SignIn
Kerala Kaumudi Online
Monday, 24 November 2025 1.32 AM IST

പാതിവഴിയിൽ വീണുപോയ നെല്ലിയാമ്പതി ടൂറിസം വികസനം

Increase Font Size Decrease Font Size Print Page
v

മഞ്ഞണിഞ്ഞ് പൂത്തുനിൽക്കുകയാണ് നെല്ലിയാമ്പതി. പാതയോരവും പാറക്കെട്ടുമൊക്കെ പച്ചപ്പരവതാനി പോലെയായിരിക്കുന്നു. ചെറു മഴച്ചാറ്റലിൽ നിന്നു തെന്നിമാറുന്ന പക്ഷികളും മലയണ്ണാനും മരച്ചില്ലകൾ തോറും പാഞ്ഞു നടക്കുകയാണ്. മലമുഴക്കുന്ന കാട്ടുചോലകളുടെ ശബ്ദം അടിവാരത്ത് നിന്നേ കേൾക്കാം. കാട്ടുവള്ളി പോലെ പടർന്നു കിടക്കുന്ന റോഡിൽ കുതിച്ചുപായുന്ന വാഹനങ്ങളിൽ ആർപ്പുവിളികളും പാട്ടും.... നെല്ലിയാമ്പതി സഞ്ചാരികൾക്ക് എന്നും ഒരു ലഹരിയിലാണ്. നെല്ലിയാമ്പതിയുടെ കിഴക്കും പടിഞ്ഞാറുമായി കാഴ്ചകൾ ഏറെയുണ്ട്. സീതാർകുണ്ട്, കേശവൻപാറ, പാടഗിരി, പോത്തുപാറ, പലകപ്പാണ്ടി, മാമ്പാറ, തൂക്കുപാലം, പുല്ലുകാട്, വിക്ടോറിയ – ലില്ലി തേയിലത്തോട്ടങ്ങൾ... പ്രകൃതി ദൃശ്യങ്ങൾ പലതുണ്ടെങ്കിലും മാനും കാട്ടുപോത്തും മലയണ്ണാനും കാട്ടു പന്നിയുമൊക്കെയാണ് കാമറാ പ്രേമികളുടെ പ്രതീക്ഷ. ഇതൊന്നും കൂടാതെ നെല്ലിയാമ്പതിയുടെ ഒരു എക്സ്‌ക്ലൂസിവ് ഐറ്റമുണ്ട് – മലമുഴക്കി വേഴാമ്പൽ. മലമ്പ്രദേശമാകെ കേൾക്കും വിധം ചിറകുവീശി ഭാഗ്യമുള്ള സഞ്ചാരികൾക്കു മുന്നിൽ അവ ചില സമയങ്ങളിൽ പറന്നിറങ്ങാറുണ്ട്. കരടിപ്പാറയിലോ കേശവൻപാറയിലോ 'മലമുഴക്കി'യെ കാണാമെന്ന മോഹവുമായാണ് പലരും നെല്ലിയാമ്പതിയിലേക്ക് യാത്ര തിരിക്കുന്നത്.

കൊല്ലങ്കോടിന്റെ ഗ്രാമീണത ആസ്വദിക്കാനെത്തുന്നവരിൽ ഭൂരിഭാഗവും നെല്ലിയാമ്പതിയും കണ്ടേ മടങ്ങുന്നുള്ളൂ. വിനോദ സഞ്ചാരമേഖലയിൽ പുതിയ ആശയങ്ങൾ പരീക്ഷക്കുന്ന ഈ കാലത്തും പക്ഷേ,​ നെല്ലിയാമ്പതിയോട് മാത്രം അവഗണനയാണെന്ന് പറയാതെവയ്യ. ഉത്തരവാദിത്ത ടൂറിസം, കാരവൻ ടൂറിസം, മലബാർ ലിറ്റററി ടൂറിസം, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സെന്റർ തുടങ്ങി പദ്ധതികൾ പലതും നടപ്പാക്കുന്ന സർക്കാർ നെല്ലിയാമ്പതിയെ തഴയുന്നുവെന്നത് ദുഃഖകരമാണ്.

 ഫയലിലുറങ്ങുന്ന 50 കോടി

കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ 50 കോടിയുടെ നെല്ലിയാമ്പതി ടൂറിസം വികസന പദ്ധതി വർഷം അഞ്ചായിട്ടും ഫയലിൽ ഉറങ്ങുകയാണ്. വനമേഖലയായതിനാൽ നിയമ തടസമുണ്ടെന്നു നിരന്തരം പരാതിപ്പെടുന്ന ടൂറിസം വകുപ്പ് സർക്കാർ തലത്തിൽ ഇടപെട്ടു പരിഹാരം കണ്ടെത്താനും നടപടി സ്വീകരിക്കാത്തതാണ് കാരണം. 2020 ആഗസ്റ്റിലാണ് 50 കോടിയുടെ പദ്ധതിക്ക് അനുമതി ലഭിച്ചത്. പിന്നീട് ഒന്നാംഘട്ടമായി ഭരണാനുമതി ലഭിച്ച 5.13 കോടിയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനവും ചെയ്തെങ്കിലും തുടർനടപടികൾ താളംതെറ്റി.

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിനോട് ചേർന്ന് അനുവദിച്ചു കിട്ടിയ 25 ഏക്കർ സ്ഥലത്ത് പദ്ധതിയുടെ ഭാഗമായി ഇൻഫർമേഷൻ സെന്റർ, ശൗചാലയങ്ങൾ, ഡോർമെട്രി, കുട്ടികളുടെ പാർക്ക്, റസ്റ്റാറന്റ തുടങ്ങിയവ ഒരുക്കാനായിരുന്നു പദ്ധതി. ഭൂമിയുടെ അവകാശം തർക്കത്തിലായതോടെ ടൂറിസം വകുപ്പിന് പദ്ധതി നടപ്പാക്കാൻ കഴിഞ്ഞില്ല. നിക്ഷിപ്ത വനഭൂമിയിലൂടെ നിർമ്മാണസാമഗ്രികൾ കൊണ്ടുപോകുന്നതിന് സർക്കാരിന്റെ പ്രത്യേക അനുമതി വേണമെന്ന് വനം വകുപ്പ് നിലപാടെടുത്തതോടെ അതും നടന്നില്ല.

കളക്ടർ ഇടപ്പെട്ട് റവന്യൂ, വനം, ടുറിസം വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം നെല്ലിയാമ്പതിയിൽ ചേർന്ന് സർക്കാരിന്റെ അനുമതിക്കായി നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ട് വർഷം രണ്ട് കഴിഞ്ഞിട്ടും തുടർനടപടിയുണ്ടായില്ല. നൂറോളം സഫാരി ജീപ് കം സ്വകാര്യ റിസോർട്ടുകളുമുള്ള നെല്ലിയാമ്പതിയിൽ പുതിയ തൊഴിലവസരങ്ങൾ പ്രതീക്ഷിച്ചവർക്കും തിരിച്ചടിയായി. പദ്ധതി യാഥാർത്ഥ്യമാകാൻ വകുപ്പ് മന്ത്രിയുടെ പ്രത്യേക ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നെല്ലിയാമ്പതിക്കാർ.

ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികൾക്ക് പാസ് ലഭിക്കാത്തതിനാൽ നെല്ലിയാമ്പതിയിലേക്കാണ് ഭൂരിഭാഗംപേരും ഇപ്പോഴെത്തുന്നത്. അവധിദിവസങ്ങളോട് അനുബന്ധിച്ച് ഏകദേശം 4000 ത്തോളം വാഹനങ്ങളാണ് ഇപ്പോഴെത്തുന്നത്. എന്നിട്ടും പതിറ്റാണ്ടുകൾക്ക് മുൻപുള്ള റോഡും അനുബന്ധ സൗകര്യം മാത്രമേ ഇവിടെയുള്ളൂ.
നെല്ലിയാമ്പതി ചുരം കയറി എന്ന് ടൂറിസം വികസനമെത്തും എന്നറിയാതെ കാത്തിരിക്കുകയാണ് ജനങ്ങൾ.

 കടലാസിൽ ഒതുങ്ങി ഇക്കോ ടൂറിസം

നെല്ലിയാമ്പതിയിൽ ഇക്കോടൂറിസം പദ്ധതി നടപ്പാക്കുമെന്ന സർക്കാർ പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങി. നെല്ലിയാമ്പതിയിലെ പത്ത് പ്രധാന ടൂറിസം പോയിന്റുകളെ ബന്ധിപ്പിച്ച് ഇക്കോടൂറിസം നടപ്പാക്കാനായിരുന്നു സർക്കാറിന്റെ പദ്ധതി. 1985ൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പദ്ധതിക്കായി അഭിപ്രായ രൂപവത്കരണവും മറ്റും നടന്നിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ടും സമർപ്പിച്ചു.

എന്നാൽ, ഇതുസംബന്ധിച്ച നടപടി ചുവപ്പുനാടയിൽ കുരുങ്ങി. പിന്നീട് 2008ൽ വനം വകുപ്പിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്തയോഗവും ഇതിനായി വിളിച്ചു ചേർത്തിരുന്നു. ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിനെയും ഇതിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. കൃഷി വകുപ്പിൽനിന്ന് ഇതിനുള്ള അനുമതിയും ലഭിച്ചിരുന്നു.
വിവിധ സ്ഥലങ്ങളിൽനിന്ന് നെല്ലിയാമ്പതി സന്ദർശിക്കാനത്തെുന്നവർക്ക് വിനോദ സഞ്ചാര കേന്ദ്രത്തിലെ വിവിധ പോയിന്റുകളിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളെ കുറിച്ച് മനസ്സിലാക്കാനും പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ അവിടെ ചുറ്റിയടിക്കാനും സർക്കാർ പദ്ധതി ഗുണകരമാവുമെന്ന് അധികൃതർ പറഞ്ഞിരുന്നു.

മാൻപാറ,കേശവൻപാറ,കാരാശൂരി തുടങ്ങിയ വനമേഖലയിലെ പ്രകൃതി ഭംഗിയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പുൽകുടിലുകൾ കെട്ടി സന്ദർശകർക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കാനും ഇക്കോടൂറിസം പ്രോജക്ടിൽ തീരുമാനിച്ചിരുന്നു. വന്യമൃഗങ്ങൾക്ക് ഭീഷണിയാകാതെ വേണം നെല്ലിയാമ്പതിയിൽ ടൂറിസം വികസനം എന്നും പ്രോജക്ടിൽ നിഷ്‌കർഷിക്കുന്നുണ്ട്.
ഇക്കോടൂറിസം സംബന്ധിച്ച നിർദ്ദേശങ്ങൾ തുടങ്ങിയേടത്തു തന്നെയാണ് ഇന്നും. പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ മാറിവന്ന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. നെല്ലിയാമ്പതിയിലത്തെുന്ന നൂറുകണക്കിന് സന്ദർശകർ പലപ്പോഴും മുഴുവൻ ടൂറിസ്റ്റ് പോയിന്റുകളും കാണാതെ തിരിച്ചപോകുകയാണ് പതിവ്.

 ചുരംപാതയെന്ന സ്വപ്നം

ലോക ബാങ്ക് സഹായത്തോടെ പോത്തുണ്ടി നെല്ലിയാമ്പതി ചുരംപാത നവീകരിക്കാൻ പദ്ധതി തയ്യാറാക്കി വർഷം ആറ് പിന്നിട്ടിട്ടും പാതയെന്ന സ്വപ്നം യാഥാർത്ഥ്യമായില്ല. 2018ലെ പ്രളയത്തിൽ തകർന്ന ചുരംപാത റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ തീരുമാനിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല.

ലോകബാങ്ക് എൻജിനീയർ ഉൾപ്പെടെ സന്ദർശിച്ച് തയ്യാറാക്കിയ പദ്ധതി രൂപരേഖ അംഗീകരിച്ച് 2021ൽ 90.96 കോടി രൂപയുടെ ഭരണാനുമതിയായി. തുടക്കത്തിൽ പാത വികസനവുമായി ബന്ധപ്പെട്ട് വനഭൂമികൂടി ലഭ്യമാക്കുന്നതിന് തടസമുണ്ടായി. പിന്നീട് റവന്യൂവകുപ്പിന്റെ മണ്ണാർക്കാട്ടുള്ള 133 ഏക്കർഭൂമി പകരംവനം വകുപ്പിന് കൈമാറിയതോടെ ആ തടസം നീങ്ങിയെങ്കിലും തുടർ നടപടികൾ പാതിവഴിയിൽ അവസാനിച്ചു. പിന്നീട് കരാർ നടപടികൾ കോടതി കയറിയതോടെ പണി തടസപ്പെട്ടു.

കെ.ബാബു എം.എൽ.എ നയമസഭയിൽ സബ്മിഷൻ ഉന്നയിച്ചതോടെ വകുപ്പ് മന്ത്രി ഇടപെട്ട് കേസ് തീർപ്പാക്കി. ശേഷം, നാലുവർഷം മുമ്പുള്ള പദ്ധതി തുകവെച്ച് കരാറെടുക്കാൻ സാദ്ധ്യതയില്ലെന്ന് കണ്ട് പുതിയ പദ്ധതി രൂപ രേഖയുണ്ടാക്കി.
പിന്നീടുണ്ടായ മണ്ണടിച്ചിലിന്റെ ഭാഗങ്ങൾ കൂടി ഉപ്പെടുത്തിയാണ് നവീകരണ പദ്ധതി തയ്യാറാക്കിയത്. പുതുക്കിയ പദ്ധതി രൂപരേഖ സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ച് ഒരു വർഷത്തോളമായിട്ടും അനുമതിയായില്ല.

നെല്ലിയാമ്പതിയിൽ ഒരോ അവധി ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് വന്നുപോകുന്നത്. മിക്ക സ്ഥലത്തും എതിർവശത്ത് വാഹനം വന്നാൽ വശം കൊടുക്കാൻ പോലും സ്ഥലമില്ല. ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും സംരക്ഷണ ഭിത്തിയിടിഞ്ഞ് ഒരു ട്രാക്കിലൂടെ മാത്രമാണ് ഇരു ദിശയിലേക്കും വാഹനങ്ങൾ പോകുന്നത്. കുത്തനെയുള്ള കയറ്റവും വളവുകളും നിരവധി സ്ഥലങ്ങളിൽ നിവർത്തേണ്ടതുണ്ട്.

ടൂറിസം വികസനത്തിനല്ലെങ്കിലും നെല്ലിയാമ്പതിക്കാരുടെ നിത്യ യാത്രക്കായി എങ്കിലും റോഡ് വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ചെറു കാറ്റു വീശിയാൽ പോലും പലപ്പോഴും മരങ്ങൾ കടപുഴകി വീണു ഗതാഗതം മണിക്കൂറുകൾ തടസപ്പെടുന്നു. ശക്തമായ മഴയുണ്ടായാൽ റോഡിലൂടെ വെള്ളം ഒഴുകി എപ്പോൾ വേണമെങ്കിലും വശം ഇടിയാവുന്ന സ്ഥിതിയുമാണ്. നിലവിലുള്ള റോഡ് പൂർണമായും ഉപരിതലം പുതുക്കി ഗതാഗത യോഗ്യമാക്കിയാൽ ചെറിയ ആശ്വാസം ആകുമെന്ന് നെല്ലിയാമ്പതിയിലെ സഫാരി ജീപ്പുകാരും വിനോദസഞ്ചാരികളും പറയുന്നു.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.