
ഒരിക്കൽ അമ്മയെ കാണാൻ വന്ന ഒരു മകൾ പറഞ്ഞു, 'അമ്മേ, ശബരിമല മണ്ഡലവ്രതം കാരണം ഞാൻ വലിയൊരു പ്രശ്നത്തിൽനിന്ന് രക്ഷപ്പെട്ടു. എന്റെ ഭർത്താവ് വലിയ ദേഷ്യക്കാരനാണ്. ദേഷ്യം വന്നാൽ പിന്നെ എന്താണ് ചെയ്യുന്നതെന്ന് പറയാനാവില്ല. അന്നേരം കയ്യിൽ കിട്ടിയതു വലിച്ചെറിഞ്ഞു പൊട്ടിക്കും. ചിലപ്പോൾ ആരെയെങ്കിലും അടിച്ചെന്നും വരും. കഴിഞ്ഞ ദിവസം മകന് ഒരു തെറ്റു പറ്റി. അതറിഞ്ഞാൽ ഭർത്താവ് എന്തുചെയ്യുമെന്ന് പേടിച്ച് അദ്ദേഹത്തോട് പറയാൻ ഞാൻ മടിച്ചു. എങ്കിലും അദ്ദേഹം മലയ്ക്കുപോകാൻ വ്രതമെടുത്ത കാര്യം ഓർത്തപ്പോൾ അല്പം ധൈര്യം തോന്നി. സ്‌നേഹപൂർവ്വം അടുത്തുചെന്ന് മകനു പറ്റിയ തെറ്റിനെക്കുറിച്ചു പറഞ്ഞു. അത്ഭുതമെന്നു പറയട്ടെ, അദ്ദേഹം ഒട്ടും ദേഷ്യപ്പെട്ടില്ല. മറിച്ച് മകനെ വിളിച്ച് ഗുണദോഷിക്കുക മാത്രമാണ് ചെയ്തത്. ശബരിമല തീർത്ഥാടനം കേരള ജനസമൂഹത്തിലും കുടുംബങ്ങളിലുമുണ്ടാക്കുന്ന ശാന്തിയുടെയും അച്ചടക്കത്തിന്റെയും അന്തരീക്ഷത്തിന് ദൃഷ്ടാന്തമാണ് ഈ സംഭവം.
മനസിന്റെ ആഴങ്ങളിലുള്ള വാസനകളെ നിയന്ത്രിക്കുവാനാവശ്യമായ ശക്തി നമ്മളിൽ ഓരോരുത്തരുടെയും ഉള്ളിലുണ്ട്. നമ്മൾ വിചാരിച്ചാൽ അതിനെ ഉണർത്താനും കഴിയുമെന്ന് ഇത് വ്യക്തമാക്കുന്നു. വാസ്തവത്തിൽ വ്രതകാലശേഷവും ആത്മ നിയന്ത്രണത്തിന്റെ നല്ല ശീലങ്ങൾ തുടരാൻ നമ്മൾ കഴിയുന്നത്ര ശ്രമിക്കണം. മഴ പെയ്യുമ്പോൾ മണ്ണിനടിയിലുള്ള വിത്തു മുളച്ച് ചെടിയായി തഴച്ചു വളരുന്നതുപോലെ പ്രതികൂല സാഹചര്യങ്ങൾ വരുമ്പോൾ നമ്മുടെയുള്ളിലുള്ള അഹങ്കാരവും സ്വാർത്ഥചിന്തയും തലപൊക്കുക സ്വാഭാവികമാണ്. ഈ ചിന്തകളെ ഉടനടി നിയന്ത്രിക്കുക പ്രയാസമാണ്. മനസിൽ ഇത്തരം ചിന്തകളുണ്ടായാൽ അവയെക്കുറിച്ച് ബോധവാന്മാരുകയാണ് ആദ്യം ചെയ്യേണ്ടത്. ഏതൊക്കെ സാഹചര്യത്തിലാണ് തനിക്ക് ദേഷ്യം വരുന്നത്? എപ്പോഴെക്കെയാണ് തന്റെ മനസിൽ സ്വാർത്ഥതയും, അഹങ്കാരവും കാമവും തലയുയർത്തുന്നത് എന്നൊക്കെ നമ്മൾ സ്വയം നിരീക്ഷിച്ചറിയണം. മനസിനെ ബോധപൂർവ്വം നിരീക്ഷിക്കുന്നതിലൂടെ ക്രമേണ മനസിന്റെ റമോട്ട് കൺട്രോൾ നമ്മുടെ കൈയിലാകും. ഈ ബോധത്തെ ഉണർത്തുന്ന കാര്യത്തിൽ വ്രതാനുഷ്ഠാനങ്ങൾ ഉൾപ്പെടുന്ന ആചാരങ്ങൾക്ക് വലിയ പങ്കാണുള്ളത്.
സദാചാരം, അനാചാരം, ദുരാചാരം എന്നിങ്ങനെ ആചാരങ്ങൾ മൂന്നുവിധത്തിലുണ്ട്. അനുഷ്ഠിക്കുന്ന വ്യക്തിയ്ക്കും സമൂഹത്തിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ് സദാചാരം. വ്യക്തിക്കും സമൂഹത്തിനും പ്രയോജനം ചെയ്യാത്ത കേവലം ചടങ്ങുകളെയാണ് അനാചാരങ്ങളെന്ന് പറയുന്നത്. അനുഷ്ഠിക്കുന്ന വ്യക്തിയ്ക്കും സമൂഹത്തിനും ഒരുപോലെ ദോഷം ചെയ്യുന്നവയാണ് ദുരാചാരങ്ങൾ. ദുരാചാരങ്ങൾ ഒഴിവാക്കേണ്ടതുതന്നെയാണ്. എന്നാൽ ഗുണദോഷങ്ങൾ വിവേകപൂർവ്വം തിരിച്ചറിയാതെ ആചാരങ്ങളെ തള്ളിയാൽ മൂല്യങ്ങൾ നഷ്ടമാകും. സംസ്‌ക്കാരം തന്നെ നഷ്ടാകും. സമൂഹത്തിന്റെ അധോഗതിക്ക് അതു വഴിതെളിക്കുകയും ചെയ്യും.
ആദ്ധ്യാത്മിക സാധന വാൾത്തലയിലൂടെയുള്ള യാത്രയാണ് എന്നുപറയാറുണ്ട്. അയ്യപ്പഭക്തർ ശരണമന്ത്രങ്ങൾ ജപിച്ച് ത്യാഗപൂർണ്ണമായ വ്രതനിഷ്ഠയോടെ തീർത്ഥാടനം അനുഷ്ഠിക്കുന്നു. ഭഗവാന്റെ സന്നിധിയിലെത്തി കർമ്മബന്ധങ്ങളാകുന്ന ഇരുമുടിക്കെട്ട് അവിടുത്തെ പാദങ്ങളിൽ അർപ്പിച്ച് ദേഹബോധമാകുന്ന നാളകേരം ഉടയ്ക്കുന്നു. തുടർന്ന് അവിദ്യാരൂപമായ പതിനെട്ടുപടികളും കടന്ന് അയ്യപ്പസ്വാമിയുടെ ദർശനം നേടുന്നു. അങ്ങനെ ജീവാത്മപരമാത്മ ഐക്യത്തിന്റെ തത്വമാണ് ശബരിമല തീർത്ഥാടനം വിളംബരം ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |