
കൊച്ചി: കൊച്ചിൻ ദേവസ്വം കമ്മിഷണർ എസ്.ആർ. ഉദയകുമാർ ക്വാർട്ടേഴ്സ് മോടി പിടിപ്പിക്കാനും പുതിയ കാർ വാങ്ങാനുമായി 43 ലക്ഷം രൂപ ധൂർത്തടിച്ചതു സംബന്ധിച്ച് പൊലീസ് വിജിലൻസ് സംഘം ഇന്നലെ ബോർഡ് ആസ്ഥാനത്ത് പരിശോധന നടത്തി. ഫയലുകളുടെ പകർപ്പുകളെടുത്തു. ഫെബ്രുവരി 20ന് കേരളകൗമുദിയാണ് ധൂർത്ത് പുറത്തുകൊണ്ടുവന്നത്. പിന്നാലെ നിരവധി പരാതികൾ ദേവസ്വം മന്ത്രിക്കും വിജിലൻസിനും ലഭിച്ചിരുന്നു.
ആറംഗ സംഘം ഇന്നലെ രാവിലെ 10.30നാണ് എത്തിയത്. ഉച്ചയ്‌ക്ക് 2 വരെ രേഖകൾ പരിശോധിച്ചു. ദേവസ്വം കമ്മിഷണറിൽ നിന്നും ദേവസ്വം സെക്രട്ടറിയിൽ നിന്നും സെക്ഷൻ ക്ളാർക്കുമാരിൽ നിന്നും വിവരങ്ങൾ തേടി. ക്വാർട്ടേഴ്സിലേക്ക് എ.സിയും ടി.വിയും കട്ടിലും സ്റ്റൗവും അടുക്കളപ്പാത്രങ്ങളും ഹീറ്ററും ദേവസ്വം ചെലവിലാണ് വാങ്ങിയത്. ഇവയ്ക്കെല്ലാം കൂടി ആറ് ലക്ഷത്തോളം രൂപ ചെലവായി. സ്വയം ഫയലെഴുതി പർച്ചേസ് ശുപാർശ നൽകുകയായിരുന്നു. ക്വാർട്ടേഴ്സ് അറ്റകുറ്റപ്പണിയുടെ ചെലവ് താമസക്കാർ വഹിക്കണമെന്നാണ് ദേവസ്വം ചട്ടം.
മുൻ കമ്മിഷണർക്ക് വേണ്ടി വാങ്ങിയ നാലു വർഷം മാത്രം പഴക്കമുള്ള ഫോർഡ് എസ്കോർട്ട് കാറിനു പകരം 17 ലക്ഷത്തിന്റെ മാരുതി എസ് ക്രോസാണ് വാങ്ങിയത്. തൃശൂരിലെ ക്വാർട്ടേഴ്സ് അറ്റകുറ്റപ്പണിക്ക് 26 ലക്ഷം ചെലവായി. കമ്മിഷണറുടെ ആർഭാടത്തെക്കുറിച്ച് ജീവനക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടതിന് എറണാകുളം ശിവക്ഷേത്രത്തിലെ കൗണ്ടർ അസിസ്റ്റന്റ് എസ്. അഭിലാഷ് സസ്‌പെൻഷനിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |