തു. ജീവനക്കാരെ സംസാരിക്കാൻ അനുവദിക്കാതെ ഞൊടിയിടയിൽ തന്നെ സംഘം പണം മുഴുവൻ അവരുടെ വാഹനത്തിലേക്ക് മാറ്റി. ഉടൻതന്നെ വണ്ടിയെടുത്ത് സ്ഥലംവിട്ടു.
ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൗത്ത് ഡിവിഷൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു. ഇതിന് പിന്നിൽ വലിയൊരു കൊള്ളസംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |