ചേളന്നൂർ: കണ്ണങ്കര പുനത്തിൽത്താഴം- ചിറക്കുഴി റോഡ്, പൊറോത്ത് താഴം ഭാഗങ്ങളിൽ അടക്ക മോഷണം പതിവാകുന്നു. രണ്ടുവീടുകളിൽ നിന്നായി നാലു ചാക്ക് അടക്കയാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം എമ്മണക്കാവിൽ താഴത്ത് പ്രേമരാജന്റെ വീട്ടിൽ നിന്നും ഒരു ചാക്ക് അടക്ക മോഷണം പോയി. ഉണക്കിയ ശേഷം ചാക്കിൽ നിറച്ച് അടുക്കള ഭാഗത്ത് സൂക്ഷിച്ചുവെച്ച അടക്ക പിറ്റേന്ന് രാവിലെ കാണാനില്ലെന്ന് പ്രേമരാജൻ പറഞ്ഞു. പൊറോത്തുതാഴം മുണ്ടേടത്ത് രാമചന്ദ്രന്റെ വീട്ടിൽ നിന്നും മൂന്നു ചാക്ക് അടക്കയാണ് മോഷണം പോയത്. വീട്ടിലുണ്ടായിരുന്ന അർബാനയടക്കം മോഷണം പോയി. ചൊവ്വാഴ്ച കവുങ്ങിൽ നിന്ന് പറച്ച പച്ചയടക്ക ചാക്കിലാക്കി വീടിനു സമീപം സൂക്ഷിച്ചതായിരുന്നുവെന്ന് രാമചന്ദ്രൻ പറഞ്ഞു. താഴെത്രക്കാട്ട് ചന്ദ്രൻ നായരുടെ സൈക്കിളും മോഷണം പോയിരുന്നു. സൈക്കിൾ സമീപത്തെ പറമ്പിൽ കണ്ടെത്തി. തലയിൽ ഹെൽമെറ്റ് ധരിച്ച മോഷ്ടാവ് അടക്ക അർബാനയിലാക്കി റോഡിലൂടെ തള്ളിക്കൊണ്ടു പോകുന്ന ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞു. പരാതി നൽകിയിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും അന്വേഷണം നടത്താൻ വൈകിയതായി പ്രദേശവാസികൾ പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞ ശേഷമാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രദേശത്ത് രാത്രിയിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |