''ദീർഘകാലത്തെ പ്രണയത്തിനുശേഷം വിവാഹിതരായവർ പോലും, യഥാർത്ഥ ദാമ്പത്യ ജീവിതയാത്രയിൽ കാലിടറിപോകുന്നതും, ചിലരൊക്കെ തമ്മിൽ തല്ലിപ്പിരിഞ്ഞ്, സ്വന്തം വഴിക്ക് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇത്, 'ഒരു ഒന്നരചോദ്യ'മാണെന്നറിയാമെങ്കിലും, ഇതൊക്കെ കണ്ടതായോ, കേട്ടതായോ പോലും ഭാവിക്കാതെ എത്ര പേരാണ് വീണ്ടും വിവാഹമെന്ന കുരുക്കിൽ കഴുത്തിടാനായി ധൃതി കൂട്ടി നിൽക്കുന്നത് എന്നതും ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? മറ്റു ജീവികളിൽ നിന്ന് വ്യത്യസ്ഥമായി, മനുഷ്യരെ മാത്രം പേടിപ്പിക്കുന്ന രണ്ടു'ഭൂതത്താന്മാരുടെ' പേരുപറയാമോ? പരീക്ഷകളും, പരീക്ഷണങ്ങളുമെന്ന് തമാശയായി പണ്ട് പ്രൈമറി ക്ലാസിൽ പറഞ്ഞു തന്നത് ഇപ്പോഴും ഓർമ്മയുണ്ട്! അത് ശരിയാണോ, തെറ്റാണോ? മനുഷ്യരെപ്പോലെ, മൃഗങ്ങളോ, പക്ഷികളോ പരീക്ഷയേയോ, പരീക്ഷണങ്ങളേയോ ഭയപ്പെടാറുണ്ടോ? പക്ഷെ, മനുഷ്യരോ, തൊട്ടതിനും, പിടിച്ചതിനും സംശയം, അല്ലെങ്കിൽ ഭയം. പിന്നെന്തു ചെയ്യും! ദീർഘകാലമായി വിവാഹമോചനം ആഗ്രഹിച്ച്, അത് സാധിച്ചെടുത്ത വ്യക്തിയോളം മാനസിക സ്വച്ഛത മറ്റാർക്കാണുള്ളത്? സ്വന്തം കുട്ടികളൊന്നുമില്ലെങ്കിൽ എന്നുകൂടി ചേർക്കു! എന്നാൽ, കുഞ്ഞുങ്ങളുള്ള അമ്മമാരുടെ കാര്യമോ?"" ഇപ്രകാരം പറഞ്ഞുകൊണ്ട് പ്രഭാഷകൻ സദസ്യരെ നോക്കിയപ്പോൾ മിക്കമുഖങ്ങളിലും ഇത്, 'എന്റെ കാര്യമാണോ പറയുന്നത്' എന്നൊരു ഭാവമായിരുന്നു. എല്ലാവരേയും വാത്സല്യപൂർവം നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''വിവാഹം പ്രധാനമായും പരസ്പരം സ്‌നേഹവും പിന്തുണയും നൽകാനും, കുടുംബം കെട്ടിപ്പടുക്കാനും, നിയമപരമായ ബന്ധം സ്ഥാപിക്കാനും വേണ്ടിയാണ്. എന്നാൽ, കേവലം കമിതാക്കളായി കഴിയുന്നവർക്ക് ഇപ്രകാരമൊരു ചിന്തയുണ്ടാകാൻ സാദ്ധ്യത കുറവല്ലേ! പ്രണയിച്ചു കഴിയുന്നവർക്ക് സാദ്ധ്യമാകുന്ന പലതും, ദാമ്പത്യ ജീവിതത്തിൽ അസാദ്ധ്യമാണെന്ന തിരിച്ചറിവുവരും. ദമ്പതികളിരുവരുമിതു മനസിലാക്കിയാൽ, ദാമ്പത്യത്തിൽ പുതിയ മുകുളങ്ങൾ തളിരിടും, ഇല്ലെങ്കിൽ, ചുവടോടെ കരിയും! ഇതിന് പുറമെ, സാമ്പത്തികവും സാമൂഹികവുമായ സുരക്ഷനേടാനും, കുട്ടികൾക്ക് നിയമപരമായ അവകാശങ്ങളും പരിരക്ഷയും നൽകാനും വിവാഹം ശക്തിപകരുന്നു. ഓരോ സംസ്‌കാരത്തിലും, മതത്തിലും വിവാഹത്തിന്റെ പരമമായ ലക്ഷ്യത്തിൽ ഐക്യരൂപമുണ്ടെന്നോർക്കണം. വ്യക്തികളെ നിയമപരമായി ഒന്നാക്കുകയും, ഒരു കുടുംബം രൂപീകരിക്കുകയും ചെയ്യുന്നു. ഇത് പങ്കാളികൾക്ക് ഒരുമിച്ചു ജീവിക്കാനും, കുട്ടികളെ വളർത്താനുമുള്ള അവകാശം നൽകുന്നു. ദമ്പതികൾക്ക് സാമ്പത്തികമായ പിന്തുണ നൽകാനും, ഭാവിക്കായി ഒരുമിച്ച് ആസൂത്രണങ്ങൾ ചെയ്യാനും വിവാഹം ശക്തി പകരുന്നു.
എന്നാൽ, വിവാഹമോചനം ആഗ്രഹിക്കുന്നതിന് പല കാരണങ്ങളുണ്ടാകാം. അവയിൽ പ്രധാനപ്പെട്ടവ ആശയവിനിമയത്തിലെ അപര്യാപ്തത, സാമ്പത്തിക പ്രശ്നങ്ങൾ, പരസ്പരമുള്ള അവിശ്വാസം, നിയന്ത്രിക്കാൻ കഴിയാത്ത നിരന്തരമായ വഴക്കുകൾ, വൈകാരികമായ അകൽച്ച എന്നിവയാണ്. ദമ്പതികൾക്കിടയിൽ വിശ്വാസവും, തുറന്ന സംഭാഷണവുമില്ലാത്തതും, പണത്തിന്റെ കാര്യത്തിലുള്ള ഭിന്നതകളും സമ്മർദ്ദം സൃഷ്ടിക്കാറുണ്ട്. സ്വാഭാവികമായും ഇവയെല്ലാം വിവാഹമോചനത്തിനുള്ള കാരണങ്ങളാകാറുണ്ടല്ലോ. ഇതിന് പുറമെ, പരസ്ത്രീ/പരപുരുഷബന്ധം, ലഹരി ഉപയോഗം, കുടുംബപ്രശ്നങ്ങൾ, വ്യക്തിപരമായ മറ്റ് താത്പര്യങ്ങളിലെ വ്യത്യസ്ഥതകൾ എന്നിവയൊക്കെ വിവാഹമോചനത്തിന് കാരണമാകാം. മാതാപി
താക്കളോടുള്ള അതിരുകടന്ന അടുപ്പം പലപ്പോഴും ദാമ്പത്യബന്ധങ്ങളിൽ ഗുരുതരപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഒരു വിവാഹം കഴിച്ചിട്ടുവേണം, ഒന്ന്, ഡിവോഴ്സിന് അപേക്ഷിക്കാനെന്ന ചിന്തയിൽ വിവാഹിതരാകുന്നവരുണ്ടാകുമോ? ഒന്നുമല്ലെങ്കിലും, കളിയല്ല, കല്ല്യാണമെന്നെങ്കിലും ഓർക്കണ്ടേ! പിന്നെയൊരു കാര്യം കൂടി പറഞ്ഞേക്കാം, പാമ്പായാലും, പഴക്കമുള്ളതല്ലേ നല്ലത്!"" പിരിമുറുക്കത്തിൽ നിന്നു മോചിതരായ ചിലർക്കൊപ്പം പ്രഭാഷകനും ചേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |