
കീഴാളരുടെ വേദനകളും യാതനകളും താളാത്മകമായി പുറത്തു കൊണ്ടുവന്ന വയനാട്ടിലെ കനവ് ബേബിയുടെ മകൾ ശാന്തിപ്രിയയെ ജന്മനാട് സ്നേഹത്തോടെ വിളിക്കുന്നത് മറ്റൊരു പേരിലാണ്- 'കേരളത്തിന്റെ ബാവുൾ ഗായിക!" നാടകം, പാട്ട്, നോവൽ, സിനിമ... അങ്ങനെ പല മേഖലകളിൽ ശ്രദ്ധേയനായിരുന്നു കനവ് ബേബി. തെരുവുനാടകം കളിച്ചതിന്റെ പേരിൽ ജയിലിൽ കിടക്കേണ്ടി വന്ന കലാകാരൻ.
വയനാട്ടിലെ ഗോത്രവിഭാഗത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി 1994-ലാണ് ബേബി 'കനവ്" ആരംഭിക്കുന്നത്. പുൽപ്പള്ളി പഴശ്ശിരാജാ കോളേജിലെ ഇംഗ്ളീഷ് അദ്ധ്യാപികയായിരുന്ന ഷേർളിയായിരുന്നു ബേബിയുടെ ജീവിതസഖി. മണ്ണിന്റെയും കാടിന്റെയും മക്കൾക്കായി ജീവിതം ഉഴിഞ്ഞുവച്ചവർ. ഇരുവരും ഇന്ന് ഓർമ്മ. വിദ്യാലയങ്ങളിലൊന്നും പോകാതെ 'കനവി"ലെ ആദിവാസി കുട്ടികൾക്കൊപ്പം വളർന്ന് പഠിച്ചവരാണ് മക്കൾ ശാന്തിപ്രിയയും ഗീതിപ്രിയയും. ശാന്തിപ്രിയയുമായി മനസുതുറന്ന് ഒരു സംഭാഷണം.
? കേരളത്തിന്റെ ബാവുൾ ഗായിക എന്നു വിളിക്കപ്പെടുമ്പോൾ...
ബാവുൾ പരമ്പരയിലാണ് ഞാൻ വളർന്നത്. പതിമൂന്നു വർഷം പാർവതി ബാവുളിനു കീഴിൽ അഭ്യസിച്ചു. ഏക്‌താരയും ഡുഗ്ഗിയും വായിച്ച് ഞാൻ പാടുന്നു. എങ്കിലും പിന്നീട് ഞാൻ ലോകമെമ്പാടുമുള്ള ഗുരുക്കന്മാരുടെ കവിതകൾ പാടിവരുന്ന മറ്റു സമ്പ്രദായങ്ങളിലേക്കും ശ്രദ്ധ തിരിച്ചു. ബാവുൾ പാട്ടുകൾക്കൊപ്പം കബീറിന്റെയും ഗുരു നാനാക്കിന്റെയും ബസവണ്ണന്റെയും അരുണഗിരിനാഥരുടെയും നാരായണ ഗുരുവിന്റെയും ഒക്കെ കൃതികൾ പാടുന്നു, പഠിപ്പിക്കുന്നു, പങ്കുവയ്ക്കുന്നു. കേരളത്തിന്റെ മണ്ണിൽ 'വിസ്ഡം പോയട്രി' പാടുന്നയാളായാണ് ഞാൻ എന്നെത്തന്നെ കാണുന്നത്.
? ഈ പാട്ടുകൾ ലക്ഷ്യമാക്കുന്നത്.
ലോകമെമ്പാടുമുള്ള ഗുരുക്കന്മാർക്കെല്ലാം ഒന്നേ പറയാനുള്ളൂ. അവർ പങ്കുവയ്ക്കുന്ന അറിവിന്റെ മധുരം ഒന്നുതന്നെയാണ്. കടന്നുപോകുന്നതാണ് നമ്മുടെ വിചാരവികാരങ്ങൾ. നശിച്ചു പോകുന്നതാണ് ഈ ശരീരവും നമ്മൾ കെട്ടിപ്പടുക്കുന്നതൊക്കെയും. അപ്പോൾ എന്താണ് സത്യമായും നിത്യമായും ഉള്ളത്? ആ ഒന്നിനെ അറിയാൻ ഗുരുക്കന്മാർ തങ്ങളുടെ കരുണാമയമായ വാക്കിലൂടെ പറയുന്നു. പല രീതിയിൽ പറഞ്ഞുകൊണ്ടേയിരിക്കുന്നു.
? കേരളത്തെ സംബന്ധിച്ച് അപരിചിതമായ ഭാഷ, ജനകീയമല്ലാത്ത ആവിഷ്‌കാരം, പഴഞ്ചൻ എന്നു തോന്നാവുന്ന അവതരണശൈലി... ബുദ്ധിമുട്ടില്ലേ?
മലയാളിയായ ഞാൻ എങ്ങനെയാണോ ആദ്യമായി ഈ പാട്ടുകൾ കേട്ടും അർത്ഥം മനസിലാക്കിയും അതിലേക്ക് ആകർഷിക്കപ്പെട്ടത്, അതേപോലെ എന്റെ ശ്രോതാക്കളിൽ ചിലർക്കെങ്കിലും ഭാഷയുടെയും മറ്റും തടസങ്ങൾക്കപ്പുറം ഗുരുവാണിയുടെ സത്തയെ തൊടാനും ആസ്വദിക്കാനും കഴിയുന്നുവെന്ന് ഓരോ വേദിയിലും ഞാൻ മനസിലാക്കുന്നു. തീർച്ചയായും ഇത് ആൾക്കൂട്ടത്തെ ഇളക്കിമറിക്കാനുള്ള പാട്ടുകളാണെന്ന് ഞാൻ വിചാരിക്കുന്നില്ല. അതിന്റെ ആന്തരികമായ അറിവ് ആരുടെയെങ്കിലും ജീവിതത്തിൽ വെളിച്ചമാവുന്നുവെങ്കിൽ അത് വലിയൊരു നിറവാണ്. അതാണ് പ്രധാന ലക്ഷ്യവും.
? കേരളത്തിനു പുറത്ത്.
കേരളത്തിനു പുറത്ത് ഇന്നും വളരെ സജീവമാണ് ഗുരുവാണി പാടുന്ന പാരമ്പര്യം. ബംഗാളിൽ ബാവുൾ, മദ്ധ്യപ്രദേശിലും ഗുജറാത്തിലും രാജസ്ഥാനിലും പാടിവരുന്ന കബീറിന്റ പാട്ടുകൾ, മഹാരാഷ്ട്രയിലെ അഭംഗ്, തമിഴ്നാട്ടിലെ തേവാരപ്പാടൽ... അങ്ങനെയങ്ങനെ. തെരുവിലും ട്രെയിനിലും ഈ പാട്ടുകളുമായി വരുന്ന ഗായകരെയും സാധകരെയും കാണാം. ബംഗാളിൽ ബാവുൾ മേളകളും, മദ്ധ്യപ്രദേശിലും രാജസ്ഥാനിലും കബീർ മേളകളുമുണ്ട്.
വർഷത്തിൽ ഒരിക്കൽ വിഠലയുടെ അമ്പലത്തിലേയ്ക്ക് അഭംഗ് പാടി നടന്നുപോകുന്ന ഗായകരുണ്ട്. കബീർ മേളകളിലും ബാവുൾ മേളകളിലും ഞാൻ പങ്കെടുക്കാറുണ്ട്. മറക്കാനാവാത്ത ഒരു അനുഭവമാണ് ജോയ്‌ദേവ് മേളയുടേത്. തണുപ്പുള്ള മകര സംക്രാന്തി നാളിലെ രാത്രിയിലാണ് ജോയ്‌ദേവ് മേള. പലയിടങ്ങളിൽ നിന്നായി അവിടെയെത്തുന്നവരാണ് സാധകർ. അവിടം അവരുടെ നാദത്താൽ ഉണർത്തപ്പെടുന്നത് മറക്കാനാവാത്ത അനുഭവമാണ്.
? ആഴമുള്ള ദാർശനിക ചിന്തകളാണ് ഈ പാട്ടുകളിൽ. ഭാഷ വളരെ ലളിതവും ഗ്രാമീണവും.
ഇന്ത്യയിൽ ദർശനങ്ങൾ എഴുതപ്പെട്ടത് അധികവും സംസ്‌കൃതത്തിലായിരുന്നു. കുറച്ചുപേർക്കു മാത്രം അറിയാവുന്ന ഭാഷയായിരുന്നു അത്. പക്ഷെ വാമൊഴിയായി, അറിവിന്റെ പാട്ടുകളായി എന്നും എല്ലാവർക്കും അത് ലഭ്യമാകണം. ഭക്തിപ്രസ്ഥാനത്തിന്റ സമയങ്ങളിലാണ് നമ്മൾ അത് അധികമായും കാണുക. സാധാരണ ജോലികളിൽ ഏർപ്പെട്ടു ജീവിക്കുന്ന സാധാരണ മനുഷ്യർ ആ അറിവിലേക്ക് എത്തുകയും അതേപ്പറ്റി പാടുകയും ചെയ്തു.
അവർക്ക് എഴുത്തും വായനയും ഇല്ലാതിരുന്നപ്പോഴും അവർ പാടിയ പാട്ടുകൾ ഇന്ന് യൂണിവേഴ്സിറ്റികളിൽ പ്രബന്ധങ്ങൾക്ക് പ്രമേയമാകുന്നു. നൃത്തം ചെയ്യുന്ന ചൈതന്യ മഹാപ്രഭുവിന്റ പാദം കണ്ടതുകൊണ്ട് വീടുവിട്ട് പോയ സ്ത്രീകളുടെ കഥകൾ നമുക്കു കേൾക്കാം. എല്ലാവർക്കും സാദ്ധ്യമാകുന്നതാണ് ആ പ്രേമത്തിന്റെയും ശാന്തിയുടെയും ലോകമെന്ന് ഈ പാട്ടുകളിലൂടെ ഗുരുക്കന്മാർ നമ്മെ ക്ഷണിക്കുന്നു.
? പരിശീലനവും ഗൃഹപാഠവും.
ഗുരുക്കന്മാർ ഈ പാട്ടുകൾ എങ്ങനെ ശരീരത്തിൽ അണിഞ്ഞിരിക്കുന്നുവെന്ന് കാണുന്നതാണ് ഏറ്റവും വലിയ പാഠമെന്ന് തോന്നാറുണ്ട്. അവർ ആ അറിവിൽ തെളിഞ്ഞ് ജീവിക്കുന്നു. അവരുടെ സാമീപ്യമാണ് ഏറ്റവും വലിയ പരിശീലനവും പഠനവും. പിന്നെ, ഈ പാട്ടുകൾ സ്വയം മനനത്തിനായി എടുക്കണം. എന്താണ് അവ പറയുന്നതെന്ന് സ്വന്തം ജീവനിൽ തട്ടിച്ചുതന്നെ പഠിക്കണം. അപ്പോഴേ പാടുന്നതിന് അർത്ഥമുണ്ടാവൂ; കബീറും മീരാഭായിയും ഭോബാ പഗ‌്ലയും നമ്മിലൂടെ അവർക്കു പറയാനുള്ള സന്ദേശങ്ങൾ കൈമാറുകയുള്ളൂ. സാധാരണ ഒരു സംഗീതാഭ്യാസ പദ്ധതി പോലെ പലതവണ പാടി പഠിക്കുന്നത് തുടക്കത്തിൽ മാത്രമാണ്. ഉള്ളിലാണ് അധികം ജോലിയും.
? പല ഭാഷകളിലെ പാട്ടുകൾ സമ്പാദിക്കുന്നത്...
യാത്രകളിലാണ് മറ്റു ഭാഷകളിലെ കൃതികൾ അധികവും പഠിക്കുക. അത്തരം പാട്ടുകൾ പാടുന്നവരെ കാണുമ്പോൾ അവരുടെ പക്കൽ നിന്നും പഠിക്കും. അർത്ഥം അറിഞ്ഞുകഴിയുമ്പോൾ ഏതു ഭാഷയിലാണെങ്കിലും ബുദ്ധിമുട്ട് തോന്നില്ല.
? യാത്രകൾ പാട്ടിനെ സ്വാധീനിക്കുമോ.
എന്നെ രൂപപ്പെടുത്തിയ ഒരു പ്രധാന ഘടകമാണ് യാത്രകൾ. എവിടെയായിരുന്നാലും മനുഷ്യൻ അനുഭവിക്കുന്ന ആന്തരികമായ വിഷമങ്ങളും അതിനെ അതിജീവിക്കാനുള്ള ശ്രമങ്ങളും ഒന്നു തന്നെയാണെന്ന് നേരിട്ട് അറിയാനായത് യാത്രകളിലൂടെയാണ്. ആ യാത്രകളിൽ ഞാൻ മുറുകെപ്പിടിച്ചിരുന്ന ധാരണകൾ പലതും അഴിഞ്ഞു പോവുകയും, മനുഷ്യൻ എന്ന പ്രതിഭാസത്തെ കുറച്ചെങ്കിലും ഉൾക്കൊള്ളാനാവുകയും ചെയ്യുന്നുവെന്നാണ് കരുതുന്നത്.
? അച്ഛനും അമ്മയും എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ആയിരുന്നല്ലോ. ആ വഴിക്ക്...
വായനയും എഴുത്തും എന്നും പ്രിയപ്പെട്ടതാണ്. കൂടെ കൊണ്ടുനടക്കുന്നതാണ്. കുട്ടിക്കാലത്ത് എനിക്ക് പാട്ടുകൾ ധാരാളമായി കിട്ടിയതുപോലെ മറ്റു കുട്ടികൾക്കും ഇവ ലഭിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ മരുതം, തുളിർ, ഷിഭുമി എന്നീ സ്‌കൂളുകളിൽ ചെന്ന് കുട്ടികൾക്ക് പാട്ടുകൾ പാടിക്കൊടുക്കും.
(സുനിൽ ആണ് ശാന്തിപ്രിയയുടെ ഭർത്താവ്. മകൻ വനമാലി)
ലേഖകന്റെ മൊബൈൽ: 94472 04774
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |