
ന്യൂഡൽഹി: മുസ്ലിം പുരുഷന്മാർ വിവാഹബന്ധം അവസാനിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന തലാഖ്-ഇ-ഹസന്റെ സാധുതയെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി. എട്ട് വർഷങ്ങൾക്ക് മുൻപ് തലാഖ്-എ-ബിദ്ദത് എന്നറിയപ്പെടുന്ന വിവാഹമോചന രീതി സുപ്രീം കോടതി നിരോധിച്ചിരുന്നു. അതിന്റെ മറ്റൊരു രീതിയാണ് തലാഖ്-ഇ-ഹസൻ. മൂന്ന് തവണ തലാക്കെന്ന് പറഞ്ഞ് നിമിഷ നേരം കൊണ്ട് വിവാഹ മോചനം പ്രഖ്യാപിക്കുന്ന രീതിയാണ് സുപ്രീം കോടതി നിരോധിച്ചത്. എന്നാൽ, മാസത്തിൽ ഒരു തവണ വീതം മൂന്ന് മാസം തലാഖ് ഉച്ചരിച്ച് വിവാഹ മോചനം അനുവദിക്കുന്ന രീതി ഇപ്പോഴും നിലനിൽക്കുന്നു. ഇതിനെയാണ് സുപ്രീം കോടതി ചോദ്യം ചെയ്‌തത്.
ഇക്കാലത്ത് ഇതെങ്ങനെ അനുവദിക്കാനാകുമെന്ന് ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയാൻ, എൻ.കെ.സിംഗ് എന്നിവർ ചോദിച്ചു. ഭർത്താവുമായി നിയമപരമായി വേർപിരിഞ്ഞതിന്റെ രേഖയില്ലാത്തതിനാൽ മകന് സ്‌കൂളിൽ അഡ്മിഷൻ നിഷേധിച്ചതിനെ തുടർന്ന് ഒരു സ്‌ത്രീ നൽകിയ ഹർജി പരിശോധിക്കവെയാണ് കോടതിയുടെ പ്രതികരണം.
തലാഖ് നോട്ടീസിൽ ഭർത്താവിന്റെ ഒപ്പില്ലാത്തതിനാലാണ് മകന്റെ അഡ്മിഷന് തടസം നേരിട്ടതെന്ന് ബെനസീർ ഹീന പറയുന്നു. ഇവരുടെ ഭർത്താവായ ഗുലാം അക്തർ അഭിഭാഷകൻ മുഖേനയാണ് യുവതിക്ക് തലാഖ് നൽകിയത്. അയാൾ പിന്നീട് മറ്റൊരു വിവാഹം കഴിച്ചു. 11 പേജുള്ള തലാഖ് നോട്ടീസിൽ ഭർത്താവിന്റെ ഒപ്പില്ലെന്നും ഭർത്താവിന്റെ അഭിഭാഷകനാണ് തലാഖ് ഉച്ചരിച്ചതെന്നും ഹീനയുടെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഇതൊരു സാധാരണമായ പ്രക്രിയയാണെന്ന് ഭർത്താവിന്റെ അഭിഭാഷകൻ വാദിച്ചു. തുടർന്നായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം.
ഇതെങ്ങനെ ഒരു സാധാരണ പ്രക്രിയയാകുമെന്നും നേരിട്ട് സംസാരിക്കാൻ ഭർത്താവിന് എന്താണ് തടസമെന്നും കോടതി ചോദിച്ചു. ആധുനിക സമൂഹത്തിൽ ഇത്തരം രീതികളെ എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്ന് ചോദിച്ച കോടതി മതപരമായി തലാഖ് നൽകുമ്പോൾ അതിന്റെ ഭാഗമായ എല്ലാ നടപടികളും കൃത്യമായി പാലിക്കണമെന്നും വ്യക്തമാക്കി.
കുട്ടിക്ക് അഡ്മിഷൻ നിഷേധിച്ച സ്‌കൂൾ ഏതാണെന്നും കോടതി ചോദിച്ചു. സമൂഹത്തിൽ ഉന്നതജോലികൾ ചെയ്യുന്ന സ്‌ത്രീകൾക്ക് ഇത്തരം പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമ്പോൾ സാധാരണ സ്‌ത്രീകളുടെ അവസ്ഥ എന്താകുമെന്ന് കോടതി ആശങ്കപ്പെട്ടു. മുസ്ലീങ്ങൾക്കിടയിൽ നിലവിലുള്ള വിവിധ വിവാഹമോചന രീതികളെക്കുറിച്ച് അറിയേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി അടുത്ത ഹിയറിങ്ങിൽ ഭർത്താവ് ഹാജരാകണമെന്ന് ഉത്തരവിട്ടു. വിവാഹമോചനത്തെ ചോദ്യം ചെയ്‌ത് പരാതി നൽകിയെ സ്‌ത്രീയെ കോടതി അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |