
മാണ്ഡി (ഹിമാചൽ പ്രദേശ്): ഭർത്താവ് നടത്തിയ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു. നവംബർ 15നാണ് മമ്ത എന്ന യുവതിയുടെ ദേഹത്ത് ഭർത്താവ് ആസിഡ് ഒഴിക്കുകയും വീടിന്റെ ടെറസിൽ നിന്ന് തള്ളിയിടുകയും ചെയ്തത്. ഹിമാചൽ പ്രദേശിലെ മാണ്ഡിയിലായിരുന്നു സംഭവം. ചണ്ഡീഗഡിലെ പിജിഐ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്.
ഗുരുതര പരിക്കുകളോടെ നാട്ടുകാരാണ് മമ്തയെ ആശുപത്രിയിലെത്തിച്ചത്. നില അതീവഗുരുതരമായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻരക്ഷിക്കാനായില്ല. സംഭവത്തിൽ ഭർത്താവ് നന്ദ് ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. എന്നാൽ യുവതി മരിച്ചതോടെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട തുടർ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രതിയായ നന്ദ് ലാൽ കുറച്ചുകാലമായി സ്ഥിരമായി അസുഖബാധിതയായിരുന്ന ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. മമ്തയുടെ ബന്ധുക്കൾ വീട്ടിലേക്ക് വരുന്നത് ഇയാൾക്ക് താത്പര്യമില്ലായിരുന്നു. ആക്രമണത്തിന് തൊട്ടുമുമ്പ് മമ്ത തന്റെ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |