
കൊച്ചി: കോന്തുരുത്തി പള്ളിക്ക് സമീപം ചാക്കിനുള്ളിൽ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശിയായ ലൈംഗികത്തൊഴിലാളിയുടേതെന്ന് വിവരം. സ്‌ത്രീ മലയാളിയല്ലെന്നും മുമ്പ് കണ്ടിട്ടില്ലെന്നുമാണ് നാട്ടുകാർ നേരത്തേ പറഞ്ഞിരുന്നത്. ജോർജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ രാത്രിയാണ് ഇയാൾ സ്‌ത്രീയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. ശേഷം പണം നൽകുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ മുറിക്കുള്ളിലുണ്ടായിരുന്ന ഇരുമ്പ് കഷ്‌ണമെടുത്ത് സ്‌ത്രീയുടെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ശരീരം കയറുകൊണ്ട് കെട്ടി റോഡിൽ ഉപേക്ഷിക്കാമെന്നായിരുന്നു കരുതിയിരുന്നത്. പുലർച്ചെയായിരുന്നു ഈ സംഭവം. മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്ന് വീഴുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ വീടിനുള്ളിൽ രക്തക്കറ കണ്ടെത്തി. സ്‌ത്രീയെ തിരിച്ചറിയാനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
മദ്യലഹരിയിലായിരുന്ന ജോർജ് ചാക്കിന് സമീപം ചാരിയിരിക്കുന്നതായിരുന്നു രാവിലെ സ്ഥലത്തെത്തിയ ഹരിതകർമ സേനാംഗങ്ങൾ കണ്ടത്. തിരക്കേറിയ സ്ഥലത്താണ് മൃതദേഹം കണ്ടത്. ആൾക്കാരെ കണ്ടതോടെ തന്നെ പിടിച്ചെഴുന്നേൽപ്പിക്കാൻ ജോർജ് ആവശ്യപ്പെട്ടു. പ്രദേശവാസികൾ ഉടൻതന്നെ കൗൺസിലറെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിനെ അറിയിക്കുകയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |