
തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിൽ പത്രികാസമർപ്പണം ഇന്നലെ പൂർത്തിയായി. 23612 വാർഡുകളിലേക്ക് 108580സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. 51352 പേർ പുരുഷൻമാരാണ്. 57227 സ്ഥാനാർത്ഥികൾ വനിതകളും.
ആകെ 164427 സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.ഇന്നലെ മാത്രം 45652സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്.
മലപ്പുറത്താണ് കൂടുതൽ സ്ഥാനാർത്ഥികൾ- 13595, തൊട്ടുപിന്നിൽ തൃശ്ശൂർ- 11079, പാലക്കാട് 10372പേരും എറണാകുളത്ത് 10092പേരും പത്രിക നൽകി. വയനാടാണ് ഏറ്റവും കുറച്ച് പത്രികകൾ കിട്ടിയത് -3180. കോഴിക്കോട് -9977, തിരുവനന്തപുരം -8625,കൊല്ലം -7141,പത്തനംതിട്ട- 4164, ആലപ്പുഴ- 7210,കോട്ടയം- 6276, ഇടുക്കി- 4257, കണ്ണൂർ- 8238, കാസർകോട്- 4374 എന്നിങ്ങനെയാണ് പത്രിക സമർപ്പണം.
#സൂഷ്മപരിശോധന ഇന്ന്
നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് രാവിലെ 10ന് ആരംഭിക്കും.
ബന്ധപ്പെട്ട വരണാധികാരികളാണ് സൂക്ഷ്മപരിശോധന നടത്തുക. സ്ഥാനാർത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിർദേശകൻ എന്നിവർക്കു പുറമേ സ്ഥാനാർത്ഥി എഴുതി നൽകുന്ന ഒരാൾക്കുകൂടി പ്രവേശനം അനുവദിക്കും.
സ്ഥാനാർത്ഥിയോ സ്ഥാനാർത്ഥിക്കുവേണ്ടിയോ ഒന്നിലധികം നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം ഒരുമിച്ചെടുത്തായിരിക്കും സൂക്ഷ്മപരിശോധന. സ്വീകരിക്കപ്പെട്ട പത്രികകൾ സമർപ്പിച്ച സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും.
#നാലുവാർഡുകളിൽ
ഇടതുമുന്നണിക്ക് എതിരില്ല
കണ്ണൂരിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂർ നഗരസഭയിലും എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാർഡ് അടുവാപ്പുറം നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥി ഐ.വി.ഒതേനൻ,ആറാം വാർഡിൽ സി.കെ.ശ്രേയ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത്. ഈ വാർഡുകളിൽ മറ്റാരും പത്രിക നൽകിയില്ല. ആന്തൂർ നഗരസഭയിൽ മൊറാഴ വാർഡിൽ കെ.രജിതയ്ക്കും പൊടിക്കുണ്ട് വാർഡിൽ കെ.പ്രേമരാജനും എതിരില്ല. ഇന്നത്തെ സൂക്ഷ്മ പരിശോധന കഴിയുന്നതോടെ ഇവർ ജേതാക്കളാവും.
എൽ.ഡി.എഫിന് പ്രതിപക്ഷമില്ലാത്ത നഗരസഭയാണ് ആന്തൂർ.സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണ് മലപ്പട്ടം ഗ്രാമപഞ്ചായത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |