കല്ലറ: വൃശ്ചിക മാസത്തിലെ തൃക്കാർത്തികക്ക് ദിവസങ്ങൾ ബാക്കി. ഗ്രാമങ്ങളിലെ ചന്തകളിലും, വഴിയോരങ്ങളിലുമൊക്കെ കാർത്തിക പുഴുക്കിന് വേണ്ടി കിഴങ്ങുവർഗങ്ങൾ നിറയേണ്ട സമയമായിട്ടും,പേരിനുമാത്രം ഒന്ന് രണ്ടിടങ്ങളിൽ മാത്രം കച്ചവടക്കാരുണ്ട്. അവിടയൊക്കെ കിഴങ്ങ് വർഗങ്ങൾക്ക് പൊന്നും വിലയും. തൃക്കാർത്തികയ്ക്ക് മൺചിരാതുകൾ കത്തിക്കുന്നതിനൊപ്പം പ്രാധാന്യമാണ് കിഴങ്ങുവർഗങ്ങൾ പുഴുങ്ങി കഴിക്കുന്നതും.
വിളക്ക് തെളിച്ചയുടൻ കപ്പ,ചേന,ചേമ്പ്,മധുരക്കിഴങ്ങ്, കൂവക്കിഴങ്ങ്,കാച്ചിൽ എന്നിവ പുഴുങ്ങി വാഴയിലയിൽ വിളക്കിന് മുന്നിൽ വയ്ക്കും. കാട്ടുപന്നികൾ നാട്ടിലിറങ്ങി മരച്ചീനി ഉൾപ്പെടെയുള്ളവയുടെ മൂട് മാന്തിത്തുടങ്ങിയതോടെ കർഷകർ കൃഷി മതിയാക്കി.തുച്ഛ വിലയുണ്ടായിരുന്ന കിഴങ്ങ് വർഗങ്ങൾക്ക് വിലയും കൂടി.
ഇരുപത് മുതൽ മുപ്പത് രൂപവരെ വിലയുണ്ടായിരുന്ന കപ്പയാണിപ്പോൾ അൻപത് രൂപയിലെത്തിയത്. നേരത്തെ വിളവെടുപ്പ് സമയമാകുമ്പോൾ പന്നി,എലി ശല്യം മൂലം കർഷകന് മുടക്കുമുതൽ പോലും ലഭിച്ചിരുന്നില്ല. ഇതോടെ വാങ്ങാൻ ആളില്ലാതെ കൃഷിയിടങ്ങളിൽ തന്നെ മരച്ചീനി വിളഞ്ഞ് നശിക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു. എന്നാലിപ്പോൾ വിളവെടുക്കും മുമ്പേ പന്നികൾ കൂട്ടമായെത്തി കിഴങ്ങുകൾ ഭക്ഷിച്ച് മടങ്ങുകയാണ്. അതിനാൽ കപ്പയുടെ മൂടെണ്ണം നോക്കി വില പറഞ്ഞ് മരച്ചീനിയെടുക്കാൻ മൊത്തവിൽപ്പനക്കാരും മടിക്കുകയാണ്. വിലയുറപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ പന്നിയിറങ്ങി കപ്പയിളക്കി തിന്നുമ്പോൾ വലിയ നഷ്ടമുണ്ടാകുന്നുവെന്നാണ് ഇവരുടെ പരാതി.
ഒരുകാലത്ത് കിഴങ്ങുവിളകൾ കൊണ്ട് സമ്പന്നമായിരുന്ന കിളിമാനൂർ,കല്ലറ,വെഞ്ഞാറമൂട്,വെഞ്ഞാറമൂട് മാർക്കറ്റുകൾ ഇന്ന് ശൂന്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |