
ശബരിമല: മാലിന്യ നിർമാർജനത്തിൽ മാതൃകയാകുകയാണ് ശബരിമല. ദിവസവും ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകർ എത്തുന്ന ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതിൽ ചുക്കാൻ പിടിക്കുന്നത് 24 മണിക്കൂറും സേവനസന്നദ്ധരായി നിൽക്കുന്ന ആയിരത്തോളം വിശുദ്ധി സേനാംഗങ്ങളാണ്. പത്തനംതിട്ട ജില്ലാ കളക്ടർ ചെയർപേഴ്സണും അടൂർ ആർ ഡി ഒ മെമ്പർ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയാണ് പൂങ്കാവനത്തിന്റെ ശുചീകരണ സേനയ്ക്ക് നേതൃത്വം നൽകുന്നത്.
ശബരിമലയിലെ ഏതൊരു ഭാഗത്തും നീല യൂണിഫോമിൽ ചെറു സംഘങ്ങളായി തിരിഞ്ഞ് പ്രായഭേദമെന്യ ശുചീകരണ പ്രവർത്തനങ്ങളിൽ മുഴുകുന്ന വിശുദ്ധിസേനയെ കാണുവാൻ സാധിക്കും.
സന്നിധാനത്ത് മാത്രം 300 പേരാണ് ശുചീകരണത്തിനായുള്ളത്. പമ്പയിൽ 220, നിലയ്ക്കൽ ബേസ് ക്യാമ്പിൽ 430, പന്തളത്ത് 20, കുളനട 10 എന്നിങ്ങനെയാണ് ഇവരെ വിന്യസിച്ചിരിക്കുന്നത് എന്ന് സേനയുടെ ചുമതല വഹിക്കുന്ന ശബരിമല എ ഡി എം ഡോ.അരുൺ എസ് നായർ പറഞ്ഞു.
തങ്ങൾക്ക് നൽകിയിരിക്കുന്ന സ്ഥലങ്ങളിലെ മാലിന്യം ട്രാക്ടറിൽ ശേഖരിക്കുന്ന ഈ സംഘങ്ങൾക്ക് അയ്യപ്പസ്വാമിയുടേയും പൂങ്കാവനത്തിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കുക എന്നതു മാത്രമാണ് ലക്ഷ്യം. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി ഇതിനായി 24 ട്രാക്ടറുകൾ ഉണ്ട്. ശേഖരിച്ച മാലിന്യം ഓരോ സ്ഥലത്തും മാലിന്യ സംസ്‌കരണത്തിനായി തയ്യാറാക്കിയിട്ടുള്ള ഇൻസിനറേറ്ററുകളിലേക്ക് കൈമാറും.
സന്നിധാനത്ത് 15 ഇടങ്ങളിലായിട്ടാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. ഓരോ ഇടത്തും സൂപ്പർവൈസറും ഉണ്ടാകുമെന്ന് സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റ് കൂടിയായ ഡെപ്യൂട്ടി കളക്ടർ എസ്.സനിൽകുമാർ അറിയിച്ചു.
വിശുദ്ധി സേനയ്ക്ക് താമസസൗകര്യവും ഭക്ഷണവും ദേവസ്വം ബോർഡാണ് ഒരുക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും തമിഴ്നാട് സേലം സ്വദേശികളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |